ഹെൽത്തിയാണ്, ടേസ്റ്റിയുമാണ്; ബീറ്റ്റൂട്ട് ഹൽവ

മധുരപലഹാരങ്ങളോട് ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അതില്‍ ഹല്‍വ ഇഷ്ടമുള്ളവരും കുറവല്ല. പലതരത്തില്‍ ഹല്‍വ ഉണ്ടെങ്കിലും വീടുകളില്‍ എളുപ്പത്തിലുണ്ടാക്കുന്ന ക്യാരറ്റ് ഹല്‍വ പൊതുവേ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഇതുപോലെ ബീറ്റ്‌റൂട്ട് കൊണ്ടും ഹല്‍വയുണ്ടാക്കാമെന്ന് പലര്‍ക്കുമറിയില്ല. വര്‍ണാഭവും ആരോഗ്യപ്രദവുമാണ് ബീറ്റ്‌റൂട്ട് ഹല്‍വയെന്നതും എടുത്തുപറയേണ്ടതാണ്. കുട്ടികള്‍ക്കും ഇത് വളരെയിഷ്ടപ്പെടും.
ചേരുവകള്‍
ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത്- 2 കപ്പ്
പാല്‍ - ഒന്നര കപ്പ്
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
കശുവണ്ടി- 25 എണ്ണം
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
പാചകരീതി
ചുവടുഭാഗം കട്ടിയുള്ള പാനില്‍ നെയ്യൊഴിച്ച് കശുവണ്ടി വറുത്തുകോരി വെയ്ക്കുക. ശേഷം ഈ നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തുവെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ചേര്‍ത്ത് 8 മിനിറ്റ് ചെറിയ തീയില്‍ നന്നായിവഴറ്റുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് അടച്ചുവെച്ച നന്നായി വേവിക്കണം. ഇടയ്ക്ക് അടിയില്‍ പിടിയ്ക്കാതെ നന്നായി ഇളക്കി കൊടുക്കണം.പാല്‍ കുറുകി പാകമായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.
പഞ്ചസാര ചേര്‍ക്കുമ്പോള്‍ ഇതില്‍ വീണ്ടും ജലാംശം വരും. അതിനാല്‍ കുറച്ചു സമയം നന്നായി ഇളക്കി കൊടുക്കണം. കുറുകി പാകമായി വരുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും ചേര്‍ത്തുകൊടുക്കാം. ശേഷം രണ്ടു മിനിട്ടു കൂടി പാകം ചെയ്യണം.ചെറു ചൂടോടെയോ , ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചതിന് ശേഷമോ കഴിയ്ക്കാം. വേണമെങ്കില്‍ പിസ്ത ചേര്‍ത്ത് അലങ്കരിയ്ക്കാം.
Content Highlights: beetroot halwa recipe,halwa recipe,snacks,food