ഡെലിവറി ഏജന്റായി കമ്പനി മേധാവിയും ഭാര്യയും, അതിനൊരു കാരണവുമുണ്ട്; വൈറലായി വീഡിയോ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ സഹസ്ഥാപകനും സി.ഇ.ഒയുമാണ് ദീപിന്ദര്‍ ഗോയല്‍. അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സി.ഇ.ഒ കുപ്പായം തത്കാലത്തേക്ക് അഴിച്ചുവെച്ച് റോഡിലേക്കിറങ്ങിയതാണ് വീഡിയോയിലുള്ളത്. അതും ഫുഡ് ഡെലിവറി ഏജന്റായി. സൊമാറ്റോ യൂണിഫോമില്‍ ഭാര്യ ഗ്രെഷ്യ മുനോസിനേയും ഒപ്പം കൂട്ടി ഭക്ഷണവിതരണം നടത്തുന്ന ഗോയലിന്റെ ചിത്രങ്ങള്‍ വന്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
കമ്പനിയുടെ തലപ്പത്തുനിന്ന് ഡെലിവറി ഏജന്റിന്റെ കുപ്പായം എടുത്തണിഞ്ഞതിന് പിന്നില്‍ ഒരു കാരണമുണ്ട്. താഴേത്തട്ടിലുള്ള കമ്പനിയുടെ പ്രവര്‍ത്തനം ശരിയായി മനസിലാക്കാനാണ് ഒരു ദിവസത്തേക്ക് ബൈക്കുമായി റോഡിലിറങ്ങിയതെന്ന് ഗോയല്‍ പറയുന്നു. ഈ അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രെഷ്യയുമായി ഭക്ഷണം വിതരണം ചെയ്യാനായി പോയെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് ഗോയല്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു റീലും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഏറെ ഇഷ്ടപ്പെടുന്നു. യാത്രയും ആസ്വദിക്കുന്നു- അദ്ദേഹം കുറിച്ചു.
ഗോയലിന്റെ ഈ പോസ്റ്റുകള്‍ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ചിലര്‍ തീരുമാനത്തെ അഭിനന്ദിക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. ഇത് പി.ആര്‍ ആണെന്നും ഡെലിവറി ഏജന്റുമാരുടെ പ്രയാസങ്ങള്‍ മനസിലാക്കണമെങ്കില്‍ കുറഞ്ഞത് ഒരു മാസമെങ്കിലും ഈ ജോലി ചെയ്യണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlights: Zomato CEO Deepinder Goyal Wife Turn Delivery Agents For A Day