സ്വന്തമായൊരു പാർക്ക്, സ്വന്തമായൊരു ദിനം.. നിത്യേന കഴിക്കുന്ന ഉരുളക്കിഴങ്ങിനെ പുച്ഛിക്കാൻ വരട്ടെ

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഉരുളക്കിഴങ്ങ് മാത്രം കൃഷി ചെയ്യുന്ന 12000 ഹെക്ടർ വിസ്തീർണമുള്ള ഒരു പാര്‍ക്കുണ്ടെന്ന് അറിയാമോ?  പ്ലാസ്റ്റിക്കിന് ബദലായി പലയിടത്തും ഉരുളക്കിഴങ്ങ് സ്റ്റാര്‍ച്ച് ഉപയോഗിക്കുന്നുണ്ടെന്ന വിവരവും പലര്‍ക്കും പുതുതായിരിക്കും. എന്നാല്‍ അറിഞ്ഞോളു സ്വന്തമായി ഒരു ദിവസ്സംതന്നെയുണ്ട് ഉരുളക്കിഴങ്ങിന്.

2024-ലിലാണ് ഐക്യരാഷ്ട്രസഭ മെയ് 30 ലോക ഉരുളക്കിഴങ്ങ് ദിനമായി ആചരിക്കാനുള്ള തിരുമാനമെടുക്കുന്നത്. ആഗോളതലത്തില്‍ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഒരു ദിനംതന്നെ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. വരള്‍ച്ചയെയും തണുപ്പിനെയും ഒരുപോലെ പ്രതിരോധിക്കാനുള്ള ശേഷി ഉരുളക്കിഴങ്ങിനുണ്ടെന്നതാണ് ഇവയെ ജനപ്രിയമാക്കുന്നത്. 

ഉരുളക്കിഴങ്ങുമായി ബന്ധപ്പെട്ട് അറിയപ്പെടാത്ത ചില വസ്തുതകള്‍

  • ബഹിരാകാശത്ത് നാസ (NASA) ആദ്യമായി കൃഷി ചെയ്‌തെടുത്ത പച്ചക്കറി ഉരുളക്കിഴങ്ങാണ്. 1995-ലാണ് സംഭവം. ദീര്‍ഘകാലം ബഹിരാകാശത്ത് ചിലവഴിക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ടെക്‌നോളജി വികസിപ്പിച്ചത്. 
  • 4000-ലധികം ഉരുളക്കിഴങ്ങ് വെറൈറ്റികള്‍ ലോകവ്യാപകമായി നിലവിലുണ്ട്. പെറുവിലാണ് ഏറ്റവുമധികം ഉരുളക്കിഴങ്ങ് കൃഷിയുള്ളത്. ഇവിടെയാണ്  ഉരുളക്കിഴങ്ങിനായൊരു പാർക്ക് തന്നെയുള്ളത്.
  • ഉരുളക്കിഴങ്ങിന്റെ 79 ശതമാനവും വെള്ളമാണ്. 
  • ലോകത്തില്‍ ഏറ്റവുമധികം ഭാരമേറിയ ഉരുളക്കിഴങ്ങ് ന്യൂസീലാന്റിലെ ദമ്പതികള്‍ കൃഷിചെയ്ത 7.8 കിലോ (17 പൗണ്ട്‌സ്) തൂക്കമുള്ള ഉരുളക്കിഴങ്ങാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ ഇത് മറ്റൊരു പച്ചക്കറിയുടെ കിഴങ്ങാണെന്ന് തിരിച്ചറിഞ്ഞു. നിലവില്‍ ഏറ്റവുമധികം ഭാരമേറിയ ഉരുളക്കിഴങ്ങിനുള്ള ലോക റെക്കോര്‍ഡ് യു.കെ സ്വദേശി കൃഷി ചെയ്ത 4.98 കിലോ ഭാരമുള്ള ഉരുളക്കിഴങ്ങിനാണ്. 

ഉരുളക്കിഴങ്ങ് ദിനത്തിൽ കുട്ടികൾക്ക് സ്കൂളിലേക്ക് നൽകാനാകുന്ന ഒരു റെസിപ്പി

കുട്ടികള്‍ക്ക് ഒരേ പോലെയുള്ള ഭക്ഷണങ്ങള്‍ വേഗം മടുക്കുകയും കഴിക്കാന്‍ മടികാണിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് ഉച്ചയ്ക്ക് കൊടുക്കാന്‍ പറ്റിയൊരു വിഭവമാണ് പൊട്ടറ്റോ റൈസ് പുലാവ്. വളരെയെളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. 

ബസ്മതി അരി-  2 ഗ്ലാസ്സ്
ഉരുളക്കിളങ്ങ് - 3 വലുത്
സവാള-  1 വലുത്
പച്ചമുളക്-  3 എണ്ണം
കാരറ്റ്-  1 എണ്ണം
വെളുത്തുള്ളി-  3 അല്ലി
നെയ്യ് - 2-3 ടേബിള്‍ സ്പൂണ്‍
സണ്‍ ഫ്‌ളവര്‍ ഓയില്‍-  1 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്-  3 ടേബിള്‍ സ്പൂണ്‍
ഉപ്പ-് ആവശ്യത്തിന്
മല്ലിപ്പൊടി-  1 ടീ സ്പൂണ്‍
മുളകുപൊടി -1 ടീ സ്പൂണ്‍
ഗരംമസാല-  1 അര ടീസ്പൂണ്‍
കുരുമുളക് പൊടി-  1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി-  1/4 ടീ സ്പൂണ്‍
വിനാഗിരി-  1 ടീ സപൂണ്‍
ഏലയ്ക്ക- 2
കറുകപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ- 3
കറുവയില-2
നെയ്യ്-  1 ടേബിള്‍ സ്പൂണ്‍
ഉപ്പ്-  പാകത്തിന്

പാചകരീതി

നാല് ഗ്ലാസ് വെള്ളം ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്പൂ, കറുകയില എന്നിവയിട്ട് തിളപ്പിക്കുക. അതിലേയ്ക്ക് ഒരു സ്പൂണ്‍ നെയ്യും ചേര്‍ക്കണം. അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ബസ്മതി അരി ഇട്ട് 15 മിനിറ്റ് വേവിക്കണം. തീയണച്ച് വെള്ളം മാറ്റി ചോറ് തണുക്കാന്‍ മാറ്റി വെയ്ക്കണം.

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ്, ഒരു ടേബിള്‍ സ്പൂണ്‍ സണ്‍ ഫ്‌ളവര്‍ ഓയില്‍ എന്നിവ ഒഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയിട്ട് മൂപ്പിക്കണം. ശേഷം ഇതിലേയ്ക്ക് സവാള ചേര്‍ക്കാം.ഇത് വഴറ്റിയശേഷം ഇതിനൊപ്പം കാരറ്റ്, ഉരുളകിഴങ്ങ് എന്നിവ കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക.പച്ചമുളകും ചേര്‍ക്കുക. ശേഷം 2 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കണം.
ശേഷം  മഞ്ഞള്‍ പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കാം.

മല്ലിപ്പൊടിയുടെ പച്ചമണം മാറുമ്പോള്‍  മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയും ചേര്‍ക്കാം. ഒപ്പം കുരുമുളക് പൊടിയും ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചോറ് ഇട്ട് നല്ല പോലെ ഇളക്കിക്കൊടുക്കണം.ശേഷം അടച്ചുവെച്ച് വേവിക്കണം. വിനാഗിരിയും ഉപ്പും ചേര്‍ത്ത് പാകം നോക്കി തീയണയ്ക്കാം. ശേഷം മല്ലിയില വിതറി അലങ്കരിയ്ക്കാം.

Content Highlights: Discover surprising facts about potatoes on world potato day