ചെമ്മീനടങ്ങിയ ഭക്ഷണം കഴിച്ച് അലര്‍ജി, വിമാനം നിലത്തിറക്കി; സിങ്കപ്പൂർ എയര്‍ലൈന്‍സിനെതിരെ പരാതി

1. സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം 2. പ്രതീകാത്മകചിത്രം | File Photo - PTI, Mathrubhumi narchives
1. സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം 2. പ്രതീകാത്മകചിത്രം | File Photo - PTI, Mathrubhumi narchives

വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അലര്‍ജി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിങ്കപ്പൂർ എയര്‍ലൈന്‍സിനെതിരെ പരാതി നല്‍കി യാത്രക്കാരി. യാത്രാമധ്യേ കാബിന്‍ ക്രൂ അംഗം നല്‍കിയ ചെമ്മീന്‍ അടങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന്, ഡൊറീന്‍ ബെനറി എന്ന യാത്രക്കാരിക്കാണ് കടുത്ത അലര്‍ജി അനുഭവപ്പെട്ടത്. 

ന്യൂയോര്‍ക്കില്‍ ഡോക്ടറാണ് ഡൊറീന്‍. തനിക്ക് കഴിക്കാന്‍ പറ്റുന്ന ഭക്ഷണമല്ലെന്ന് അറിയിച്ചിട്ടും ജീവനക്കാരി ആ ഭക്ഷണംതന്നെ വിളമ്പിയെന്നാണ് യാത്രക്കാരിയുടെ ആരോപണം. ജര്‍മനിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറിയ ശേഷം, തനിക്ക് ഷെല്‍ഫിഷ് അലര്‍ജിയുണ്ടെന്ന് ഒന്നിലേറെ ക്രൂ അംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ബിസിനസ് ക്ലാസില്‍ യാത്രചെയ്തിരുന്ന തനിക്ക് ആ മത്സ്യമടങ്ങിയ ഭക്ഷണംതന്നെ അവര്‍ വിളമ്പി. 

ഭക്ഷണത്തിന്റെ ഒരു ഭാഗം കഴിച്ചപ്പോഴാണ് ചെമ്മീനടങ്ങിയ ഭക്ഷണമാണ് അതെന്ന് ഡൊറീന്‍ തിരിച്ചറിഞ്ഞത്. ഉടനെ അലര്‍ജിയുണ്ടായി. ഉടനെ ജീവനക്കാരെ അറിയിച്ചപ്പോള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. 

അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഫ്രാന്‍സില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യേണ്ടിവന്നു. അവിടെ വെച്ച് യുവതിയെ ആംബുലന്‍സില്‍ കൊണ്ടുപോയി വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. 

വിമാനജീവനക്കാരുടെ അശ്രദ്ധകൊണ്ട് അതികഠിനമായ വേദനയും മാനസികപ്രയാസവും തനിക്ക് അനുഭവിക്കേണ്ടി വന്നതായി സിങ്കപ്പൂർ എയര്‍ലൈന്‍സിനെതിരെ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു. തന്റെ യാത്രയ്ക്കും ആരോഗ്യത്തിനും പ്രശ്‌നങ്ങളുണ്ടായതിനാല്‍ ഇതിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. 

Content Highlights: Passenger Files Complaint Against Singapore Airlines for Allergy