മുറിച്ച അവോക്കാഡോ കറുത്തുപോകുന്നത് എന്തുകൊണ്ട്? ഫ്രഷായി വെക്കാൻ വഴിയുണ്ട്

അവോക്കാഡോ മുറിച്ചയുടനെ നിറം മാറി തവിട്ടുനിറമാകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പെട്ടെന്നുള്ള ഈ നിറം മാറ്റം അവോക്കാഡോ കേടായതിൻ്റെ സൂചനയല്ല. ഇത് എൻസൈമാറ്റിക് ബ്രൗണിങ് എന്നറിയപ്പെടുന്ന സ്വാഭാവികമായ ഒരു രാസപ്രവർത്തനമാണ്.
എന്തുകൊണ്ടാണ് അവോക്കാഡോ കറുക്കുന്നത്?
പഴത്തിൻ്റെ കാമ്പ് വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ അതിലുള്ള പോളിഫെനോൾ ഓക്സിഡേസ് എന്ന എൻസൈം ഫിനോളിക് സംയുക്തങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു. ഇതിൻ്റെ ഫലമായി മെലാനിൻ (തവിട്ടുനിറത്തിന് കാരണമായ പിഗ്മെൻ്റ്) ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് തവിട്ടുനിറമായി പഴത്തിൻ്റെ ഉൾഭാഗത്തെ മാറ്റുന്നു. ആപ്പിളിലും പഴത്തിലും സംഭവിക്കുന്നതിന് സമാനമായ ഒരു പ്രക്രിയയാണിത്. ഈ പ്രക്രിയ രൂപത്തെയും രുചിയെയും ബാധിക്കുമെങ്കിലും കേടായതിൻ്റെ സൂചനയല്ല.
തവിട്ടുനിറമായവ കഴിക്കാൻ സുരക്ഷിതമാണോ?
തവിട്ടുനിറത്തിലുള്ള പാടുകൾ സാധാരണയായി ദോഷകരമല്ല. നിറം മാറിയ ഭാഗം ചുരണ്ടി മാറ്റിയാൽ അതിനടിയിലുള്ള പച്ച കാമ്പ് കഴിക്കാൻ സുരക്ഷിതമാണ്. എന്നാൽ, അവോക്കാഡോക്ക് ദുർഗന്ധം ഉണ്ടെങ്കിലോ, പൂപ്പൽ ഉണ്ടെങ്കിലോ, കുഴഞ്ഞപരുവത്തിലാണെങ്കിലോ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് കേടായതിൻ്റെ ലക്ഷണമാകാം.
ഫ്രഷ്നസ് നിലനിർത്താനുള്ള വഴികൾ
അവോക്കാഡോയുടെ നിറം മാറ്റം തടയാനും ഫ്രഷ്നസ് നിലനിർത്താനും സഹായിക്കുന്ന ലളിതമായ വഴികാൾ ഇതാ:
- നാരങ്ങ പരീക്ഷിക്കാം: മുറിച്ച അവോക്കാഡോയിൽ നാരങ്ങ നീര് പുരട്ടുന്നത് തവിട്ടുനിറമാകുന്ന പ്രക്രിയ മന്തഗതിയിലാക്കും. സിട്രിക് ആസിഡ് പിഎച്ച് കുറയ്ക്കുകയും പോളിഫെനോൾ ഓക്സിഡേസിൻ്റെ പ്രവർത്തനം തടയുകയും അതുവഴി പ്രവർത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
- വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക: അവോക്കാഡോ വായു കടക്കാത്ത പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുന്നത് ഓക്സിജൻ സമ്പർക്കം കുറയ്ക്കുന്നു. എൻസൈമാറ്റിക് ബ്രൗണിങ് കുറയ്ക്കുന്നതിന് ഇത് അത്യാവശ്യമാണ്.
- കുരു കളയാതിരിക്കാം: ഉപയോഗിക്കാത്ത പകുതിയിൽ കുരു കളയാതിരിക്കുന്നത് തവിട്ടുനിറമാകുന്നത് കുറയ്ക്കാൻ സഹായിക്കും.
- പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് മൂടാം: പ്ലാസ്റ്റിക് റാപ്പിൽ പൊതിയുന്നത് വായു സഞ്ചാരം ഇല്ലാതാക്കുന്നു, ഇത് ഓക്സിജൻ എക്സ്പോഷർ കുറയ്ക്കുകയും ബ്രൗണിംഗ് പ്രക്രിയ മന്ദഗതിയിലാക്കുകയും ചെയ്യും.
- ഉള്ളിയോടൊപ്പം സൂക്ഷിക്കുക: അവോക്കാഡോ വെച്ച പാത്രത്തിൽ ഒരു കഷ്ണം റെഡ് ഒനിയൻ (ചുവന്ന ഉള്ളി) ചേർക്കുന്നത് ബ്രൗണിങ് തടയാൻ സഹായിക്കും. ഉള്ളി പുറത്തുവിടുന്ന സൾഫർ സംയുക്തങ്ങൾ പഴത്തിലെ ആൻ്റിഓക്സിഡൻ്റുകളായി പ്രവർത്തിച്ച് എൻസൈമാറ്റിക് പ്രതിപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു.
Content Highlights: Discover why avocados turn brown and learn effective, simple methods to prevent it.