94-ാം വയസ്സിലും കഴിക്കുന്നത് ആറ് വയസ്സുകാരനെപ്പോലെ- ശതകോടീശ്വരൻ വാറൻ ബഫറ്റിന്റെ 'ഡയറ്റ്'

വാറൻ ബഫറ്റ്| ഫോട്ടോ: gettyimages
വാറൻ ബഫറ്റ്| ഫോട്ടോ: gettyimages

ലോകത്തെ കോടീശ്വരന്മാരില്‍ അഞ്ചാം സ്ഥാനത്തുള്ള വാറന്‍ ബഫറ്റ് അറുപതാണ്ടിനുശേഷം നിക്ഷേപ സ്ഥാപനമായ ബേര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ സിഇഓ സ്ഥാനത്തു നിന്ന് പടിയിറങ്ങുകയാണെന്ന റിപ്പോര്‍ട്ട് സാമ്പത്തിക ലോകം ഏറ്റെടുത്തുകഴിഞ്ഞു.  ഓഹരി നിക്ഷേപങ്ങളിലൂടെ സമ്പത്ത് വാരിക്കൂട്ടിയ വാറന്‍ ബഫറ്റിന്റെ മൊത്തം ആസ്തി 16,900 കോടി ഡോളറാണ്. മികച്ച  ഓഹരികള്‍ നോക്കി നിക്ഷേപിച്ച് കോടികള്‍ സ്വന്തമാക്കിയ ഈ 94 കാരന്റെ ഭക്ഷണ ശീലവും പ്രശസ്തമാണ്. ആറു വയസ്സുകാരനെപ്പോലെയാണ് താന്‍ ഭക്ഷണം കഴിക്കാറുള്ളതെന്നാണ് ബഫറ്റ് ഫോര്‍ച്ച്യൂനിന് 2015-ല്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തനിക്ക് വേണ്ടതെല്ലാം 94 വര്‍ഷവും താന്‍ കഴിച്ചിട്ടുണ്ടെന്നും ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അടുത്തിടെ ഒരു ചടങ്ങില്‍ ബഫറ്റ് പറഞ്ഞിട്ടുണ്ട്. ചാര്‍ലിയും താനും ഒരു തരത്തിലുള്ള വ്യായാമവും കാര്യമായി ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബേര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ വൈസ് ചെയര്‍മാനാണ് ചാര്‍ലി മങ്കർ. വാറന്‍ ബഫറ്റും ചാർലിയും തമ്മിലുള്ള സൗഹൃദം ആറ് പതിറ്റാണ്ട് പഴക്കമുള്ളതാണ്.

ദിവസ്സവും 2700 കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ കാല്‍ഭാഗവും താന്‍ കഴിക്കുന്ന കോളയായിരിക്കുമെന്നും ബഫറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. 

വാറന്‍ ബഫറ്റിൻ്റെ ഭക്ഷണ രീതി യൗവ്വനകാലത്തുള്ളവര്‍ക്ക് ഒരു മോശം മാതൃകയാണ്. എങ്കിലും അദ്ദേഹം പിന്തുടരുന്ന ഡയറ്റ് അദ്ദേഹത്തിൻ്റെ ശരീരത്തിന് വര്‍ക്കാകാറുണ്ടെന്ന് 2017-ൽ ഒരു റെഡിറ്റ് കമന്റില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞിട്ടുണ്ട്. സോസേജ് പാറ്റി, മുട്ട, ചീസ്, ബേക്കണ്‍ എന്നിവയിലേതെങ്കിലുമൊന്ന് കഴിക്കാനായി എന്നും രാവിലെ മക്‌ഡൊണാള്‍ഡ്‌സിൽ പോകാറുണ്ടെന്നും ബഫറ്റ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം ബഫറ്റിന്റെ അനാരോ​ഗ്യകരമായ ഭക്ഷണശീലത്തെ വിമർശിക്കുന്നവരും നിരവധിയാണ്.

Content Highlights: what barren buffen eats in in 90's