ഇരട്ടസഹോദരങ്ങളെ പോലെ ജീവിച്ചിരുന്നവർ, സഹോദരിയുടെ ഓർമയ്ക്കായാണ് റസ്റ്ററൻ്റ് തുടങ്ങിയത്- ഷെഫ് ഖന്ന

ഷെഫ് വികാസ് ഖന്ന സഹോദരി രാധിക ഖന്നയോടൊപ്പം| ഫോട്ടോ: Instagram/ @vikaskhannagroup
ഷെഫ് വികാസ് ഖന്ന സഹോദരി രാധിക ഖന്നയോടൊപ്പം| ഫോട്ടോ: Instagram/ @vikaskhannagroup

ന്ത്യയിലെ സമ്പന്നനായ സെലിബ്രിറ്റി ഷെഫുമാരിൽ ആദ്യ പത്തിലാണ് ഷെഫ് വികാസ് ഖന്നയുടെ സ്ഥാനം. പാചക രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ഷെഫ് വികാസ് ഖന്ന തന്റെ പ്രിയപ്പെട്ട സഹോദരിയുടെ വേര്‍പാടിനെ സ്മരിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇരട്ടസഹോദരങ്ങളെ പോലെ ജീവിച്ചിരുന്ന ഇരുവര്‍ക്കുമിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ലൂപസ് രോഗം ഒടുവില്‍ സഹോദരിയുടെ ജീവന്‍ എടുത്തതിനേക്കുറിച്ചാണ് പോസ്റ്റില്‍ പങ്കുവെച്ചത്.

രോഗ പ്രതിരോധ സംവിധാനത്തിന് തകരാര്‍ സംഭവിക്കുന്നതിലൂടെ പല അവയങ്ങളും തകരാറിലാകുന്ന അവസ്ഥയായിരുന്നു സഹോദരി രാധിക ഖന്നയെ ബാധിച്ചിരുന്നത്. രോഗവുമായി മല്ലിട്ടിരുന്ന സഹോദരിക്ക് ചികിത്സ തേടിയപ്പോൾ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തന്നേയും സഹോദരിയേയും വേദനിപ്പിച്ചുവെന്നും ഷെഫ് ഖന്ന പറയുന്നുണ്ട്. 2022-ലാണ് രാധിക ഖന്ന മരണത്തിന് കീഴടങ്ങിയത്. 

അവയവങ്ങള്‍ തകരാറിലായ സഹോദരിക്ക് വൃക്ക ദാനം ചെയ്യാന്‍ താന്‍ തയ്യാറായി. സന്നദ്ധത അറിയിച്ചപ്പോൾ തന്റെ ജീവിതം നഷ്ടമാകുന്നതിന് കാരണമായേക്കാമെന്നും പകരം  സഹോദരി  മോര്‍ഫിന്‍(വേദനസംഹാരി) കഴിക്കുന്നതാണ് നല്ലതെന്നുമാണ് കൊളംബിയയിലെ ഡോക്ടര്‍ പറഞ്ഞത്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ശക്തമായ വൃക്തിത്വമുള്ള അവള്‍ ആ സംഭാഷണത്തിന് ശേഷം തകര്‍ന്നു പോയി.അന്നു മുതല്‍ ആ വേദനയും പേറിയാണ് താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. 

ഷെഫ് ഖന്നയുടെ പേരുകേട്ട റസ്റ്ററന്റാണ് ന്യൂയോര്‍ക്കിലെ ബംഗ്ലാവ്. തന്റെ സഹോദരിയുടെ വേർപാടുണ്ടാക്കിയ ദുഃഖം മറികടക്കാനാണ് 'ബംഗ്ലാവ്' പോലൊരു റസ്റ്ററൻ്റ് നിർമിച്ചതെന്ന് ഷെഫ് പറയുന്നു. 

2024-ല്‍ മിഷേലിന്‍ ബിബ് ഗോര്‍മാന്‍ഡ് അവാര്‍ഡ് നേടിയ 'ബംഗ്ലാവ്' ഒമ്പത് മാസത്തിനുള്ളില്‍തന്നെ ന്യൂയോര്‍ക്കിലെ ഫൈന്‍ ഡൈനിംഗ് രംഗത്ത് ഇടംനേടി. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖര്‍ ഇവിടെ അതിഥികളായെത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഇന്ത്യന്‍ പാചകകലയെ ഉയര്‍ത്തിക്കാട്ടുന്നതിന് വികാസ് ഖന്നയ്ക്ക് 2025-ല്‍ ഹാര്‍വാര്‍ഡ് സൗത്ത് ഏഷ്യന്‍ അസോസിയേഷന്റെ 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ലഭിച്ചിരുന്നു. 

Content Highlights: Celebritychef Vikas Khanna shares his grief over his sister`s loss and the story of bunglow