വിവാഹാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മധുരവിതരണവും ക്ഷേത്രങ്ങളിൽ അന്നദാനവും നടത്തും- ‘വിരോഷ്’

ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഫെബ്രുവരി 26-നാണ് ഇരുവരുടെയും 'വിരോഷ്' എന്നുപേരിട്ട വിവാഹം നടന്നത്. വിവാഹാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മധുരം വിതരണം ചെയ്യാനും ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനും തീരുമാനിച്ചിരിക്കുകയാണ് താരങ്ങൾ.
ഇതിന്റെ ഭാഗമായി മാർച്ച് ഒന്നിന്, ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മധുരം വിതരണം ചെയ്യാൻ ട്രക്കുകൾ പുറപ്പെടുമെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ഇരുവരും അറിയിച്ചു.
'ഈ രാജ്യത്തെ മനോഹരമായ ജനങ്ങൾക്ക്. നിങ്ങൾ എപ്പോഴും ഞങ്ങളുടെ യാത്രയുടെയും ഞങ്ങളുടെ സ്‌നേഹത്തിന്റെയും ഭാഗമായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങളുടെ വിവാഹം ആഘോഷിക്കാൻ സാധിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷം നൽകും. ഇന്ത്യ എങ്ങനെയാണ് എല്ലാം ആഘോഷിക്കാറുള്ളത്? മിഠായികളും ഭക്ഷണവും കൊണ്ടാണ് ആഘോഷിക്കാറുള്ളത്. ഈ നിമിഷം നിങ്ങളുമായി പങ്കുവെക്കാൻ മാർച്ച് ഒന്നിന് സ്‌നേഹവും മധുരവും നിറഞ്ഞ ട്രക്കുകൾ രാജ്യത്തുടനീളം ഞങ്ങൾ അയയ്ക്കുന്നു. കൂടാതെ രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങളിൽ അന്നദാനം നടത്തും. നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങൾ തേടുന്നു', രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മധുരം വിതരണംചെയ്യുന്ന സംസ്ഥാനങ്ങളിലെ നഗരങ്ങളുടെയും അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളുടെയും പട്ടികയും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം മധുരവുമായി പ്രത്യേക ട്രക്കുകൾ എത്തും. കൂടാതെ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ആസ്സാം, ഉത്തർപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ 16 പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനവും നടത്തും.
— Vijay Deverakonda (@TheDeverakonda) February 28, 2026
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഉദയ്പൂരിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയതോതിൽ വൈറലായിരുന്നു.
Content Highlights: Actors Vijay Deverakonda & Rashmika Mandanna celebrated their wedding., Announced nationwide sweet distribution via trucks on March 1st.