ചിക്കനുമല്ല ബീഫുമല്ല; ഇറച്ചിയുടെ അതേ രുചിയും രൂപവുമുള്ള വെജിറ്റേറിയന്‍ ഇറച്ചി

വെജിറ്റേറിയന്‍ ഇറച്ചിയോ? കേള്‍ക്കുമ്പോള്‍ അല്പം ആശ്ചര്യം തോന്നുമെങ്കിലും ഇറച്ചിയുടെ രുചിയും അതേ രൂപവുമുള്ള വെജിറ്റേറിയന്‍ ഇറച്ചി ഇപ്പോള്‍ കേരളത്തില്‍ മാര്‍ക്കറ്റില്‍ വിപണനത്തിനെത്തിയിരിക്കുകയാണ്. സസ്യങ്ങളിലെ പ്രോട്ടീനില്‍ നിന്ന് തയ്യാറാക്കിയതാണ് ഇത്. ചിക്കനോ മറ്റ് നോണ്‍വെജ് വിഭവങ്ങള്‍ കഴിക്കുമ്പോഴുണ്ടാകുന്ന അതേ രുചി ലഭിക്കുമ്പോള്‍ ഇതില്‍ കൊളസ്ട്രോളും ട്രാന്‍സ് ഫാറ്റുമില്ലായെന്നതാണ് ഇറച്ചിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതേ സമയം പ്രോട്ടീനും നാരുകളും ഏറെയുള്ളതിനാല്‍ ഇത് ദഹനത്തിനും സഹായകമാകും. കേന്ദ്ര - സംസ്ഥാന സര്‍ക്കരുകളുടെ സഹായത്തോടെയാണ് കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഗ്രീനോവേറ്റീവ് ഫുഡ്സ് എന്ന പുതിയ സ്റ്റാര്‍ട്ട് അപ്പ് സംരഭത്തിന് തുടക്കം കുറിച്ചത്.ബീഫ് കറിയോ ചിക്കന്‍ കറിയോ ഉണ്ടാക്കുന്ന രീതിയിലുള്ള മസാലക്കൂട്ടുകള്‍ ചേര്‍ത്ത് അതേ സ്വാദോടുകൂടി തയാറാക്കാം.
വെജ് മീറ്റ് എന്ന പേരിന് പിന്നില്‍
സ്ഥായിയായിട്ടുള്ളതും പ്രകൃതി സൗഹൃദവുമാണെന്ന സന്ദേശം കൊടുക്കുന്നതിന് വേണ്ടിയാണ് വെജ്മീറ്റ് എന്ന പേര് കൊടുത്തത്. ഗ്രീന്‍പീസ് സോയ ഗോതമ്പ് പോലുള്ള പ്രോട്ടീനുള്ള പല തരം ധാന്യങ്ങളില്‍ നിന്ന് അതിന്റെ പ്രോട്ടീന്‍ ശേഖരിച്ചാണ് വെജ്മീറ്റ് തയാറാക്കിയിരിക്കുന്നത്. ചൂടാക്കാനും തണുപ്പിക്കാനും കഷ്ണങ്ങളാക്കാനും യന്ത്രസംവിധാനമുണ്ട്. പ്രിസര്‍വ്വേറ്റീവിസ് ചേര്‍ത്തല തയാറാക്കുന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണയായി സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ പ്രെഡക്ടുകള്‍ പേസ്റ്റ് രൂപത്തിലായിരിക്കും കാണുന്നത്. എന്നാല്‍ ഇതിന് അതില്‍ നിന്നൊരുമാറ്റായി ഒരു ഘടന കൊണ്ടുവരാനായി ശ്രമിച്ചു. അതിനായുള്ള പ്രോസസും ടെക്‌നോളജിയും ഫോര്‍മുലേഷനുമാണ് ഇരുവരും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
ഇറച്ചിക്ക് ബദല്‍, ഭക്ഷണം ഇരുവരുടേയും കോമണ്‍ ഇന്‍ട്രസ്റ്റ്
ഉദ്യോഗമണ്ഡല്‍ ഫാക്ടില്‍ സീനിയര്‍ മാനേജര്‍ ജോലി രാജിവെച്ച് ധീരജും ബംഗ്ലൂരുവിലെ സീമെന്‍സ് ചീഫ്മാനേജര്‍ സ്ഥാനം രാജിവെച്ച, സുഹൃത്തായ പി ജി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് ഐഐഎം വിദ്യാര്‍ത്ഥികളായിരിക്കെ ഇരുവരും ചെയ്ത ബിസിനസ് പ്ലാനാണ് ഗ്രീന്‍ മീറ്റിലെത്തിയത്. ഭക്ഷണമായിരുന്നു ഇരുവരുടേയും പൊതുവായി താത്പര്യമുള്ള വിഷയം. ഭക്ഷണത്തെക്കുറിച്ചായിരുന്നു ഇരുവരും ഒരുപാട് സംസാരിച്ചതും. അതോടൊപ്പം പ്രകൃതി സംരക്ഷണവും സുസ്ഥിര വികസനവും ചര്‍ച്ചയായതോടെയാണ് ഇത്തരമൊരു ആശയത്തിന് തുടക്കമായതെന്നാണ് ഇരുവരും പറയുന്നത്. ആഗോളതലത്തില്‍ ഇന്ന് വിപണിയില്‍ ഇറച്ചിക്ക് ബദലായി പല ഉല്‍പ്പന്നങ്ങളുണ്ട് . ഇറച്ചിക്കറിയ്ക്ക് ബദലായി ഒരു ഉത്പന്നം മാര്‍ക്കറ്റിലെത്തുമ്പോള്‍ പോഷകഗുണത്തോടൊപ്പം തന്നെ രുചിയും മണവും അവശ്യഘടമാണെന്നിരിക്കെയാണ് വെജ് ഇറച്ചി പരീക്ഷണങ്ങളിലേക്ക് ഇരുവരും ചുവടുവെച്ചത്.
വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്തവരായതുകൊണ്ട് തന്നെ ഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. കോവിഡ് കാലത്തായിരുന്നു പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനാല്‍ തന്നെ പല പ്രയാസങ്ങളും ആ ഘട്ടത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
75 ലക്ഷം രൂപയായിരുന്നു വെജ് ഇറച്ചി തയാറാക്കുമ്പോള്‍ ഇരുവരുടേയും മൂലധനം. സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ടായി കെ.എസ്.ഐ.ഡി.സിയില്‍ നിന്ന് 25 ലക്ഷം രൂപയും കേരള സ്റ്റാര്‍ട്ട്പ്പ് മിഷനില്‍ നിന്ന് ഫണ്ടും ഗ്രാന്‍ഡുമായി 22 ലക്ഷം രൂപ കിട്ടി. കേന്ദ്രസര്‍ക്കാരിന്റെ റഫ്താര്‍ ഫണ്ടായി അഞ്ചു ലക്ഷം രൂപ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കിട്ടിയിരുന്നു.
പ്രാധാന്യം നല്‍കിയത് സ്ട്രക്ചറിന്
വിചാരിച്ചത് പോലെ അത്ര എളുപ്പമായിരുന്നില്ല ഇരുവര്‍ക്കും വെജ്മീറ്റിന്റെ നിര്‍മാണം. സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ പ്രെഡക്ടുകള്‍ പേസ്റ്റ് രൂപത്തിലായിരിക്കും കാണുന്നത്. എന്നാല്‍ ഇതിന് അതില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കണം വെജ് മീറ്റ് തയാറാക്കേണ്ടത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി പല വിധത്തിലുള്ള ആള്‍ട്രേഷനും ചെയ്യേണ്ടി വന്നിരുന്നു. ആദ്യം വിചാരിച്ച ഘടന കിട്ടിയിരുന്നില്ല. അതിനായി കുറേ പരിശ്രമിക്കേണ്ടി വന്നു. പിന്നീട് പരീക്ഷണ പരാജയങ്ങള്‍ക്കൊടുവിലാണ് വിചാരിച്ച ടെക്‌സ്ചര്‍ കിട്ടിയത്.
ഷവര്‍മയും ബര്‍ഗറും സോസേജുമൊക്കെ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് വലിയ കഷ്ണങ്ങളോടാണ് താത്പര്യം. ഇവിടെ കറിവെച്ചും ഫ്രൈ ചെയ്തും ഗ്രില്‍ ചെയ്തുമൊക്കെയാണ് ഇറച്ചി നമ്മള്‍ കഴിക്കുന്നത്. ഇത് ആള്‍ക്കാരിലേക്ക് കൂടുതല്‍ എത്തിക്കാനായി റെഡി ടു ഈറ്റ് വിഭവങ്ങള്‍ കൂടി തയാറാക്കിയിട്ടുണ്ട്.
ചെറുക്കാം കാലാവസ്ഥാ വ്യതിയാനത്തെ
ലോകത്ത് പുറന്തള്ളുന്ന കാര്‍ബണില്‍ 14 മുതല്‍ 18 ശതമാനം വരെ മാംസത്തിനായി വളര്‍ത്തുന്ന മൃഗങ്ങളുടെ വലിയ വലിയ ഫാമുകളില്‍ നിന്നാണ് എന്നാണ് ഐക്യ രാഷ്ട്രസഭയുടെ പഠനത്തില്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഉത്പന്നം മാര്‍ക്കറ്റിലെത്തുന്നതോടു കൂടി കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധിവരെ ചെറുക്കാനാകുമെന്നാണ് ഇവരുടെ വാദം.
വിപണനം ഇപ്പോള്‍ ഓണ്‍ലൈനില്‍ മാത്രം
വെജ്മീറ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ മാത്രമാണ് വിപണനം നടത്തുന്നത്. ഇനി കൂടുതല്‍ നിര്‍മാണവും വിപണനവും നടത്താനുള്ള ശ്രമത്തിലാണ്.
Content Highlights: vegetarian meat kerala startup