ഒന്നാമൻ ഷവർമ തന്നെ; ലോകത്തെ 50 ബെസ്റ്റ് സാന്‍ഡ്‌വിച്ചുകളുടെ പട്ടികയില്‍ ഇടംപിടിച്ച് വടാപാവും

Photo: Canva
Photo: Canva

കയ്യില്‍ 12 രൂപയുണ്ടെങ്കില്‍ പട്ടിണികൂടാതെ മുംബൈയില്‍ കഴിയാമെന്ന് പറയാറുണ്ട്. ഇത് വടാപാവിനെ കുറിച്ച് പറയുന്ന വാക്കുകളാണ്. കാരണം അത്ര ഫെയ്മസാണ് സാധാരക്കാര്‍ക്കിടയില്‍ വടാപാവ്. രുചിയിലും വിശപ്പ് മാറ്റുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിഭവം ഇന്ത്യക്കാരുടെ തട്ടുകട ഭക്ഷണത്തിലെ പ്രമുഖ ഇനമാണ്. ഇപ്പോഴിതാ ലോകത്തെ അമ്പത് പ്രധാനപ്പെട്ട സാന്‍ഡ് വിച്ചുകളുടെ പട്ടികയില്‍ 39-ാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുകയാണ് വടാപാവ്. 

മഹാരാഷ്ട്രയിലാണ് വടാപാവിന്റെ ജനനമെന്നാണ് പറയപ്പെടുന്നതെങ്കിലും ഇന്ന് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ പല വിലയിലും പല രുചിയിലും ലഭ്യമാവുന്ന വടാപാവിന് ലോകം നല്‍കുന്ന ആദരം കൂടിയാവുന്നു ഈ ബെസ്റ്റ് സാന്‍ഡ്‌വിച്ച് പട്ടികയിലെ ഇടം. പ്രമുഖ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലിസ്റ്റ് പുറത്തുവിട്ടത്.

ആദ്യമായല്ല വടാപാവ് ലോകത്തിന്റെ രുചിപ്പട്ടികയില്‍ ഇടംപിടിക്കുന്നതെന്നത്. കഴിഞ്ഞവര്‍ഷം ആദ്യ 19-ല്‍ ആയിരുന്നു വടാപാവിന്റെ സ്ഥാനമെങ്കിലും ഇത്തവണ 39 ലേക്കെത്തുകയായിരുന്നു. വടാപാവ് മാത്രമാണ് ഇന്ത്യയില്‍ നിന്ന് ആദ്യ അമ്പതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 1960-ല്‍ മുംബൈയില്‍ ദാദാര്‍ സ്‌റ്റേഷനിലെ തെരുവുകച്ചവടക്കാരന്‍ അശോക് വൈദ്യയാണ് വടാപാവ് ആദ്യമായി തയ്യാറാക്കിയതെന്നാണ് കണക്കാക്കുന്നത്. സാധാരണ തൊഴിലാളികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് വിശപ്പടക്കാനാവുന്ന ഭക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയ വടപാവിനെ പിന്നീട് രാജ്യം ഏറ്റെടുക്കുകയായിരുന്നു. 

അറബ് രാജ്യത്തുനിന്ന് വന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫെയ്മസ് ആയ ഷവര്‍മയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വിയറ്റ്‌നാം സ്‌നാക്‌സ് ബാന്‍ മി രണ്ടാം സ്ഥാനത്തും ടര്‍ക്കിഷ് സാന്‍ഡ് വിച്ച് ടോംബിക് ഡോണര്‍ മൂന്നാം സ്ഥാനത്തുമാണ്.

Content Highlights: vada-pav-world-top-50-sandwiches