തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പില്ലെന്ന് സി.ബി.ഐ., ഉപയോഗിച്ചത് കൃത്രിമ നെയ്യ്

#Lifestyle desk

അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കടേശ്വരക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സി.ബി.ഐ.

ലഡു നിർമിച്ചത് കൃത്രിമനെയ്യ് ഉപയോഗിച്ചാണെന്ന് നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി.ബി.ഐ. പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 36 ആളുകളുടെ പേരിൽ കുറ്റം ചുമത്തിയിട്ടുമുണ്ട്.

ലഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് തനത് രീതിയിൽ ഉത്പാദിപ്പിക്കപ്പെട്ടതല്ലെന്നാണ് സിബിഐ കണ്ടെത്തൽ. പാം ഓയിൽ, മറ്റ് വെജിറ്റബിൾ എണ്ണകൾ എന്നിവയ്ക്കൊപ്പം ചില രാസപദാർഥങ്ങൾ ചേർത്ത് ഉണ്ടാക്കിയ കൃത്രിമ നെയ്യാണ് ഉപയോഗിച്ചത്. പശു നെയ്യിന് സമാനമായ നിറവും മണവും ലഭിക്കാൻ കൃത്രിമച്ചേരുവകൾ ഉപയോഗിച്ചെന്നും പറയുന്നു. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് െഡയറി കമ്പനിയാണ് കൃത്രിമനെയ്യ് വിതരണം ചെയ്തത്.

രാഷ്ട്രീയവിവാദമായ ലഡു

തിരുപ്പതി ലഡു വിവാദം രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2024-ൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണുമാണ് ലഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്

റിപ്പോർട്ട് പുറത്തുവന്നതോടെ തെറ്റായ പ്രചാരണം നടത്തിയതിന് ചന്ദ്രബാബു നായിഡു മാപ്പുപറയണമെന്ന് വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു

Content Highlights: CBI report confirms Tirupati`s famous Laddu is made with artificial ghee, not animal fat.