ഒരു പറാത്തയ്ക്ക് ഇപ്പോഴും ഒരു രൂപ!; ഈ കട അൽപം വ്യത്യസ്തമാണ്

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ storiesbyaradhana
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ storiesbyaradhana

ഭക്ഷണവുമായി ബന്ധപ്പെട്ട ഒട്ടേറെ വ്‌ളോഗുകളും റീലുകളും നമ്മൾ കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഇത്തരം വീഡിയോകൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്യും. അത്തരത്തിൽ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ ഒരു ചെറിയ ഹോട്ടലിൽനിന്ന് ഒരു ഫുഡ് വ്‌ളോഗർ പകർത്തിയ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആ ഹോട്ടലിന് ഒരു പ്രത്യേകതയുണ്ട്, അവിടെ ഇപ്പോഴും പല സാധനങ്ങളും വിൽക്കുന്നത് ഒരു രൂപയ്ക്കാണ്!.

30 വർഷമായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണ് ഇതെന്നും തന്റെ അച്ഛൻ തുടങ്ങിവെച്ച ശീലമാണ് ഇതെന്നും ഹോട്ടലിന്റെ ഉടമ മാണിക് സർക്കാർ പറയുന്നു. ഇവിടെ ഏറ്റവും കൂടുതൽ വിൽക്കുന്നത് പറാത്തയാണ്. അതും ഒരു രൂപയ്ക്ക് തന്നെയാണ് നൽകുന്നത്. ദിവസവും രാവിലെ അഞ്ച് മണിക്ക് കട തുറയ്ക്കുമെന്നും അന്നത്തെ വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങുമെന്നും മാണിക് സർക്കാർ പറയുന്നു. ചിലർ പറാത്ത വീട്ടിലേക്ക് കൊണ്ടുപോകാൻ ടിഫിൻ ബോക്‌സുമായിട്ടാണ് വരിക. കുറച്ച് മണിക്കൂറിനുള്ളിൽതന്നെ 2000-ത്തോളം പറാത്തകൾ വിറ്റുപോകുമെന്നും ഇതിനൊപ്പം ചായയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

'ഹൂഗ്ലിയിലെ ഈ ചെറിയ കടയിൽ ഒരു പറാത്തയ്ക്ക് ഇപ്പോഴും ഒരു രൂപയാണ് വില. പതിറ്റാണ്ടുകൾക്ക് മുൻപ് അദ്ദേഹത്തിന്റെ പിതാവ് തുടങ്ങിയ അതേ രീതിയിൽ തന്നെ ഇപ്പോഴും തുടരുന്നു. ചിലപ്പോൾ ഓർമകൾ പണത്തേക്കാൾ വിലപ്പെട്ടതാണ്.'എന്നാണ് ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കടയുടമയെ അഭിനനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ലാഭമല്ല അദ്ദേഹം കാണുന്നതെന്നും മനുഷ്യത്വമാണ് വലുതെന്നുമാണ് ഒരാൾ കുറിച്ചത്. അദ്ദേഹത്തിന്റെ കച്ചവടം ഇനിയും അഭിവൃദ്ധിപ്പെടട്ടെ എന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: this hotel in west bengal still sells parathas for one rupee