പരിപ്പ്കറി വെള്ളംപോലെ, ഉറച്ച റൊട്ടി; തേജസ് എക്‌സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ചും പരാതി

അനിതാ സിങ് എക്‌സില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത ചിത്രം, തേജസ് എക്‌സ്പ്രസ് | Photo: PTI
അനിതാ സിങ് എക്‌സില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത ചിത്രം, തേജസ് എക്‌സ്പ്രസ് | Photo: PTI

ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിനായ തേജസ് എക്‌സ്പ്രസിലെ ഭക്ഷണത്തെ കുറിച്ചും ആരോപണങ്ങളുയരുന്നു. ട്രെയിനില്‍ നിന്നും വാങ്ങുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെച്ചൊല്ലിയാണ് പുതിയ പരാതി. 

ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ ഭാര്യയായ അനിതാ സിങ് ആണ് ഇതേച്ചൊല്ലി എക്‌സില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ട്രെയിനില്‍ നിന്ന് ലഭിച്ച ഭക്ഷണത്തിലെ പരിപ്പ് വെള്ളംപോലുള്ളതാണെന്നും റൊട്ടി പപ്പടംപോലെ ഉറച്ചതാണെന്നും പനീര്‍ പഴകിയിരുന്നുവെന്നും വിവരിക്കുന്ന കുറിപ്പും ഭക്ഷണത്തിന്റെ ചിത്രവും ചേര്‍ത്താണ് അനിതാ സിങ് പോസ്റ്റ് പങ്കുവെച്ചത്. 

തേജസ് എക്‌സ്പ്രസില്‍ നല്‍കുന്ന ഭക്ഷണം തീര്‍ത്തും പരിതാപകരമാണ്. റൊട്ടി പപ്പടംപോലെ ഉറപ്പായിരുന്നു. പനീര്‍ പഴകിയതായിരുന്നു മാത്രമല്ല പരിപ്പിന് പകരം വെറും വെള്ളമാണ് തന്നത്. ഇതാണോ റെയില്‍വേയുടെ വേള്‍ഡ് ക്ലാസ് സെര്‍വിങ്? യാത്രക്കാരുടെ ആരോഗ്യംവെച്ചുള്ള കളി നിര്‍ത്തൂ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് അനിത എക്‌സില്‍ കുറിച്ചു. 

ഭക്ഷണം നല്‍കുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നുവെന്നും യാത്രക്കാര്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നുമാണ് ഐആര്‍സിടിസി സംഭവത്തോട് പ്രതികരിച്ചത്. എന്നിരുന്നാലും തങ്ങള്‍ക്ക് ലഭിച്ച പ്രതികരണം അംഗീകരിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഐആര്‍സിടിസി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. 

സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് പ്രീമിയം ട്രെയിനിലെ ഗുണമേന്മ ഇല്ലാത്ത ഭക്ഷണത്തിനെതിരെ രംഗത്തുവന്നത്. ഇതിനു സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പലരും പ്രതികരിച്ചത്. 

Content Highlights: Tejas Express Food Quality Complaints