2124 രൂപയുടെ ചായ, റേറ്റിങ് 5/10, വൈറലായി സാധരണക്കാരൻ്റെ വീഡിയോ

വര്‍ഷങ്ങളായി പത്ത് രൂപയ്ക്ക് ലഭ്യമായിരുന്ന ചായ രണ്ടു രൂപ കൂട്ടി പന്ത്രണ്ട് രൂപയായി ഉയര്‍ത്തിയപ്പോള്‍ കേരളത്തിലെ ചായ ഫാന്‍സ് അസോസിയേഷന്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ചായ കുടിക്കാനായി മുംബൈയിലെ ഒരു സാധാരണക്കാരന്‍ ചെലവിടാന്‍ തയ്യാറായത് ഒന്നും രണ്ടു രൂപയല്ല, 2124 രൂപയാണ്.
എന്നാല്‍ ചായയോടുള്ള പ്രിയം മാത്രമല്ല ഇതിനുപിന്നില്‍, ലോക പ്രശസ്തമായ ഇന്ത്യയിലെ ആഡംബര ഫൈവ് സ്റ്റാര്‍ ഹോട്ടലായ താജ് ഹോട്ടല്‍ സന്ദര്‍ശിക്കണമെന്ന ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് അദ്‌നാന്‍ പത്താന്‍ എന്ന സാധരണക്കാരനെ പണം നോക്കാതെ ചായ കുടിക്കാന്‍ പ്രേരിപ്പിച്ചത്.
താജ് ഹോട്ടലിലെ തന്റെ 'ആവറേജ്' ചായ അനുഭവം വീഡിയോ ക്രിയേറ്റര്‍ ആയ അദ്‌നാന്‍ ഇന്‍സ്റ്റഗ്രാം റീലിലൂടെ പങ്കുവെച്ചതോടെ സംഭവം വൈറലായത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഇന്ത്യന്‍ ചായ കുടിക്കുന്നതിന്റെ ആവേശം പ്രകടിപ്പിച്ചാണ് വീഡിയോ തുടങ്ങുന്നത്. ഹോട്ടല്‍ സന്ദര്‍ശിച്ച അമിതാഭ് ബച്ചന്‍, ബറാക്ക് ഒബാമ എന്നിവരുടെ ഫോട്ടോയും വീഡിയോയില്‍ കാണാം. അതിമനോഹരമായ താജിനുള്ളില്‍ കടക്കുമ്പോള്‍ രാജകൊട്ടാരത്തിലെത്തിയ അനുഭൂതിയാണ്. വടാപാവ്, കാജു കട്‌ലി, സാന്‍വിച്ച് തുടങ്ങിവയാണ് ചായയോടൊപ്പം കോംപ്ലിമെൻ്ററി ഡിഷായി വിളമ്പിയത്.
എന്നാല്‍ താജിലെ ചായ ആവറേജ് ആണെന്നാണ് അദ്‌നാന്റെ അഭിപ്രായം. പത്തില്‍ അഞ്ച് റേറ്റിങ്ങാണ് ചായക്ക് നല്‍കിയത്. ജീവിതത്തില്‍ ഒരു തവണയെങ്കിലും താജ് ഹോട്ടല്‍ അനുഭവിച്ചറിയണം എന്നും അദ്‌നാൻ പറയുന്നുണ്ട്.
ഏറെ നാളത്തെ ആഗ്രഹം പൂവണിഞ്ഞതിനെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Man spends ₹2124 on tea at the Taj Mahal Palace Hotel