നാലുമണി പലഹാരം മാത്രമല്ല മധുരക്കിഴങ്ങ്‌, പോഷകങ്ങൾക്കൊപ്പം ബ്രേക്ക്ഫാസ്റ്റായി കഴിച്ചുനോക്കൂ

#Lifestyle desk
റോസ്റ്റഡ് സ്വീറ്റ് പൊട്ടറ്റോ| ഫോട്ടോ: canva.com
റോസ്റ്റഡ് സ്വീറ്റ് പൊട്ടറ്റോ| ഫോട്ടോ: canva.com

സ്ഥിരം പല്ലവിയിൽ നിന്ന് മാറ്റിപിടിച്ച് വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കണം എന്ന് തോന്നിയാലും ശീലിച്ച കറികളും മറ്റും തയ്യാറാക്കുന്നവരാണ് മിക്കവരും. അപ്പം, ചപ്പാത്തി, പുട്ട്, ദോശ, ഉപ്പ്മാ, ഇഡ്‌ലി എന്നിങ്ങനെ നീളും ബ്രേക്ക് ഫാസ്റ്റ് ലിസ്റ്റ്. എന്നാൽ തലേദിവസത്തെ തയ്യാറെടുപ്പ് വേണ്ടാതെതന്നെ പോഷകങ്ങൾ നൽകുന്നതും വയറു നിറയുന്നതുമായ മറ്റ് ചില ഭക്ഷണങ്ങൾ കൂടി ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്നതാണ്.

ഇക്കൂട്ടത്തിൽ ‘അണ്ടർറേറ്റഡ്’ എന്ന വാക്ക് ഏറ്റവും ചേരുന്ന ഒന്നാണ് മധുരക്കിഴങ്ങ്‌ അഥവാ സ്വീറ്റ് പൊട്ടറ്റോ. നാലു മണി പലഹാരമായി മാത്രമല്ല, ബ്രേക്ക്ഫാസ്റ്റായും പോഷകങ്ങൾക്കൊപ്പം കഴിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്‌. പ്രത്യേകിച്ചും അടുക്കളയിൽ അധികം നേരം ചെലവഴിക്കാനില്ലാത്തപ്പോൾ. 

വേവിച്ച മധുരക്കിഴങ്ങ്‌ ഇവയുടെ കൂടെ കഴിച്ച് നോക്കൂ.

മുട്ട

എണ്ണയിൽ വാട്ടിയോ പുഴുങ്ങിയോ എടുത്ത മധുരക്കിഴങ്ങ്‌, പുഴുങ്ങിയ മുട്ടയുടെ കൂടെ കഴിക്കാം. ആവിയിൽ പുഴുങ്ങിയ കാരറ്റ്, മഷ്‌റൂം എന്നിവയുടെ കൂടെയും കഴിക്കാവുന്നതാണ്.

ഗ്രീക്ക് യോഗർട്ട്

മികച്ച പ്രൊബയോട്ടിക്, പ്രോട്ടീൻ ഉറവിടങ്ങളാണ് കട്ടി തൈരും ഗ്രീക്ക് യോഗർട്ടും. ഇവയുടെ ഒപ്പവും മധുരക്കിഴങ്ങ്‌ കഴിക്കാം. ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഫ്രൈസ് ആയി മധുരക്കിഴങ്ങ്‌ തയ്യാറാക്കിയാൽ ഗ്രീക്ക് യോഗർട്ട് ഡിപ് ആയി ഉപയോഗിക്കാം.

[object Object]

നട്ട്‌സിനും വിത്തുകൾക്കുമൊപ്പം

ബദാം, വാൾനട്‌സ്, മത്തൻ വിത്തുകൾ എന്നിവയിലേക്ക്, റോസ്റ്റ് ചെയ്ത് ഉടച്ച മധുരക്കിളങ്ങ്‌ ചേർക്കാം. ഇവ ബ്രെഡ് സ്‌പ്രെഡ് ആയി കഴിക്കാം.

പനീർ

പ്രോട്ടീനും നാരുകളും ഒരുപോലെ ലഭിക്കുന്ന മികച്ചൊരു ഭക്ഷണമാണ് പനീറും മധുരക്കിഴങ്ങും ചേർന്നുള്ള കൂട്ട്. പാനിൽ വറുത്തെടുത്ത പനീർ കഷ്ണങ്ങളും റോസ്റ്റ് ചെയ്ത മധുരക്കിഴങ്ങും ചേർത്ത് സാലഡ് തയ്യാറാക്കാവുന്നതാണ്.

കടല 

മധുരക്കിഴങ്ങും കടലയും, വിശപ്പടക്കാൻ സഹായിക്കുന്ന ഒരു വിഭവമാണ്. റോസ്റ്റ് ചെയ്ത മധുരക്കിഴങ്ങ്, പുഴുങ്ങിയ കടല എന്നിവയോടൊപ്പം ഉപ്പ്, കുരുമുളക്, നാരങ്ങാനീര്, ഇലക്കറികൾ എന്നിവ ചേർത്ത് ആരോഗ്യകരമായ ഒരു സാലഡ് ബൗൾ തയ്യാറാക്കാവുന്നതാണ്. 

മധുരക്കിഴങ്ങിൻ്റെ ആരോഗ്യ ഗുണങ്ങൾ

  • ശരാശരി ഒരാൾക്ക് ഒരു ദിവസം വേണ്ടതിന്റെ നാല് മടങ്ങധികം വിറ്റാമിൻ എ ഒരു മധുരക്കിഴങ്ങിലൂടെ ലഭിക്കുന്നു.
  • പൊട്ടാസ്യം അടക്കമുള്ള ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
  • നാരുകൾ ധാരാളം ഉള്ളതിനാൽ അമിതവണ്ണം കുറയ്ക്കുവാൻ സഹായിക്കും.
  • മറ്റ് കിഴങ്ങുവർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നാരിന്റെ അളവ് മധുരക്കിഴങ്ങിൽ കൂടുതലാണ്. ഇത് ദഹനം സുഗമമാക്കുന്നു.
  • വിറ്റാമിൻ എ, ബി, സി എന്നിവയുടെ ഗുണഫലങ്ങൾ മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു.
  • അനവധി ആന്റി ഓക്‌സിഡന്റുകളുടെ കലവറ ആയതിനാൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
  • മധുരക്കിഴങ്ങിൽ ഉള്ള ആന്തോസയാനിൻ, കോളോറെക്ടൽ ക്യാൻസർ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
  • ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ് മധുരക്കിഴങ്ങ്.
  • ഇതിലെ ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകളുണ്ടാകുന്നത് തടയും.
  • ഇതിലടങ്ങിയ വൈറ്റമിൻ സി, ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.
  • അമിതമായി എണ്ണ ഉപയോഗിക്കാതെ, കിഴങ്ങ് വേവിച്ചു കഴിക്കുന്നതാണ് നല്ലത്.
  • ഗ്ലൈസിമിക് ഇൻഡക്‌സ് കുറവായതിനാൽ പ്രമേഹരോഗികൾക്കും കഴിക്കാം.

Content Highlights: Discover quick, healthy, and underrated sweet potato breakfast ideas! Boost nutrition without much prep.