സോയ കഴിച്ചാൽ തൈറോയ്ഡ് വരുമോ? മിത്തും വസ്തുതകളും തിരിച്ചറിയാം

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

അധികമാരും ശ്രദ്ധിക്കാതെ പോകുന്ന പയറുവർഗങ്ങളിലെ പോഷകപ്രധാനിയാണ് സോയാബീൻസ്. വിലക്കുറവും പാകം ചെയ്യാനുള്ള എളുപ്പവുമാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്. സസ്യാഹാരം കഴിക്കുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയ ഒരു സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സാണിത്. സോയ ചങ്ക്സ്, ടോഫു, സോയ പാൽ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണെങ്കിലും, ഹോർമോൺ വ്യതിയാനം, ദഹനം എന്നിവയെക്കുറിച്ച് പലർക്കും ആശങ്കകളുണ്ട്. എന്നാൽ സോയ കഴിക്കുന്നത് പുരുഷന്മാരിലോ സ്ത്രീകളിലോ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ടെസ്റ്റോസ്റ്റിറോൺ നിലയെയോ ഈസ്ട്രജൻ്റെ അളവിനെയോ ഇത് ദോഷകരമായി ബാധിക്കില്ലെന്നും പഠനങ്ങൾ തെളിയിക്കുന്നു.

സോയ നേരിട്ട് തൈറോയ്ഡ് രോഗമുണ്ടാക്കുന്നില്ല. എന്നാൽ ശരീരത്തിൽ അയോഡിൻ്റെ അളവ് വളരെ കുറവാണെങ്കിൽ സോയയിലെ ഘടകങ്ങൾ ഹോർമോൺ ഉൽപാദനത്തെ ബാധിച്ചേക്കാം. അതിനാൽ ഉപ്പിലൂടെയോ മറ്റ് ഭക്ഷണങ്ങളിലൂടെയോ ആവശ്യത്തിന് അയോഡിൻ ലഭിക്കുന്നുണ്ടെങ്കിൽ സോയ കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾക്ക് കാരണമാകില്ല. അതേസമയം, അമിതമായ അളവിൽ സോയ കഴിക്കുന്നത് അയൺ, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ ഇടയാക്കിയേക്കാം. സോയയിലടങ്ങിയിരിക്കുന്ന ഫൈറ്റേറ്റ് എന്ന സംയുക്തങ്ങളാണ് ഇതിന് കാരണം. ഇവ സാധാരണയായി വളരെ വലിയ അളവിൽ സോയ കഴിക്കുന്നവരിലാണ് കണ്ടുവരുന്നത്.

ഒരേസമയം വലിയ അളവിൽ സോയ കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കാനും വയറു വീർക്കുന്നതിനോ ഗ്യാസിനോ കാരണമായേക്കാം. പ്രത്യേകിച്ച് സോയ ചങ്ക്സ് പോലുള്ളവ സെൻസിറ്റീവ് വയറുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തെ സഹായിക്കുന്ന പ്രീബയോട്ടിക് ആയും പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ ഉൾപ്പെടുത്തുകയാണെങ്കിൽ സോയ സുരക്ഷിതവും പോഷകപ്രദവുമാണ്.