'മെലിഞ്ഞുണങ്ങിയ' മസാലദോശ, 'പപ്പടവട്ടത്തിൽ' പൂരി; നടപടിക്ക് വഴിയില്ലെന്ന് വകുപ്പുകള്‍

കൊച്ചി: തട്ടുദോശയെക്കാള്‍ അല്പംകൂടി വലുപ്പമുള്ള ദോശയുടെ അറ്റത്ത് മസാലക്കറി... അതാണ് മസാലദോശ. പപ്പടവട്ടത്തോളംമാത്രമുള്ള പൂരി. ഒരു പൂരിയുണ്ടാക്കാനുള്ള ഗോതമ്പുമാവുകൊണ്ട് മൂന്ന് പൂരി..! ആഹാ, പരാതിപ്പെട്ടേക്കാമെന്നു കരുതിയാല്‍ രക്ഷയില്ല.
ഹോട്ടല്‍ഭക്ഷണത്തിന്റെ അളവ് കുറഞ്ഞാല്‍ നിയമനടപടി സാധ്യമല്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. തങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പും. സപ്ലൈ ഓഫീസില്‍ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. അപ്പോള്‍പ്പിന്നെ ഉപഭോക്താവ് അനുഭവിക്കുകയല്ലാതെ തരമില്ല.
സ്ഥിരമായി ഭക്ഷണം കഴിക്കുന്ന കൊടകരയിലെ ഹോട്ടലില്‍നിന്ന് രണ്ടുതവണ അളവില്‍ പറ്റിക്കലുണ്ടായപ്പോഴാണ് തൃശ്ശൂര്‍ സ്വദേശി പി.ബി. സതീഷ് രണ്ടു വകുപ്പിനും പരാതി നല്‍കിയത്.
സാധാരണദോശയുടെ അത്രയുംപോലും വലുപ്പമില്ലാത്ത ദോശയുടെ അറ്റത്ത് മസാലക്കറി വിളമ്പി മസാലദോശയെന്ന പേരില്‍ 74 രൂപ വാങ്ങിയെന്നും പപ്പടവലുപ്പംമാത്രമുള്ള പൂരിക്ക് 74 രൂപ ഈടാക്കിയെന്നുമായിരുന്നു പരാതി.
റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ ഐ.ആര്‍.സി.ടി.സി. കൃത്യമായ അളവും വിലയും രേഖപ്പെടുത്തിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഐ.ആര്‍.സി.ടി.സി. ഫുഡ്പ്ലാസയില്‍ മസാലദോശയുടെ തൂക്കം 80 ഗ്രാം. മസാലയും 80 ഗ്രാം. ഇതിനൊപ്പം നല്‍കുന്ന ചട്നിയും സാമ്പറും 50 ഗ്രാം വീതം. വില 90 രൂപ. പൂരിമസാലയ്ക്ക് ഓരോ പൂരിയും 30 ഗ്രാം തൂക്കമുണ്ടാവണമെന്നും 150 ഗ്രാം മസാലയുണ്ടാവണമെന്നും നിര്‍ബന്ധം. രണ്ടു പൂരിക്കും മസാലയ്ക്കും 80 രൂപ വില.
ലീഗല്‍ മെട്രോളജി വകുപ്പിന്റെമറുപടി
ഹോട്ടലുകളില്‍ വില്‍ക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ അളവ്, തൂക്കം, വില എന്നിവ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോൡനിയമമോ അനുബന്ധ ചട്ടങ്ങളോ പ്രകാരം നടപടികളൊന്നും സാധ്യമല്ല.
ഭക്ഷ്യസുരക്ഷാ ഓഫീസ് പറഞ്ഞത്
പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ന്യൂനത ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിധിയില്‍ വരുന്നതല്ല.
Content Highlights: small size of masala dosa and poori cant intervene says legal metrology and foodsecurity departments