ഷാരൂഖ് ഖാന്‍ എല്ലാ ദിവസവും കഴിക്കുന്നത് ഒരേ ഭക്ഷണം; ദിനചര്യ സന്തുലിതമാകണമെന്ന് താരം

ഷാരൂഖ് ഖാൻ | Photo: PTI
ഷാരൂഖ് ഖാൻ | Photo: PTI

ചലച്ചിത്ര താരങ്ങളില്‍ പലരും തങ്ങളുടെ ഫിറ്റ്‌നസ്, ഭക്ഷണം എന്നിവ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. അഭിനയം മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും സ്ഥിരത, അച്ചടക്കം എന്നിവ പ്രധാനമാണെന്നാണ് പല താരങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. ഇതേ കാര്യംതന്നെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും പിന്തുടരുന്നത്.

59-ാം വയസ്സിലും തന്റെ വ്യക്തിപ്രഭാവത്തിനും ഊര്‍ജത്തിനും പേരുകേട്ട ഷാരൂഖ്, തന്റെ കലയിലൂടെ മാത്രമല്ല, ആരോഗ്യത്തോടും ജീവിതശൈലിയോടുമുള്ള സമീപനത്തിലൂടെയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി തുടരുന്നു.

ആര്‍ജെ ദേവാംഗനയുമായുള്ള ഒരു സംഭാഷണത്തില്‍, തന്റെ ദിനചര്യ ലളിതമായ ഭക്ഷണക്രമം, ശ്രദ്ധാപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍, സ്ഥിരത എന്നിവയെ ചുറ്റിപ്പറ്റിയാണെന്ന് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ലളിതമായ ഭക്ഷണം, അച്ചടക്കം
ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്ന പല സെലിബ്രിറ്റികളില്‍ നിന്നും വ്യത്യസ്തമായി, ഷാരൂഖ് ഖാന്‍ തന്റെ ഭക്ഷണം വളരെ ലളിതമായി നിലനിര്‍ത്തുന്നു. ''ഞാന്‍ സ്വാഭാവികമായും വളരെ ലളിതമായ ഭക്ഷണമാണ് ഇഷ്ടപ്പെടുന്നത്. ഒരു ദിവസം രണ്ട് നേരമാണ് ഞാന്‍ ഭക്ഷണം കഴിക്കാറുള്ളത്. ഉച്ചഭക്ഷണവും അത്താഴവും. ഈ രണ്ട് നേരമല്ലാതെ മറ്റൊന്നും ഞാന്‍ കഴിക്കാറില്ല. തനിക്ക് ആഡംബര ഭക്ഷണം ഇഷ്ടമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മുളപ്പിച്ച പയര്‍, ഗ്രില്‍ഡ് ചിക്കന്‍, ബ്രൊക്കോളി, ചിലപ്പോള്‍ അല്പം പരിപ്പ് എന്നിവ കഴിക്കാറുണ്ട്. വര്‍ഷങ്ങളായി ഞാന്‍ ദിവസവും ഇത് തന്നെയാണ് കഴിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

'ഞാന്‍ ഡയറ്റ് ചെയ്യാറില്ല,' അദ്ദേഹം പറഞ്ഞു. 'ലഘുവായും വൃത്തിയായും ഭക്ഷണം കഴിക്കുന്നത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രമാണ്.' എന്നിരുന്നാലും, സാമൂഹിക ഒത്തുചേരലുകളില്‍ അദ്ദേഹം സ്വയം നിയന്ത്രിക്കാറില്ല. ബിരിയാണിയോ, റൊട്ടിയോ, പൊറോട്ടയോ, നെയ്യോ, ലസ്സിയോ ആകട്ടെ, സ്‌നേഹത്തോടെ വിളമ്പുന്നതെന്തും ഷാരൂഖ് ആസ്വദിക്കുന്നു. ശ്രദ്ധാപൂര്‍വം ഒരു സന്തുലിതാവസ്ഥ പാലിക്കാനാണ് താരം ശ്രമിക്കുന്നത്.

ഉറക്കം
ഷാരൂഖിന്റെ ഉറക്കത്തിന്റെ സമയക്രമവും ഒരുപോലെ കൗതുകകരമാണ്. മിക്ക ആളുകളും അതിരാവിലെ ദിവസം ആരംഭിക്കുമ്പോള്‍, ഷാരൂഖ് ഖാന്റെ ദിനചര്യ ഈ പതിവിനെ മറികടക്കുന്നു. 'ഞാന്‍ രാവിലെ അഞ്ച് മണിക്കാണ് ഉറങ്ങാന്‍ പോകുന്നത്. മാര്‍ക്ക് വാള്‍ബെര്‍ഗ് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ഉറങ്ങാന്‍ പോകുന്നു,' അദ്ദേഹം തമാശയായി പറഞ്ഞു.

കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകള്‍ക്ക് ശേഷവും അദ്ദേഹം ഫിറ്റ്‌നസ്സിനോടുള്ള തന്റെ പ്രതിബദ്ധത നിലനിര്‍ത്തുന്നു. 'ഞാന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടിലെത്തും, കുളിച്ച ശേഷം ഉറങ്ങുന്നതിന് മുന്‍പ് വര്‍ക്ക്ഔട്ട് ചെയ്യും,' ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

ലാളിത്യമാണ് പ്രധാനം
സ്‌ക്രീനിലായാലും പുറത്തായാലും വിജയം ആരംഭിക്കുന്നത് നിയന്ത്രണങ്ങളില്‍ നിന്നല്ല, ദിനചര്യയില്‍ നിന്നാണെന്ന് ഷാരൂഖ് ഖാന്‍ തെളിയിക്കുന്നു. തന്റെ ലളിതമായ ഭക്ഷണക്രമം മുതല്‍ അര്‍ധരാത്രിയിലെ വ്യായാമങ്ങള്‍ വരെ അതിലൂന്നിയാണ് അദ്ദേഹം ചെയ്യുന്നത്.

വൃത്തിയായി ഭക്ഷണം കഴിക്കുക, സ്ഥിരത പുലര്‍ത്തുക, സ്വന്തം ജീവിതത്തിന്റെ താളം നിലനിര്‍ത്തുക എന്നിവ പ്രധാനമാണ്. സന്തുലിതാവസ്ഥയാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറ.

Content Highlights: Discover Shah Rukh Khan`s disciplined daily diet. Learn about SRK`s healthy eating habits, including his preferred meals and fitness routine for staying energetic at 59.