'ദിവസവും ഞാന്‍ 100 ഗ്രാം പ്രോട്ടീന്‍ കഴിക്കാറുണ്ട്; ഭക്ഷണക്രമവും ശരീരഭാരവും വെളിപ്പെടുത്തി സാമന്ത

ഫിറ്റ്‌നസിനോടും ആരോഗ്യകരമായ ഭക്ഷണരീതിയോടുമുള്ള ചലച്ചിത്രതാരം സാമന്ത റൂത്ത് പ്രഭുവിന്റെ പ്രതിബദ്ധത ഒരുപാട് പ്രശംസകള്‍ നേടിയിട്ടുണ്ട്. പലപ്പോഴും ചിട്ടയായ ജീവിതശൈലിയെക്കുറിച്ച് എടുത്തുപറയാറുള്ള സാമന്ത ഈയിടെ പ്രോട്ടീന്‍ ഉപഭോഗത്തെക്കുറിച്ചും വര്‍ഷങ്ങളായി തന്റെ ഭക്ഷണരീതികളില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു.
പലര്‍ക്കും തന്റെ ഭക്ഷണം ലളിതമോ ആവര്‍ത്തന സ്വഭാവമുള്ളതോ ആയി തോന്നാമെങ്കിലും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും സാമന്ത വ്യക്തമാക്കിയിരുന്നു.
'ഞാന്‍ 100 ഗ്രാം പ്രോട്ടീന്‍ കഴിക്കുന്നു, എനിക്ക് 50 കിലോ ഭാരമുണ്ട്.' തന്റെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിര്‍ത്തുന്നതിന് ആവശ്യമായ അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരിയുമായുള്ള ഒരു പോഡ്കാസ്റ്റില്‍ സാമന്ത വെളിപ്പെടുത്തി.
സ്ത്രീകള്‍ ദിവസവും എത്ര പ്രോട്ടീന്‍ കഴിക്കണം?
സാമന്തയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെ, ഏകദേശം 55-60 കിലോഗ്രാം ഭാരമുള്ള ഇന്ത്യയിലെ സ്ത്രീ ദിവസവും 60-80 ഗ്രാം പ്രോട്ടീന്‍ കഴിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരി വിശദീകരിച്ചു.
'200 ഗ്രാം കട്ടത്തൈര്, 150 ഗ്രാം പനീര്‍, മൂന്ന് കപ്പ് കട്ടിയുള്ള പരിപ്പ്, അല്ലെങ്കില്‍ ഏകദേശം 600 ഗ്രാം പരിപ്പ് എന്നിവയിലൂടെ ആവശ്യമായ പ്രോട്ടീന്‍ ഉറപ്പായും നേടാനാകും, ഇതെല്ലാം ചേരുമ്പോള്‍ 80 ഗ്രാം ആകും,' അവര്‍ പറഞ്ഞു.
ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് എളുപ്പമാക്കാന്‍ നല്ല നിലവാരമുള്ള ഒരു പ്രോട്ടീന്‍ പൗഡര്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് സഹായിക്കുമെന്നും ന്യൂട്രീഷ്യനിസ്റ്റ് പോഡ്കാസ്റ്റില്‍ പരാമര്‍ശിച്ചു.
പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും എങ്ങനെ സമീകൃതമാക്കാം
സസ്യാധിഷ്ഠിത പ്രോട്ടീന്‍ സ്രോതസ്സുകളില്‍ പലപ്പോഴും അധിക കാര്‍ബോഹൈഡ്രേറ്റുകളോ കൊഴുപ്പുകളോ അടങ്ങിയിരിക്കുന്നതിനാല്‍ മാക്രോ ന്യൂട്രിയന്റുകള്‍ ശ്രദ്ധാപൂര്‍വം സമീകൃതമാക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.
'ഗട്ട് ക്ലെന്‍സ്' (ദഹനവ്യവസ്ഥയുടെ ശുദ്ധീകരണം) പ്രോട്ടീന്‍ ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ദുര്‍ബലമായ ദഹനവ്യവസ്ഥയ്ക്ക് കൂടുതല്‍ പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും ഇത് വയറുവീര്‍പ്പ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സാമന്തയുടെ ഭക്ഷണരീതി
വര്‍ഷങ്ങളായി ഭക്ഷണത്തോടുള്ള തന്റെ മനോഭാവം എങ്ങനെ മാറ്റിയെന്നും പോഡ്കാസ്റ്റില്‍ സാമന്ത പറയുന്നു. സെലിബ്രിറ്റി ന്യൂട്രീഷന്‍ കോച്ച് റയാന്‍ ഫെര്‍ണാണ്ടോയുമായുള്ള മറ്റൊരു സംഭാഷണത്തില്‍, കൗമാരപ്രായത്തില്‍ താന്‍ ജങ്ക് ഫുഡ് ഇഷ്ടം പോലെ ആസ്വദിച്ചിരുന്നുവെന്നും പെട്ടെന്ന് ശരീരം വണ്ണംവെക്കാത്തതുകൊണ്ട് ഇഷ്ടമുള്ളതെന്തും കഴിച്ചിരുന്നുവെന്നും സാമന്ത പറഞ്ഞിട്ടുണ്ട്.
പ്രതിരോധ സംവിധാനം പേശികളെ ആക്രമിക്കുന്ന അപൂര്‍വമായ ഒരു ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയായ മയോസൈറ്റിസ് രോഗനിര്‍ണയത്തിന് ശേഷമാണ് തന്റെ ആ കാഴ്ചപ്പാട് മാറിയത്. അതിനുശേഷം, തന്റെ ശരീരത്തിന് അനുയോജ്യമായതും രോഗശാന്തിയെ പിന്തുണയ്ക്കുന്നതുമായ ഭക്ഷണങ്ങള്‍ അടങ്ങിയ ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി ഡയറ്റാണ് സാമന്ത പിന്തുടരുന്നത്.
ഗ്ലൂട്ടന്‍ പൂര്‍ണമായും ഒഴിവാക്കുന്നുണ്ടെങ്കിലും, ആരോഗ്യകരമെന്ന് കരുതുന്ന ചില ഭക്ഷണങ്ങള്‍ തനിക്ക് ചേരില്ലെന്നും നടി പരാമര്‍ശിച്ചു. 'ചീരയും കെയ്ലും എനിക്ക് ചേരില്ല,'സാമന്ത പറഞ്ഞു.
ബ്രൊക്കോളി, കോളിഫ്ളവര്‍, ബ്രസല്‍സ് സ്പ്രൗട്ട്‌സ് തുടങ്ങിയ പച്ചക്കറികളും നെയ്യ്, കോള്‍ഡ് പ്രസ്ഡ് ഓയിലുകള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു. മഞ്ഞള്‍, സെലറി, അസായ് ബെറികള്‍ തുടങ്ങിയ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് സാമന്ത വെളിപ്പെടുത്തി.
Content Highlights: Actress Samantha Ruth Prabhu reveals her daily protein intake of 100g and how her diet has evolved, focusing on anti-inflammatory foods and managing her condition.