റെഡ്‌ഗ്ലോബ് മുന്തിരി, കെനിയൻ ബട്ടർ..; പഴവിപണിയിൽ റംസാൻമധുരം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: റംസാനിന് മധുരംപകരാൻ വിദേശപഴങ്ങളും! ചൈനയിൽ നിന്നുള്ള റെഡ്‌ഗ്ലോബ് മുന്തിരിയും കെനിയൻ ബട്ടറും ഇറാനിൽ നിന്നുള്ള ആപ്പിളുമെല്ലാമായി പഴവിപണിയിൽ വിദേശമധുരങ്ങൾ നിറയുകയാണ്. പതിവു പഴങ്ങളായ തണ്ണിമത്തനും പൈനാപ്പിളും വിപണിയിൽ ഒട്ടുംപിന്നിലല്ല.

പഴങ്ങൾക്ക് വിലക്കയറ്റവുമുണ്ട്. കോയമ്പത്തൂർ, ദിണ്ഡിഗൽ എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ എത്തുന്നത്. കഴിഞ്ഞവർഷം കിലോവിന് 15 രൂപയ്ക്ക് കിട്ടിയ തണ്ണിമത്തന് 22 മുതൽ 25 രൂപ വരെയുണ്ട്.

പപ്പായയ്ക്ക് 30 രൂപ. തായ്ലൻഡ് ലിച്ചി, കിവി, ഗ്രീൻ ആപ്പിൾ, തായ്ലൻഡ് പുളി എന്നിവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്. കെനിയയുടെ ബട്ടർ കിലോ 420 രൂപയും ആഫ്രിക്കൻ പിയറിന് 220 രൂപയും ഓസ്‌ട്രേലിയൻ ഓറഞ്ചിന് 180 രൂപയുമാണ്.

ഗ്രീൻ ആപ്പിളിന് 320, ചൈനയുടെ റെഡ്‌ഗ്ലോബ് മുന്തിരിക്ക് 280, വിയറ്റ്‌നാമിന്റെ റെഡ് ഡ്രാഗൺ ഫ്രൂട്ടിന് 220, വൈറ്റ് ഡ്രാഗൺ ഫ്രൂട്ടിന് 160, ഇറാന്റെ ആപ്പിളിന് 180, അഫ്ഗാൻ, പോളണ്ട് ആപ്പിളുകൾക്ക് 200, കശ്മീരി ആപ്പിളിന് 160 എന്നിങ്ങനെയാണ വില.

കഴിഞ്ഞ നോമ്പുകാലത്ത് മാങ്ങയുടെ സീസണായിരുന്നു. ഇക്കുറി മാങ്ങയുടെ സീസൺ തുടങ്ങുന്നതേയുള്ളൂ. മൂവാണ്ടൻമാങ്ങ മാത്രം കിലോ 80 രൂപയ്ക്ക് മാർക്കറ്റിലുണ്ട്. നേന്ത്രപ്പഴവും മൈസൂർപ്പഴവും ധാരാളം വിപണിയിലെത്തിയിട്ടുണ്ട്.

വിദേശപഴങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണെന്ന് തിരൂരിലെ കെ.എം.കെ. ഫ്രൂട്ട്‌സ് ഡയറക്ടർ കെ. ആഷിക്ക് പറഞ്ഞു. വില കുറവുള്ള പഴങ്ങളാണ് കൂടുതൽ ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Explore a vibrant Ramzan fruit market in Malappuram, featuring imported grapes, butter fruit, apples, and local favorites. Discover prices and seasonal offerings.