'സ്വര്‍ഗത്തിന്റെ മണവും രുചിയും പോലെ', സാറാ തെണ്ടുൽക്കറുടെ പ്രിയപ്പെട്ട കഫേ

ചെമ്പ് കപ്പില്‍ നല്ല ചൂട് കാപ്പി ഇരിക്കുന്ന കാഴ്ച തന്നെ മനോഹരമാണ്. തണുപ്പിക്കാനായി സോസറിലേക്ക് ഒഴിച്ചാലുള്ള മണമോ! സ്വര്‍ഗ്ഗത്തിലെ മണം പോലെ അനുഭവപ്പെട്ടാലും തെറ്റുപറയാൻ പറ്റില്ല.
ഇതുതന്നെയാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകളും ന്യൂട്രീഷ്യനിസ്റ്റുമായ സാറ ടെന്‍ഡുല്‍ക്കറിനും തോന്നിയത്. ന്യൂട്രീഷ്യനിസ്റ്റായ സാറ താന്‍ ആസ്വദിക്കുന്ന രുചികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. തെന്നിന്ത്യന്‍ രുചികള്‍ക്ക് പേരുകേട്ട ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെ ഭക്ഷണമാണ് ഇത്തവണ സാറയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ടത്.
ഗീ പൊടി ഇഡ്‌ലി, മസാല ദോശ, രസ ഇഡ്‌ലി, നീര്‍ ദോശ അങ്ങനെ നീളുന്നു സാറയുടെ വീഡിയോയിലെ രുചികള്‍. പിന്നീടുള്ള സ്‌റ്റോറിയില്‍ നുണയുന്ന ഫില്‍ട്ടര്‍ കാപ്പിയും കാണാം.
മൂന്ന് വർഷത്തിൽ ഉയർന്നുവന്ന ദമ്പതികളുടെ സംരംഭം
ദിവ്യ രാഘവേന്ദ്ര റാവുവും പങ്കാളി രാഘവേന്ദ്ര റാവുവും ചേര്‍ന്ന് 2021-ലാണ് രാമേശ്വരം കഫേ ആരംഭിക്കുന്നത് . മൂന്ന് വര്‍ഷത്തിനുള്ളില്‍ ബെംഗളൂരുവില്‍ മാത്രം രാമേശ്വരം കഫേയുടെ നാല് ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടൻ്റായ ദിവ്യ 12 വര്‍ഷത്തിലധികമായി സാമ്പത്തികമേഖലയിലാണ് ജോലിചെയ്തിരുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറായ രാഘവേന്ദ്ര റാവുവിൻ്റെ 20 വര്‍ഷത്തെ ഭക്ഷ്യ മേഖലയിലുള്ള പ്രവര്‍ത്തിപരിചയവും കഫേയുടെ വിജയത്തിന് കാരണമായി.
വിളമ്പുന്ന ഭക്ഷണത്തില്‍ ബേക്കിങ് സോഡയ്ക്കു പകരം നെയ്യാണ് ഉപയോഗിക്കുന്നതെന്ന് കഫേ ഉടമയായ ദിവ്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കഫേയില്‍ വിളമ്പുന്ന വിഭവങ്ങളില്‍ കൃത്യമ ഫ്‌ളേവറുകള്‍ ഉപയോഗിക്കാറില്ലെന്നും ഉടമകൾ അവകാശപ്പെടുന്നു.
ആറ് വിഭവങ്ങളായി ആരംഭിച്ച കഫേ നിലവിൽ 100-ല്‍ അധികം വിഭവങ്ങളാണ് വിളമ്പുന്നത്. എന്നാല്‍ വിഭവങ്ങൾ നെയ്യിന്റെ അളവ് അമിതമാണെന്ന് വിമർശിക്കുന്നവരുമുണ്ട്. കഫേയിലെ രുചി അനുഭവങ്ങൾ ഉപഭോക്താക്കൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാൻ തുടങ്ങിയതും രാമേശ്വരം കഫേയുടെ സ്വീകാര്യതയ്ക്ക് കാരണമായിട്ടുണ്ട്.
Content Highlights: Discover Rameswaram Cafe, started by a charterd accountant and machanical engineer