വിലയിലും ഗുണത്തിലും മുന്നിൽ, എത്തുന്നത് ഇറാനിൽനിന്നടക്കം; ഈത്തപ്പഴം എത്രതരം?

കോഴിക്കോട്: റംസാൻ വ്രതാരംഭത്തിനുശേഷമുള്ള ആദ്യ വെള്ളിയാഴ്ചയാണ് ഇന്ന്. വ്രതശുദ്ധിയുടെ നാളുകളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ എല്ലായിടത്തും ഇപ്പോഴേ തകൃതിയാണ്.
വിപണിയാണ് മാറ്റങ്ങളെല്ലാം അറിയുന്നത്. നഗരത്തിലെ ഷോപ്പിങ് മാളുകളിൽത്തുടങ്ങി ചില്ലറക്കച്ചവടക്കാരുടെ കടകളിൽവരെ ഡ്രൈഫ്രൂട്ടുകളും പഴങ്ങളുമെല്ലാം അങ്ങനെ വെറുതേ നിറഞ്ഞിരിക്കുന്നതല്ല, അതിനെല്ലാം കൃത്യമായ ട്രെൻഡുകളുണ്ട്.
ഈത്തപ്പഴം എത്രതരം
നോമ്പുകാലത്ത് വിശ്വാസികളുടെ ഒരുദിവസംപോലും ഈത്തപ്പഴമില്ലാതെ കടന്നുപോകില്ല. ഈ ഈത്തപ്പഴം പലതരമുണ്ട്. വിലയിലും ഗുണത്തിലും മുമ്പന്മാരായവ, ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളവ, പണ്ടുള്ളവർക്ക് പ്രിയപ്പെട്ടവ എന്നിങ്ങനെ കുറേ. ആദ്യം 'റിച്ചായവരെ' പരിചയപ്പെടാം.
മബ്രൂം, മജ്ദൂൽ എന്നിവയാണ് ഇവിടെ ലഭ്യമാകുന്നവയിൽ ഏറ്റവും മുകളിൽ. കിലോയ്ക്ക് 900 മുതൽ 1500 വരെ വിലവരും. മധുരവും രുചിയുമെല്ലാം ഒന്നിനൊന്ന് മെച്ചവുമായിരിക്കും. പക്ഷേ, ഇതിന് അധികം ആവശ്യക്കാരെത്തില്ല. വിലതന്നെയാണ് വിലങ്ങുതടി.
കിലോയ്ക്ക് 250-350 രൂപ വിലവരുന്ന 'സുക്രി'യാണ് മിക്കവർക്കും പ്രിയം. നല്ല മയവും മധുരവുമാണ് പ്രത്യേകത. വായിലിട്ടാൽ അലിഞ്ഞുപോകുന്നതുകൊണ്ട് നോമ്പുതുറക്കുമ്പോൾ കഴിക്കാനും സുഖം. ഇറാനിൽനിന്നുവരുന്നതിനും ഉണങ്ങിയതിനും (കാരക്ക) ആവശ്യക്കാരേറെയാണ്. 200-250 രൂപയാണ് വിലവരുക.
ഡ്രൈഫ്രൂട്ടിൽ ആപ്രിക്കോട്ടും അത്തിപ്പഴവുമാണ് മുൻപിൽ. ആപ്രിക്കോട്ട് കിലോയ്ക്ക് 400, അത്തിപ്പഴം 900 എന്നിങ്ങനെയാണ് അങ്ങാടിനിലവാരം. കശുവണ്ടി, ബദാം എന്നിവയ്ക്കും ആവശ്യക്കാരെത്തും.
തളർച്ചമാറ്റാൻ തണ്ണിമത്തൻ
25 രൂപയായിരുന്ന തണ്ണിമത്തന് ഇപ്പോൾ വില 30. നോമ്പുതുടങ്ങിയതോടെ ആവശ്യമേറിയതാണ് കാരണം. ചൂടും നോമ്പും ചേരുമ്പോഴുള്ള തളർച്ചമാറ്റാൻ തണ്ണിമത്തനോളംവരില്ല മറ്റൊന്നുമെന്നതാണ് ഡിമാൻഡുകൂട്ടിയത്.
ക്രിംസൺ സ്വീറ്റ് എന്ന വരയൻപഴങ്ങൾക്കുതന്നെയാണ് ആരാധകർ കൂടുതൽ. കടുംപച്ച തൊലിയുള്ള ഷുഗർ ബേബിയും പിന്നിലല്ല. കൈതച്ചക്ക, നാരങ്ങ എന്നിവയാണ് അടുത്ത താരങ്ങൾ. 80 രൂപയിൽനിന്ന് കൈതച്ചക്ക ഇപ്പോൾ എത്തിനിൽക്കുന്നത് 100-120 രൂപയിലാണ്. നാരങ്ങയാകട്ടെ നൂറിൽനിന്ന് നൂറ്റിനാല്പതിലും. പപ്പായ, മുന്തിരി തുടങ്ങിയവ പിന്നാലെയുണ്ട്.
Content Highlights: Discover the best dates and watermelons for Ramadan. Find premium quality, great prices, and delicious options from Iran and beyond.