ശരീരഭാരം കുറയ്ക്കാൻ നിലക്കടലയോ മഖാനയോ മികച്ചത്?

ഇടവേളകളിൽ വിശപ്പ് തോന്നുമ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന ലഘുഭക്ഷണം ശരീരഭാരം കുറയ്ക്കാനുള്ള നമ്മുടെ ശ്രമങ്ങളെ സ്വാധീനിക്കാറുണ്ട്. രണ്ട് ആരോഗ്യകരമായ ഓപ്ഷനുകളാണ് നിലക്കടലയും മഖാനയും. എന്നാൽ ഭാരം കുറയ്ക്കാൻ ഇവയിൽ ഏതാണ് കൂടുതൽ മികച്ചത്?
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ, ശരീരഭാരം കുറയ്ക്കാൻ രണ്ടും മികച്ചതാണെങ്കിലും നമ്മൾ കഴിക്കുന്ന അളവും വ്യക്തിപരമായ ആവശ്യങ്ങളും അനുസരിച്ചാണ് ഏതാണ് മികച്ചതെന്ന് തീരുമാനിക്കേണ്ടത്.
കലോറിയും പോഷകഗുണങ്ങളും
നിലക്കടല: നിലക്കടലയിൽ ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിൽ കലോറി കൂടുതലാണ്. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ, നാരുകൾ, ഹെൽത്തി ഫാറ്റ് എന്നിവ ദഹനം സാവകാശമാക്കാനും കൂടുതൽ സമയത്തേക്ക് വിശപ്പ് വരാതിരിക്കാനും സഹായിക്കുന്നു.
മഖാന: കലോറി വളരെ കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഒരു ലഘുഭക്ഷണമാണിത്. കൂടുതൽ അളവിൽ കഴിക്കാൻ തോന്നുന്ന, എന്നാൽ കലോറി കൂടാൻ ആഗ്രഹിക്കാത്തവർക്ക് മഖാന മികച്ചൊരു ഓപ്ഷനാണ്. എങ്കിലും നിലക്കടല നൽകുന്നതുപോലെ ദീർഘനേരത്തേക്ക് വിശപ്പ് അടക്കിനിർത്താൻ മഖാനയ്ക്ക് കഴിഞ്ഞേക്കില്ല.
അമിതമായി കഴിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മൾ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ശ്രദ്ധയില്ലാതെ വലിയ അളവിൽ കഴിക്കുന്നതാണ്. ഇത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
നിലക്കടല കഴിക്കുമ്പോൾ: മിതത്വം വളരെ പ്രധാനമാണ്. ഒരു ദിവസം ഒരു ചെറിയ പിടി (ഏകദേശം 20-30 ഗ്രാം) നിലക്കടല കഴിക്കുന്നത് അമിത കലോറി ഇല്ലാതെ ആവശ്യത്തിന് പോഷകങ്ങൾ നൽകും. വറുത്തതോ ഉപ്പിട്ടതോ ആയ നിലക്കടലയ്ക്ക് പകരം പ്ലെയിൻ അല്ലെങ്കിൽ വീട്ടിൽ തന്നെ റോസ്റ്റ് ചെയ്തവ തിരഞ്ഞെടുക്കുക.
മഖാന കഴിക്കുമ്പോൾ: വീട്ടിൽ തന്നെ വളരെ കുറഞ്ഞ അളവിൽ എണ്ണയോ നെയ്യോ ഉപയോഗിച്ച് വറുത്തെടുക്കുക. കൃത്രിമ മസാലകൾ ചേർത്ത പാക്കറ്റ് മഖാനകൾ ഒഴിവാക്കുന്നതാണ് നല്ലത്.
കവർ അല്ലെങ്കിൽ പാക്കറ്റിൽ നിന്ന് നേരിട്ട് കഴിക്കുന്നതിന് പകരം, കഴിക്കേണ്ട അളവ് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി അളന്ന് കഴിക്കാൻ ശീലിക്കുക. ഇവയ്ക്കൊപ്പം സമീകൃതമായ ഒരു ഭക്ഷണക്രമം കൂടി പിന്തുടരേണ്ടത് അത്യാവശ്യമാണ്.
Content Highlights: While both peanuts and makhana are excellent healthy snacks for weight loss, peanuts keep you full for longer due to high protein and healthy fats, whereas low-calorie makhana is ideal for volume eating without adding excess calories.