ഉപ്പേരിയും ശർക്കരവരട്ടിയും വാങ്ങിയോ? വെളിച്ചെണ്ണവില കുതിച്ചെങ്കിലും വിപണി 'ഫുൾ ഓൺ'

ഓണത്തോടനുബന്ധിച്ച് സജീവമായ ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലെ ചിപ്സ് കടയിൽനിന്ന്
ഓണത്തോടനുബന്ധിച്ച് സജീവമായ ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലെ ചിപ്സ് കടയിൽനിന്ന്

ആലപ്പുഴ: വെളിച്ചെണ്ണയിൽ വറുത്തുകോരിയ നാടൻ ഉപ്പേരിയും ശർക്കരവരട്ടിയുമൊക്കെ ഓണത്തിന്റെ വരവറിയിച്ച് കടകളിൽ നിരന്നുകഴിഞ്ഞു. സ്കൂളുകളിലും ഓഫീസുകളിലും ഓണാഘോഷങ്ങൾ തുടങ്ങിയതോടെ സദ്യയിലെ പ്രിയവിഭവങ്ങൾക്ക് ആവശ്യക്കാർ കൂടി. വിലകൂടിയത് വിപണിയെ ബാധിച്ചിട്ടില്ല.

വെളിച്ചെണ്ണയിൽ വറുത്ത നാടൻ ഉപ്പേരിയോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം. ഇത്തവണ വെളിച്ചെണ്ണവില കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. അതിനാൽ വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരിയുടെ വില കഴിഞ്ഞ ഓണക്കാലത്തെക്കാൾ കിലോയ്ക്ക് 160 രൂപവരെ കൂടി. കിലോയ്ക്ക് 480 രൂപയാണ് വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരിയുടെ വില. കഴിഞ്ഞ ഓണക്കാലത്ത് 320 രൂപയായിരുന്നു. അന്ന് 320 രൂപയായിരുന്നു െവളിച്ചെണ്ണയുടെ വിലയെന്നു കച്ചവടക്കാർ പറയുന്നു. പച്ചക്കായയ്ക്ക് 40 രൂപയും.

വെളിച്ചെണ്ണയ്ക്കുപുറമേ പാം ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയും ഉപേയാഗിക്കുന്നുണ്ട്. സൂര്യകാന്തി എണ്ണയിൽ വറുത്തതിനു കിലോയ്ക്ക് 400 രൂപയും പാം ഓയിലിൽ വറുത്തതിനു 360 മുതൽ 380 വരെ രൂപയുമാണ് വില. വെളിച്ചെണ്ണയിൽ വറുത്ത ശർക്കരവരട്ടിക്ക്‌ കിലോയ്ക്ക് 360 മുതൽ 400 വരെയാണ് വില. സൂര്യകാന്തി എണ്ണയിൽ വറുത്തതിന് 360 രൂപ. പാംഓയിലിൽ വറുത്തതിന് കിലോയ്ക്ക് 320 രൂപ മുതൽ 360 വരെ.

ചീടയും ചക്കയും വെളിച്ചെണ്ണയിലും പാംഓയിലിലുമാണ് പ്രധാനമായും വറുക്കുന്നത്. വെളിച്ചെണ്ണയിൽ വറുത്ത ചീടയ്ക്ക്‌ കിലോയ്ക്ക് 360 രൂപയും പാം ഓയിലിൽ വറുത്തതിന് 280 രൂപയുമാണ്. വെളിച്ചെണ്ണയിൽ ചക്കവറുത്തതിന് 480 രൂപയാണ് വില. പാംഓയിലിലേത് 400 രൂപയും.

പച്ചക്കായ ആവശ്യത്തിന്

ഓണക്കാലമായതോടെ പച്ചക്കായയ്ക്ക് ആവശ്യക്കാരേറെയാണ്. സ്റ്റോക്ക് ആവശ്യത്തിന് എത്തുന്നുണ്ട്. മേട്ടുപ്പാളയത്തിൽനിന്നാണ് പ്രധാനമായും പച്ചക്കായ എത്തുന്നത്. വയനാട്ടിൽനിന്നും ഇടയ്കിടെ വരുന്നുണ്ട്. കിലോയ്ക്ക് 38 രൂപയാണ് വില.

ശരിക്കുള്ള കച്ചവടം പൂരാടം മുതൽ

ഓണക്കച്ചവടം തുടങ്ങിക്കഴിഞ്ഞു. പൂരാടം മുതൽ തിരുവോണം വരെയാണ് ശരിക്കും ഓണക്കച്ചവടം നടക്കുന്നത്.  ആലപ്പുഴയിലെ വ്യാപാരിയായ കെ.എസ്. രാജേന്ദ്രൻ പറഞ്ഞു. 
 

Content Highlights: Traditional Onam snacks like banana chips and sarkara varatti see a price increase in Alappuzha due