അരമണിക്കൂർ ജോലിക്ക് കുക്കിന് മാസം 18000 രൂപ, ദിവസേന ജോലിചെയ്യുന്നത് 12 വീടുകളിൽ; ശ്രദ്ധനേടി പോസ്റ്റ്

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പല തൊഴിലും സമയത്തിനാണ് മൂല്യം നൽകുന്നത്. ശമ്പളവും അതിനെ ആശ്രയിച്ചിരിക്കും. ഇത്തരത്തിൽ മുംബൈയിലെ ഒരു പാചകക്കാരന്റെ ശമ്പളമാണ് ഇപ്പോൾ ചർച്ചാ വിഷയം. മുംബൈയിലെ  അഭിഭാഷകയായ ആയുഷി ദോഷിയുടെ എക്സ്  പോസ്റ്റാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. തൻ്റെ വീട്ടിൽ പാചകം ചെയ്യാനെത്തുന്ന ആളിനെപ്പറ്റിയാണ് പോസ്റ്റ്. 

ഒരു വീട്ടിൽ 30 മിനിറ്റ് ജോലി ചെയ്ത് മാസം 18,000 രൂപ വാങ്ങുന്ന തന്റെ പാചകക്കാരൻ ഒരു ദിവസം 10-12 വീടുകളിൽ ജോലി ചെയ്യുന്നുവെന്നാണ് ആയുഷി പോസ്റ്റിൽ പറയുന്നത്. യാത്രാസമയം അധികമില്ലാത്ത ഇദ്ദേഹത്തിന് എല്ലാ വീട്ടിലും സൗജന്യ ഭക്ഷണവും ലഭിക്കും. കൃത്യസമയത്ത് ശമ്പളം കിട്ടുകയും ചെയ്യുന്നു.  മുൻകൂർ നോട്ടീസ് കൂടാതെ ജോലി ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് ജീവനക്കാരിയായ തൻ്റെ ജീവിതവുമായി താരതമ്യം ചെയ്താണ് കുറിപ്പ്. 

പോസ്റ്റ് വൈറലായതോടെ നിരവധിപേർ ആയുഷിയുടെ പോസ്റ്റിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു. മുംബൈയിൽ തൻ്റെ സുഹൃത്തുക്കൾക്ക് നല്ല ഭക്ഷണം വച്ചുനൽകുന്ന പ്രാദേശിക വനിതകൾ വളരെ കുറഞ്ഞ തുകയേ വാങ്ങൂന്നുള്ളുവെന്നും 30 മിനിറ്റിനുള്ളിൽ എന്താണ് വയ്ക്കുന്നതെന്നും കമൻ്റുകളുണ്ട്.  10-12 വീടുകളിൽ ഒരു ദിവസം ജോലി ചെയ്യുന്നതിനേയും ചിലർ ചോദ്യം ചെയ്തു. 

രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നിലെ യഥാർത്ഥ ജീവിതാനുഭവമാണ് താൻ പങ്കുവെച്ചതെന്ന് ആയുഷി മറുപടിയും നൽകി. എന്നാൽ മാസം ആറായിരം മുതൽ 12000 വരെ മേടിക്കുന്ന കുക്കുകളുണ്ടെങ്കിൽ അറിയിക്കണമെന്നും താൻ നൽകുന്ന പണം അധിമാണെന്ന് അറിയാമെങ്കിലും അതിൽ താൻ ഖേദിക്കുന്നില്ലെന്നും അവർ പറയുന്നു. 
 

Content Highlights: ₹18,000 for Half an Hour: Mumbai Cook's High Earnings Go Viral