ബെൻസിലെത്തി ദെഹാത്തി ചിക്കൻ വാങ്ങി മടങ്ങി ധോണി; വൈറലായി വീഡിയോ

#Lifestyle desk
എംഎസ് ധോണി, പ്രതീകാത്മക ചിത്രം| ഫോട്ടോ: PTI, canva.com
എംഎസ് ധോണി, പ്രതീകാത്മക ചിത്രം| ഫോട്ടോ: PTI, canva.com

ക്രിക്കറ്റ് ലോകത്തെ ഇതിഹാസമാണെങ്കിലും എംഎസ് ധോണിയുടെ ലളിതമായ ജീവിതശൈലി പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. തന്റെ ഭക്ഷണശീലങ്ങളെ കുറിച്ച് ധോണി അധികം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ലെങ്കിലും, താരത്തിൻ്റെ ഇപ്പോൾ പുറത്തെത്തിയ ഒരു വീഡിയോ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

റാഞ്ചിയിലെ പ്രശസ്തമായ ഒരു ഹോട്ടലിൽനിന്ന് ‘ദെഹാത്തി ചിക്കൻ’ പാഴ്സൽ വാങ്ങാൻ ധോണി നേരിട്ടെത്തിയതാണ് വാർത്തകളിൽ നിറയുന്നത്. ബിഹാറിൽ നിരവധി ആരാധകരുള്ള, ചിക്കൻ കൊണ്ടുള്ള വിഭവമാണ് ദെഹാത്തി ചിക്കൻ.

എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ, തിരക്കുള്ള റോഡിലൂടെ ധോണിയുടെ മെഴ്സിഡസ് ബെൻസ് കാർ വരുന്നത് കാണാം. ഡ്രൈവിങ് സീറ്റിൽ ധോണിയെ കണ്ടതോടെ ആരാധകർ വാഹനത്തിന് ചുറ്റും കൂടി. റാഞ്ചിയിലെ പ്രശസ്തമായ ‘മാ’ ഹോട്ടലിൽനിന്ന് ഒരു ദെഹാത്തി ചിക്കൻ പാഴ്സൽ വാങ്ങാനാണ് താരം എത്തിയത്.

എന്താണ് ഈ 'ദെഹാത്തി ചിക്കൻ'?

ബിഹാറി ശൈലിയിലുള്ള നാടൻ ചിക്കൻ കറിയാണ് ദെഹാത്തി ചിക്കൻ. കടുകെണ്ണ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, ഉള്ളി, മുളകുപൊടി എന്നിവ ചേർത്താണ് ഇവ തയ്യാറാക്കുന്നത്. ചോറിനും റൈത്തയ്ക്കുമൊപ്പം കഴിക്കാൻ പറ്റിയ വിഭവമാണിത്. 'ദെഹാത്തി' എന്ന വാക്കിനർത്ഥം നാടൻ അല്ലെങ്കിൽ ഗ്രാമീണമായ എന്നാണ്.

ദെഹാത്തി ചിക്കൻ പരീക്ഷിച്ചു നോക്കിയാലോ

  1. മാരിനേഷൻ: ചിക്കനിൽ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കടുക് എണ്ണ, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് എന്നിവ ചേർത്ത് 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.
  2. ഫ്രൈ ചെയ്യുക: മരിനേറ്റ് ചെയ്ത ചിക്കൻ, കടുകെണ്ണയിൽ പകുതി വേവാകുന്നത് വരെ വറുത്തെടുത്ത് മാറ്റി വെക്കുക.

  3. ഗ്രേവി തയ്യാറാക്കാം: സവാള അരിഞ്ഞതും ഗരം മസാലകളും എണ്ണയിൽ വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്, ഉപ്പ്, മറ്റ് മസാലകൾ എന്നിവ ചേർത്ത് നന്നായി വഴറ്റി പേസ്റ്റ് രൂപത്തിലാക്കുക.

  4. മസാല കൂട്ട്: തക്കാളി പ്യൂരിയും ഗരം മസാലയും ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക.

  5. വേവിക്കുക: വറുത്ത് വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് 15-20 മിനിറ്റ് വീണ്ടും വഴറ്റുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ചിക്കൻ പൂർണ്ണമായും വേവുന്നത് വരെ വറ്റിച്ചെടുക്കുക.

  6. ഫിനിഷിങ്: അവസാനം ജീരകപ്പൊടിയും മല്ലിയിലയും അല്പം നെയ്യും ചേർത്ത് വാങ്ങുക. 10 മിനിറ്റ് അടച്ചു വെച്ച ശേഷം വിളമ്പാം.

Content Highlights: MS Dhoni was spotted buying Dehati Chicken in Ranchi, sparking fan interest.