തടിച്ചെരുപ്പിൽ നടന്ന ബാല്യം, പാത്രം കഴുകിത്തുടങ്ങിയ കരിയർ; വിസ്മയമായി സെലിബ്രിറ്റി ഷെഫ് വികാസ് ഖന്ന

photo|instagram.com/vikaskhannagroup/
photo|instagram.com/vikaskhannagroup/

ഷെഫ് വികാസ് ഖന്ന, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി ഷെഫുമാരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ പാചകവൈദഗ്ധ്യത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. അദ്ദേഹത്തിന് പാചകം ഒരു തൊഴിലല്ല അതൊരു കലയാണ്. ബരാക് ഒബാമ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദലൈലാമ എന്നിവരെപ്പോലുള്ള ആളുകള്‍ക്ക് ഭക്ഷണം തയ്യാറാക്കിയ ഒരു ഷെഫ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അനേകം പേര്‍ക്ക് പ്രചോദനമാണ്.

എഴുത്തുകാരന്‍, ടിവി അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹത്തിന് മുഖവുരകളുടെ ആവശ്യമില്ല. ലോകമറിയുന്ന വികാസ് ഖന്നയുടെ പ്രശസ്തിയ്ക്ക് പിന്നില്‍ വെല്ലുവിളികളോട് പോരാടിയ ഒരു മനുഷ്യന്റെ കഷ്ടപ്പാടിന്റെ കഥയുണ്ട്. ഇന്ന് കാണുന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഒട്ടും എളുപ്പമായിരുന്നില്ല. അമൃത്സര്‍ സ്വദേശിയായ ദേവീന്ദര്‍ ഖന്നയുടെയും ഭിന്ദു ഖന്നയുടെ മകനായി 1971-ലാണ് അദ്ദേഹത്തിന്റെ ജനനം.

 'ക്ലബ് ഫൂട്ട് 'എന്ന അവസ്ഥയുമായാണ് അദ്ദേഹത്തിന്റെ ജനനം. കാല്‍പാദങ്ങള്‍ക്ക് വളവുകളുള്ള കുഞ്ഞിനെ നടത്താന്‍ പ്രത്യേക  ചെരുപ്പുകള്‍ ആവശ്യമായിരുന്നു.തടി കൊണ്ടുള്ള പ്രത്യേക ചെരുപ്പില്ലാതെ അവന് നടക്കാന്‍ കഴിയുമായിരുന്നില്ല. വീഡിയോ കാസറ്റ് വാടകയ്ക്ക് കൊടുക്കുന്ന കടയാണ് വികാസിന്റെ അച്ഛന്റെ വരുമാന മാര്‍ഗം. മറ്റു കുട്ടികളെപ്പോലെ നടക്കാനോ കളിക്കാനോ കഴിയാതിരുന്ന അദ്ദേഹം കുട്ടിക്കാലം ഒട്ടുംതന്നെ സന്തോഷകരമായിരുന്നില്ല.

കൂട്ടുകാരുടെ പരിഹാസങ്ങളില്‍ നിന്നദ്ദേഹം ആശ്വാസം  തേടിയെത്തിയത് അടുക്കളയില്‍ ബീജി (മുത്തശി)യുടെ അടുത്തേയ്ക്കാണ്. ബീജിയുടെ കൂടെയിരുന്ന് അദ്ദേഹം പാചകത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. പാചകം ചെയ്യുന്നതിനോടൊപ്പം പാചകം പഠിപ്പിക്കാനും താത്പര്യമുള്ള വ്യക്തിയായിരുന്നു ബീജി. പിന്നീട് തടിച്ചെരുപ്പ് ഊരിമാറ്റിയിട്ടും അദ്ദേഹത്തിന് അടുക്കളയോടും പാചകത്തോടുമുള്ള ഇഷ്ടം മങ്ങിയില്ല.

17-ാം വയസില്‍ കാറ്ററിങ് ബിസിനസ് തുടങ്ങാനുള്ള പണമുണമുണ്ടാക്കാൻ വേണ്ടി അദ്ദേഹം അമ്മയോടൊപ്പം കൈ കൊണ്ട് നെയ്ത സ്വെറ്ററുകളും ചോലെ ഭട്ടൂരയും പ്രദേശിക സ്‌കൂളുകളില്‍ വില്‍ക്കാന്‍ പോയി. കാറ്ററിങ് ബിസിനസിലൂടെ പാചകം എന്ന തന്റെ പാഷനില്‍ പൂര്‍ണമായും മുഴുകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിനിടയിലാണ് അദ്ദേഹത്തിന്റെ അമ്മാവന്‍ ഡല്‍ഹിയില്‍  പ്രശസ്തമായ മൗര്യ ഷെറാട്ടണില്‍ അത്താഴത്തിന് കൊണ്ടുപോയത്. അത് തന്റെ ജീവിതം മാറ്റിയെഴുതിയ സംഭവമായി വികാസ് ഖന്ന പറയുന്നു.

കാറ്ററിങ്ങില്‍ ഒതുങ്ങി നിന്നിരുന്ന തന്റെ ചെറിയ ജീവിതത്തിന് പുതിയൊരു വെളിച്ചം നല്‍കാന്‍ ഈ സംഭവത്തിന് കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തുടര്‍ന്ന് കര്‍ണാടകയിലെ മണിപ്പാലിലുള്ള വെല്‍കോംഗ്രൂപ്പ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ ഹോട്ടല്‍ മാനേജ്മെന്റ് ബിരുദത്തിന് അദ്ദേഹം രജിസ്റ്റര്‍ ചെയ്തു. 1994-ല്‍ കോളേജില്‍ നിന്ന് വികാസ് ഖന്ന ബിരുദം നേടി, എന്നാല്‍ റിക്രൂട്ട്മെന്റിനായി തന്റെ കാമ്പസ് സന്ദര്‍ശിച്ച  തൊഴിലുടമ അദ്ദേഹത്തിന്റെ ദുര്‍ബലമായ ഇംഗ്ലീഷ് പരിജ്ഞാനം കാരണം അദ്ദേഹത്തെ നിരസിക്കുകയാണ് ചെയ്തത്. 

ഇക്കാലയളവിലൊക്കെ ഇന്ത്യന്‍ ഫ്യൂഷന്‍ വിഭവങ്ങളൊരുക്കുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ ലീലയില്‍ അദ്ദേഹം ജോലിയ്ക്ക് കയറുകയും സ്വന്തമായി കാറ്ററിങ് ബിസിനസിന് തുടക്കമിടുകയും ചെയ്തു. പ്രതിബന്ധങ്ങള്‍ ജീവിതത്തെ വീണ്ടും ആട്ടിയുലച്ചപ്പോഴും അദ്ദേഹം അര്‍പ്പണബോധത്തോടെ നല്ല നാളെയെ സ്വപ്‌നം കണ്ടു. 2000 ഡിസംബര്‍ രണ്ടിനാണ് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വികാസ് ഖന്ന എത്തിയത്.

ജീവിതത്തില്‍ സ്വപ്‌നം കണ്ടതെല്ലാം നേടിയെടുക്കണമെന്ന അടിയുറച്ച വിശ്വാസമല്ലാതെ  കൈയ്യില്‍ സമ്പാദ്യമായി ഒന്നും തന്നെ അയാളുടെ കൈയ്യിലുണ്ടായിരുന്നില്ല. ചെറിയൊരു ഭക്ഷണശാലയില്‍ പാത്രം കഴുകുന്ന ജോലിയാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. തുടര്‍ന്ന് വെയിറ്ററാക്കാനുള്ള അഭ്യര്‍ത്ഥന വെച്ചതോടെ ആ ജോലിയും അദ്ദേഹത്തിന് നഷ്ടപ്പെടുകയാണുണ്ടായത്.  ന്യൂയോര്‍ക്ക് നഗരത്തിലെ ഭവനരഹിതരുടെ അഭയകേന്ദ്രത്തില്‍ താമസിക്കേണ്ട അവസ്ഥയും അദ്ദേഹം നേരിടേണ്ടി വന്നു.

ഒന്നിനു പുറകേ ഒന്നായി നിരവധി പാര്‍ട്ട് ടൈം ജോലി ചെയ്താണ് അദ്ദേഹമവിടെ പിടിച്ചുനിന്നത്. അത്രയധികം കഠിനാധ്വാനം ചെയ്താണ് അദ്ദേഹം ക്രമേണ വിജയത്തിന്റെ പടവുകള്‍ കയറിയത്. 2010-ല്‍ അദ്ദേഹം തന്റെ സ്വപ്‌ന സാക്ഷാത്ക്കാരമായി 'ജുനൂണ്‍'  എന്ന റസ്റ്റോറന്റ് തുറന്നു. നിരവധി റിയാലിറ്റി ഷോകളിലും ടി.വി.പ്രോഗ്രാമുകളിലും അദ്ദേഹം വിധികര്‍ത്താവും അവതാരകനായുമെത്തി. 2011 നവംബറില്‍ പീപ്പിള്‍ മാഗസിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയായ പുരുഷന്മാരുടെ പട്ടികയില്‍ വികാസും ഇടം നേടിയിരുന്നു.


 

Content Highlights: chef Vikas Khanna,ichest chef, dishwasher, TV star,food