'മീറ്റ് ഓൺ വീൽസ്'; ഡ്രം സ്റ്റിക്, ബിരിയാണി കട്ട്, കറി കട്ട്.. കുടുംബശ്രീ ചിക്കന്‍ ഇനി വീട്ടിലെത്തും

ആലപ്പുഴ: കുടുംബശ്രീയുടെ 'കേരള ചിക്കന്‍' വഴിയുള്ള ഫ്രോസണ്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇനി നാടെങ്ങുമെത്തും. 'മീറ്റ് ഓണ്‍ വീല്‍സ്' എന്ന പേരില്‍ ഓരോ ജില്ലയിലും വാഹനങ്ങളില്‍ ശീതീകരിച്ച ചിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കും. ആദ്യം തിരുവനന്തപുരത്താകും, 2025 ഏപ്രിലില്‍ തുടങ്ങും. ഗ്രാമ, നഗര പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കന്‍ ഉത്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്‌ലെറ്റുകളുമുണ്ട്. കോഴിയെ വാങ്ങി ഉപയോഗിക്കാന്‍ കഴിയാത്തവരെയും ശീതീകരിച്ച ഉത്പന്നങ്ങളോടു താത്പര്യമുള്ളവരെയും ഉദ്ദേശിച്ചാണിത്. വീടുകളിലും ഫ്‌ലാറ്റുകളിലും ഇറച്ചി മാലിന്യസംസ്‌കരണത്തിന് സൗകര്യമില്ലാത്തവര്‍, ജോലിത്തിരക്കുള്ളവര്‍ തുടങ്ങിയവരെയും ലക്ഷ്യമിടുന്നു. ചിക്കന്‍ ഡ്രം സ്റ്റിക്‌സ്, ബ്രെസ്റ്റ്, ബിരിയാണി കട്ട്, കറി കട്ട് തുടങ്ങിയവയാകും മീറ്റ് ഓണ്‍ വീല്‍സിലൂടെ വില്‍ക്കുക.
'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ ഇവയുടെ വില്‍പ്പന ഔട്ട്ലെറ്റുകളില്‍ തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീ കേരള ചിക്കന്‍ ബ്രോയ്ലര്‍ ഫാര്‍മേഴ്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളെയാണ് ആവശ്യക്കാരില്‍ എത്തിക്കുക. 2019-ലാണ് കേരള ചിക്കന്‍ തുടങ്ങിയത്.
Content Highlights: meat on wheels kudumbasree frozen chicken home delivery program to start in april 2025