ആരോഗ്യപ്രേമികൾക്ക് 'മാച്ച'യോട് പ്രിയം; ചായയ്ക്കും കാപ്പിക്കുമിടയിൽ പകരക്കാരനാകുമോ ?

മിക്കവരും ഓരോ പ്രഭാതവും ആരംഭിക്കുന്നത് ചായ അല്ലെങ്കിൽ കാപ്പി കുടിച്ചായിരിക്കും. ചായ പ്രേമികളും കാപ്പി പ്രേമികളും തമ്മിൽ ഏതാണ് കൂടുതൽ ജനപ്രിയം എന്നതുസംബന്ധിച്ച് തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ ചായയ്ക്കും കാപ്പിക്കും ഒരു പകരക്കാരൻ കൂടി അല്ലെങ്കിൽ മത്സരം സൃഷ്ടിക്കാൻ മറ്റൊരാൾ കൂടി രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
'മാച്ച' യാണ് ഈ പുതിയ താരം. തെയിലയിൽ നിന്നും ഉത്പാദിപ്പിക്കുന്നതിനാൽ ചായയുടെ കുടുംബക്കാരൻ തന്നെയാണ് മാച്ചയെങ്കിലും സംഭവം കുറച്ച് വ്യത്യസ്തമാണ്. തണലത്ത് വളർത്തിയെടുക്കുന്ന ഇളം നിറത്തിലുള്ള തെയില ഇലകളിൽ നിന്നാണ് ഇതുത്പാദിപ്പിക്കുന്നത്. പറിച്ചെടുക്കാനുള്ള ഇലകള്‍ വെയില്‍ നേരിട്ട് കൊള്ളിക്കാതെ തണലില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിലൂടെ ആന്റി ഓക്‌സിഡന്റുകള്‍ നഷ്ടമാകാതിരിക്കുകയാണ് ലക്ഷ്യം. തെയിലച്ചെടിയിൽ നിന്നുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വിളവെടുപ്പിൽ ലഭിക്കുന്ന ഇലകളാണ് മാച്ചയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇലകൾ ശ്രദ്ധാപൂർവ്വം ആവിയിൽ വേവിച്ച്, ഉണക്കി, തരംതിരിച്ച്, വേർപെടുത്തി, നന്നായി അരച്ച്, മാച്ച(പച്ച നിറത്തിലുള്ള പൊടി) ആക്കുന്നു.
വിവിധ പ്രക്രിയലൂടെയാണ് ഇത് നല്ല പൗഡര്‍ രൂപത്തില്‍ അവസാനം പൊടിച്ചെടുക്കുന്നത്. ജപ്പാനില്‍ നിന്നാണ് മാച്ചാ ടീയുടെ ഉത്ഭവം. ഇതില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഒരുകാലത്ത് ജാപ്പനീസ് കുടുംബങ്ങൾ മാത്രമായിരുന്നു മാച്ച കുടിച്ചിരുന്നത്. പിന്നീട് പാശ്ചാത്യ രാജ്യങ്ങളിൽ ആരോഗ്യ പ്രേമികൾക്കിടയിലേക്കും മാച്ചയോടുള്ള പ്രിയം വ്യാപിച്ചു. ഇപ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽ, ഇന്ത്യയിലുൾപ്പെടെ വെൽനസ് രംഗത്ത് മാച്ച താരമാണെന്നാണ് റിപ്പോർട്ട്.
ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മാച്ച ആരോഗ്യപരമായി ഗുണങ്ങളേറെയുള്ള പാനീയമാണെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകളുടെയും അഭിപ്രായം. സാധാരണ ഗ്രീൻ ടീയിൽ നിന്ന് വ്യത്യസ്തമായി മാച്ചയ്ക്ക് കൂടുതൽ പോഷകമൂല്യം ഉണ്ടെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകൾ പറയുന്നത്.
ആന്റി ഓക്‌സിഡന്റുകളാണ് സമ്പന്നമാണ് മാച്ചാ ടീ. ഇതില്‍ കാറ്റെച്ചിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ തടയാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയുന്ന സസ്യസംയുക്തമാണിത്. പക്ഷേ വില ഗ്രീൻ ടീയേക്കാൾ വളരെ കൂടുതലാണ്. 50 ഗ്രാം മാച്ച പൊടിക്ക് 2000 രൂപ മുതൽ 3000 രൂപ വരെ നൽകേണ്ടി വരും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Matcha, a healthy alternative to tea and coffee