ആപ്പിളിനെ വെല്ലുന്ന ആരോഗ്യഗുണം ; അറിഞ്ഞിരിക്കാം ഞൊട്ടാഞൊടിയനെന്ന ഗോള്‍ഡന്‍ ബെറി

നാട്ടിന്‍പുറങ്ങളില്‍ വളരെ സാധാരണയായി കാണുന്ന ഒരു ചെടിയാണ് ഗോള്‍ഡന്‍ ബെറി അഥവാ ഞൊട്ടാഞൊടിയന്‍ ചെടി. മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയന്‍, നൊട്ടങ്ങ ,മുട്ടാമ്പുളി, ഞെട്ടാഞൊടി എന്നീ വിളിപ്പേരുകളും ഇതിന് പലപ്രദേശങ്ങളിലുമുണ്ട്. മഴക്കാലത്താണ് ഇത് കൂടുതലായി പറമ്പിലൊക്കെ കാട്ടുചെടിയായി വളരുന്നത്. പറച്ചിലില്‍ കാട്ടുചെടിയാണെങ്കിലും വിപണിയില്‍ വലിയ വില ലഭിക്കുന്ന പഴമാണ് ഈ ഗോള്‍ഡന്‍ ബെറി.ഇത് വിപണനാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നവരുമുണ്ട്.
പുല്‍ച്ചെടിയായി മാത്രം കണ്ട് ഗോള്‍ഡന്‍ ബറിയെ തള്ളിക്കളയാനാവില്ല. ഗോള്‍ഡന്‍ ബറിയുടെ പോഷകഗുണങ്ങള്‍ നിരവധിയാണ്. ആപ്പിള്‍, ബ്രൊക്കോളി, മാതളം എന്നിവയേക്കാള്‍ കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതാണ് ഇവ. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ വളരെ സഹായിക്കും. ഇതിന്റെ ഗുണങ്ങളറിഞ്ഞിരിക്കാം.
നേത്ര സംരക്ഷണത്തിന് ഏറ്റവും ഗുണകരമായ പഴമാണിത്.കൂടാതെ ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ഇവ സഹായിക്കും. വൈറ്റമിന്‍ സിയും എയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് പൊതുവായി ഗോള്‍ഡന്‍ ബറി കാണാറുള്ളത്.
പോളിഫിനോള്‍, കാറോടിനോയിഡ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഇവ ഗുണം ചെയ്യും. കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പും കലോറിയും തീരെക്കുറവായ ഇത് പ്രമേഹ രോഗികള്‍ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഗ്ലൈസമിക് സൂചികയും വളരെ കുറഞ്ഞ പഴമാണിത്.
ഫൈബര്‍ ധാരാളം അടങ്ങിയ ഗോള്‍ഡന്‍ ബെറി ദഹനം എളുപ്പമാക്കാനും സഹായിക്കും. ഇവ മലബന്ധത്തെ തടയാന്‍ വളരെ നല്ലതാണ്. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശരീരത്തിലെ വേദന, വീക്കം തുടങ്ങിയവയെ തടയുകയും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.ഇവയില്‍ കൊഴുപ്പും കലോറിയും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നവര്‍ക്കും ഗുണം ചെയ്യും.
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവയ്ക്ക് കഴിവുണ്ട്.കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന പെക്റ്റിന്റെ നല്ല ഉറവിടമാണ് ഗോള്‍ഡന്‍ ബെറി. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനായി കുട്ടികളും ഇത് കഴിക്കുന്നത് നല്ലതാണ്. വിപണിയില്‍ നിന്നും വാങ്ങാന്‍ വലിയ വില നല്‍കേണ്ടി വരുന്ന പഴം കൂടിയാണിത്. എളുപ്പത്തില്‍ കിട്ടുന്ന ഒന്നല്ല. പറമ്പില്‍ പാഴ്‌ച്ചെടിയായി കരുതിയവര്‍ക്ക് ഇനിയിത് പ്രയോജനപ്പെടുത്താവുന്നതാണ്.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: golden berry,cape Gooseberries,Rasbharies,ground berries,food