ഭക്ഷണപ്രിയര്‍ ഇനി ‘വിവാഹാഭ്യര്‍ഥന’ നിരസിക്കില്ല; വൈറലായി 'മാരി മീ' ചിക്കന്‍ കറി

#Food Desk
ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച 'മാരി മി' ചിക്കൻ കറിയുടെ ചിത്രം.|Photo: anna_s_table
ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച 'മാരി മി' ചിക്കൻ കറിയുടെ ചിത്രം.|Photo: anna_s_table

2025-ല്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പാചകക്കുറിപ്പുകളില്‍ ഒന്നാണ് 'മാരി മീ ചിക്കന്‍' (Marry me chicken). കറിയുടെ രുചി മാത്രമല്ല, ഇതിന്റെ പേരിലെ പ്രത്യേകതയും ഈ വിഭവത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നു. കല്യാണത്തിന് സമ്മതം ചോദിക്കാന്‍ മാത്രമല്ല എളുപ്പത്തില്‍ ഉണ്ടാക്കാൻ കഴിയുന്നതു കൊണ്ടും മാരി മീ ചിക്കന്‍ കറിയുടെ പ്രചാരം ഏറെ വര്‍ധിച്ചിട്ടുണ്ട്‌.

മാരി മീ ചിക്കന്റെ പേരിന് പിന്നിലും കൗതുകമായ ഒരു കഥയുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ ഡെലിഷ് എന്ന മാഗസിനിലെ എഡിറ്റര്‍ ആയിരുന്ന ലിന്‍ഡ്‌സെ ഫണ്‍സ്റ്റണ്‍ ടസ്‌കന്‍ ശൈലിയില്‍ ഉണ്ടാക്കിയ ചിക്കന്‍ വിഭവമാണ് ഇന്ന് മാരി മീ ചിക്കന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സണ്‍ ഡ്രൈഡ് തക്കാളി, വെളുത്തുള്ളി, ക്രീം, പാമസാന്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ വിഭവം രുചിച്ച് നോക്കിയ പരിപാടിയുടെ നിര്‍മാതാവിന്റെ വാക്കുകളാണ് കറിയുടെ പേരിന് കാരണമായത്. ഈ കറിക്ക് വേണ്ടി ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്നാണ് അന്ന് നിര്‍മാതാവ് അഭിപ്രായപ്പെട്ടത്‌. അങ്ങനെയാണ് രുചിയേറുന്ന ഈ ചിക്കന്‍കറിയ്ക്ക് ‘മാരി മീ’ എന്ന പേര് വന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ പിന്നീട് വ്യാപകമായി ഈ കറിയെക്കുറിച്ച് ചര്‍ച്ചചെയ്യപ്പെട്ടതോടെ കറി വൈറലാവുകയായിരുന്നു. പലപ്പോഴും മാരി മീയുടെ മുന്‍ഗാമിയായ ‘എന്‍ഗേജ്‌മെന്റ് ചിക്കനു’മായും  താരതമ്യപ്പെടുത്താറുണ്ട്‌. എന്നാല്‍ എന്‍ഗേജ്‌മെന്റ് ചിക്കനേക്കാള്‍ ക്രീമിയായിട്ടാണ് മാരി മീ ചിക്കന്‍ ഉണ്ടാക്കുക.

ബ്രൗണ്‍ നിറത്തില്‍ വറുത്തെടുത്ത ചിക്കന്‍ ബ്രസ്റ്റുകള്‍ ക്രീം, ചിക്കന്‍ ബ്രോത്ത്, വെളുത്തുള്ളി, സണ്‍-ഡ്രൈഡ് ടൊമാറ്റോ, പാമസാന്‍, ചീസ് എന്നിവയാണ് മാരി മീ ചിക്കനുണ്ടാക്കാന്‍ വേണ്ടത്. ഇവയെല്ലാം കൂടി ചേരുമ്പോള്‍ രുചികരമായ സോസില്‍ വേവിക്കപ്പെടുന്നു. തൈം, ഓറിഗാനോ, ബേസില്‍ പോലുള്ള ഇലകള്‍ ഇതിന് കൂടുതല്‍ രുചി നല്‍കുന്നു. വൈറ്റ് വൈന്‍ അല്ലെങ്കില്‍ ഡിഷോണ്‍ മസ്റ്റാര്‍ഡ് ഇതിന്റെ രുചി വര്‍ധിപ്പിക്കുന്നു. പാസ്ത, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്ന ഒരു കറിയാണിത്. എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതും പ്രത്യേക അവസരങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റുന്നതുമാണ് മാരി മീ ചിക്കന്‍.

മാരി മീ ചിക്കന്‍ ഉണ്ടാക്കുന്നതിനായി പല ആളുകള്‍ വിവിധ തരത്തിലുള്ള പാചകക്കുറിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പല പേജുകളിലും ഇതുമായി ബന്ധപ്പെട്ട വീഡിയോകളും കുറിപ്പുകളും കാണാം. രുചികരമായ ഭക്ഷണം എന്നതിലുപരി ആളുകള്‍ തമ്മിലുള്ള അടുപ്പവും ബന്ധവും വര്‍ധിപ്പിക്കുമെന്ന ആശയം കൂടി ഈ വിഭവത്തിലൂടെ പ്രതിഫലിപ്പിക്കുന്നു.

Content Highlights: Discover the viral Marry Me Chicken recipe! Creamy, flavorful, and easy to make. Perfect for special occasions and everyday meals.