ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കുക്കര്‍ രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തി; അമ്പരന്ന് യുവാവ്

ഓണ്‍ലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ മാറി വരുന്നതും കേടുപാടുപാടുകള്‍ പറ്റുന്നതും ശൂന്യമായ പാക്കേജുകള്‍ എത്തുന്നതും നമുക്ക് പരിചിതമാണ്. എന്നാല്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഒരു കുക്കര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മേല്‍വിലാസത്തിലേക്ക് എത്തിയ വിചിത്ര സംഭവം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 2022 ഒക്ടോബറില്‍ യുവാവ് ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത കുക്കര്‍ വീട്ടിലേക്കെത്തിയത് 2024 ഓഗസ്റ്റിലാണ്.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ഡര്‍ ചെയ്ത കുക്കര്‍ വീട്ടിലേക്ക് എത്തി എന്നതിനേക്കാള്‍ രസകരം മറ്റൊന്നാണ്. 2022-ല്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്‌തെങ്കിലും യുവാവ് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തിരുന്നു. അടച്ച പണം തിരികെ ലഭിക്കുകയും ചെയ്തു. അതിനു ശേഷമാണ് അപ്രതീക്ഷിതമായി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കുക്കര്‍ ലഭിച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ രണ്ടു വര്‍ഷം മുമ്പ് കുക്കര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും യൂവാവ് ചേര്‍ത്തിട്ടുണ്ട്. 'രണ്ടു വര്‍ഷങ്ങൾക്കു ശേഷം ഓര്‍ഡര്‍ എത്തിച്ചുനല്‍കിയതിന് ആമസോണിന് നന്ദി. ഇത്രയും നാളത്തെ കാത്തിരിപ്പില്‍ പാചകക്കാരന്‍ അതീവ സന്തോഷവനാണ്, അതുകൊണ്ട് സ്‌പെഷ്യലായുള്ള പ്രഷര്‍ കുക്കറാണ്' എന്ന തമാശരൂപേണയുള്ള അടിക്കുറുപ്പോടെയാണ് എക്‌സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ആമസോണിന്റെ ഒദ്യോഗിക കസ്റ്റമര്‍ സര്‍വ്വീസ് ടീം പോസ്റ്റിന് മറുപടി നല്‍കിയിട്ടുണ്ട്. 'സപ്പോര്‍ട്ടിങ്ങ് ടീമിന് റിപ്പോര്‍ട്ട് നല്‍കു' എന്നാണ് ആമസോണിന്റെ മറുപടി. 'എന്ത് റിപ്പോര്‍ട്ട് ചെയ്യാനാണ്, 2022-ല്‍ ഓര്‍ഡര്‍ ചെയ്ത് കാന്‍സല്‍ ചെയ്ത് റീഫണ്ടും ലഭിച്ച ഓര്‍ഡറിന് ഞാന്‍ ഇനി എങ്ങനെ പണമടക്കാനാണെ'ന്നാണ് യുവാവ് ആമസോണിന്റെ മറുപടിക്കുള്ള പ്രതികരിച്ചു. സമാനമായ അനുഭവമുള്ള നിരവധി പേര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: man received a cooker he ordered and cancelled on amazon 2 years ago