ഉപ്പും മുളകും അൽപം ചോക്ലേറ്റും ചേർത്ത് ഒരു വെറൈറ്റി ഓംലെറ്റ്; കടുത്തുപോയെന്ന് ഭക്ഷണപ്രേമികൾ

ഭക്ഷണത്തിലെ വൈവിധ്യങ്ങളെക്കുറിച്ച് എത്രപറഞ്ഞാലും തീരില്ല. തീരെ ചേരാത്ത ചേരുവകൾ ചേർത്ത് ഭക്ഷണം തയ്യാറാക്കുന്നതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമത്തിൽ വൈറലാകാറുണ്ട്. ചിലതെല്ലാം ക്രിയേറ്റിവിറ്റി എന്നുപറഞ്ഞ് പ്രശംസ ഏറ്റുവാങ്ങുമ്പോൾ മറ്റുചിലത് ക്രൂരവിമർശനങ്ങളും നേരിടാറുണ്ട്. വ്യത്യസ്തമായൊരു ഓംലെറ്റിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത്.
ഐസ്ക്രീം റോളിനും ചീസ് ചായക്കും ചോക്കളേറ്റ് മാഗിക്കുമൊക്കെ ശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ പുതിയ വിഭവം ചോക്ലേറ്റ് ഓംലെറ്റ് ആണ്. തെരുവോരത്ത് തകൃതിയായി ചോക്ലേറ്റ് ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തുടക്കത്തിൽ സാധാരണ ഓംലെറ്റ് ഉണ്ടാക്കുന്ന പാചകരീതിയാണെന്ന് തോന്നുമെങ്കിലും സംഗതി വ്യത്യസ്തമാണ്. ഒരു പാനിൽ ബട്ടർ ഇട്ട് മുട്ട പൊട്ടിച്ച് ചേർക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും തക്കാളിയും ചേർത്ത് അൽപം ഉപ്പും മസാലകളും ചേർക്കുന്നു. ശേഷം മല്ലിയില ചേർക്കുകയും ചുരണ്ടിയ പനീർ ചേർക്കുകയും ചെയ്യുന്നുണ്ട്. അതിനുശേഷം ഒരു ചോക്ലേറ്റ് എടുത്ത് പാനിലേക്ക് ചുരണ്ടുന്നതു കാണാം. തീർന്നില്ല പിന്നാലെ ചോക്ലേറ്റ് സിറപ്പ് ഒഴിക്കുകയും അതിനു മുകളിൽ ബ്രെഡും ചീസും വച്ച് അമർത്തുകയും ചെയ്യുന്നുണ്ട്. എല്ലാത്തിനുമൊടുവിൽ വീണ്ടും ചോക്ലേറ്റ് സിറപ്പ് ചേർത്താണ് ഓംലെറ്റ് തയ്യാറാക്കിയെടുക്കുന്നത്.
എഴുലക്ഷത്തോളം പേർ വീഡിയോ കണ്ടെങ്കിലും റെസിപ്പി അധികമാർക്കും ഇഷ്ടപ്പെട്ട മട്ടില്ല. ഈ പരീക്ഷണം അൽപം കടുത്തുപോയി എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ചോക്ലേറ്റ് ചേർക്കുന്നതിന് മുമ്പുവരെ രുചികരമായിരിക്കുന്ന ഓംലെറ്റ് എന്നാണ് ചിലർ കമന്റ് ചെയ്തത്. ഓംലെറ്റിനോട് എന്തിനാണ് ഈ ക്രൂരത എന്നും ഓംലെറ്റ് പ്രേമികളെ തകർക്കുന്ന റെസിപ്പിയാണ് ഇതെന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: man makes chocolate omelette viral video