അനലോഗ് പനീറിന് വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര; ലംഘിച്ചാൽ പിഴ ഒരു ലക്ഷം

പനീറിനും വ്യാജനോ? അതേ പനീറിനും വ്യാജനുണ്ട്. ആ വ്യാജന്റെ പേരാണ് അനലോഗ് പനീർ. ആ വ്യാജനെ നിരോധിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. അനലോഗ പനീർ നിർമിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും വിലക്കിയിരിക്കുകയാണ് സംസ്ഥാനത്തെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. വിലക്ക് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ജയിൽശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് മരണം സംഭവിച്ചാൽ ശിക്ഷ ജീവപര്യന്തത്തിലേക്ക് നീളും.
എന്താണ് ഈ അനലോഗ് പനീർ?
പകരക്കാരൻ എന്ന അർഥത്തിലാണ് അനലോഗ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. യഥാർഥ പനീർ പാലിൽനിന്ന് നിർമിക്കുമ്പോൾ അനലോഗ് പനീർ വിലകുറഞ്ഞ വസ്തുക്കളുപയോഗിച്ച് കൃത്രിമമായി നിർമിക്കപ്പെടുന്നു. ഇതിലെ പാലിലെ കൊഴുപ്പിന് പകരം വെജിറ്റബിൾ ഓയിലോ പാം ഓയിലോ ഉപയോഗിക്കുന്നു.
പനീറിൽ മായം ചേർക്കുകയല്ല വ്യത്യസ്ത ചേരുവകളിലൂടെ വ്യാജനെ നിർമിക്കുകയാണ് ചെയ്യുന്നത്. അതായത് ഒരു ഫോർമുലേറ്റഡ് ഫുഡ് ആണ് അനലോഗ് പനീർ. ശരിയായി ലേബൽ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമപരമാണ്. അതല്ലാതെ പനീർ എന്ന പേരിലാണ് വിൽക്കപ്പെടുന്നത് എങ്കിൽ അത് വ്യാജനായി കണക്കാക്കപ്പെടും.
പാൽ ഉൽപ്പന്നമായി തെറ്റിദ്ധരിപ്പിക്കാതിരിക്കുന്നിടത്തോളം ഫുഡ് ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അനലോഗ് പനീറിനോട് എതിർപ്പില്ല. പക്ഷെ അത് അനലോഗ് പനീറാണെന്ന് വ്യക്തമായി രേഖരെപ്പടുത്തിയിരിക്കണമെന്ന് മാത്രം. നിലവിൽ രണ്ടുസംസ്ഥാനങ്ങൾ മാത്രമാണ് അനലോഗ് പനീറിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത് ചത്തീസ്ഗഢ്, ഇപ്പോൾ മഹാരാഷ്ട്ര. അനലോഗ് പനീറിലെ കൊഴുപ്പ് സസ്യങ്ങളിൽ നിന്നുള്ളതാണ്. അതിനാൽ സസ്യ സംയുക്തമായ ബീറ്റാ-സിറ്റോസ്‌റ്റെറോൾ അടങ്ങിയിട്ടുണ്ട്. ഇത് പാൽ കൊഴുപ്പിൽ ഒരിക്കലും കാണില്ല. ഗ്യാസ് ക്രോമാറ്റോഗ്രാഫി വഴി ലാബോറട്ടറികളാണ് ഇത് കണ്ടെത്തുന്നത്.
അനലോഗ് പനീർ ആരോഗ്യത്തിന് ഹാനികരമാണോ എന്ന് ചോദിച്ചാൽ പൂർണമായും അല്ല. ഇത് സാധാരണയായി ട്രാൻസ് കൊഴുപ്പുകൾ കുറഞ്ഞവയാണ്. ഇന്ത്യയിൽ ട്രാൻസ് കൊഴുപ്പ് 2 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര അനലോഗ് പനീറിനെ നിരോധിച്ചതിന് പ്രധാന കാരണം പനീർ എന്ന പേരിൽ ഇത് വിളമ്പുന്നതുകൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Maharashtra FDA banned analogue paneer on July 30., Analogue paneer uses vegetable oil and starch instead of milk protein., The ban targets the deceptive practice of passing off imitation products as genuine dairy., Real paneer browns during frying, whereas analogue paneer tends to slump and release oil., Lab testing via gas chromatography detects plant-based fats like beta-sitosterol.