റെസ്റ്റോറന്റിൽ വിളമ്പിയ സുഷിയിൽ ജീവനുള്ള വിര; പിന്നാലെ ക്ഷമാപണം- വീഡിയോ

#Food Desk
Photo: Screengrab
Photo: Screengrab

ഹോങ്കോങ്ങിലെ ഒരു ജാപ്പനീസ് റെസ്റ്റോറന്റിൽ വിളമ്പിയ സുഷിയിൽ (സാഷിമി) ജീവനുള്ള വിരയെ കണ്ടെത്തിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹോങ്കോങ്ങിലെ കോസ്‌വേ ബേയിലുള്ള ജാപ്പനീസ് റെസ്റ്റോറന്റ് ശൃംഖലയായ ഗാറ്റൻ സുഷിയിലാണ് മെയ് 8-ന് ഈ സംഭവം നടന്നത്.

ഭക്ഷണം കഴിക്കാൻ എത്തിയ ആൾ ഗോൾഡൻ ഐ സ്നാപ്പർ സാഷിമിയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇതിൽ നിന്നും നൂൽ പോലെയുള്ള ഒരു വിര പുറത്തേക്ക് വരുന്നത് ശ്രദ്ധിച്ചത്. ഇവർ വീഡിയോ ത്രെഡ്സിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഹോങ്കോങ്ങിലെ ഫുഡ് ആൻഡ് എൻവയോൺമെന്റൽ ഹൈജീൻ ഡിപ്പാർട്ട്‌മെന്റിന് ഇമെയിൽ വഴി പരാതി നൽകുകയും ചെയ്തു. പച്ച മത്സ്യം ഉപയോഗിച്ച് തയ്യാറാക്കുന്ന സാഷിമി പോലുള്ള വിഭവങ്ങളിൽ ഇത്തരം പരാദ ജീവികൾ കാണപ്പെടാൻ സാധ്യതയുണ്ട്.

സംഭവം വിവാദമായതോടെ ഇൻസ്റ്റാഗ്രാമിലൂടെ മാപ്പ് ചോദിച്ച് ഗാറ്റൻ സുഷി രംഗത്തെത്തി. ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയ ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച റെസ്റ്റോറന്റ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. കൂടാതെ, ഗോൾഡൻ ഐ സ്നാപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ എല്ലാ വിഭവങ്ങളും ഒഴിവാക്കിയതായും, ബാച്ച് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിർത്തിവെച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകൾ കർശനമാക്കുമെന്നും ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെ ഫുഡ് ആൻഡ് എൻവയോൺമെന്റൽ ഹൈജീൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ പരിശോധന നടത്തി. പ്രശ്നത്തിനിടയാക്കിയ ഉൽപ്പന്നങ്ങൾ റെസ്റ്റോറന്റിൽ നിന്ന് ഇതിനകം മാറ്റിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.  സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlights: An investigation has been launched after a viral video surfaced showing a live parasite crawling inside a Golden Eye Snapper Sashimi served at a Gaten Sushi outlet in Causeway Bay, Hong Kong, prompting an official apology and product recalls from the restaurant chain.