പഞ്ചസാരയില്ല, പ്രോട്ടീൻ കൂടും; ഹൈടെക് വിഭവങ്ങളുമായി കുടുംബശ്രീ വിപണിയിലേക്ക്

ആലപ്പുഴ: ആരോഗ്യകരമായ ഭക്ഷണശീലമുറപ്പാക്കാൻ പഞ്ചസാരയില്ലാത്തതും പ്രോട്ടീൻ കൂടുതലുള്ളതുമായ ഹൈടെക് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ. കാർഷിക ഉപജീവനമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന ‘കെ-ടാപ്’ പദ്ധതിയിലെ ‘കെ-ഇന’ത്തിലൂടെയാണ് ഉത്പന്നങ്ങളെത്തിക്കുക.
ഇതിന്റെ ഭാഗമായി പുതിയ 30 സാങ്കേതികവിദ്യകളുടെ പരിശീലനം പൂർത്തിയായി. കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിന്റെ (കെ-ടാപ്) ഭാഗമായി കഴിഞ്ഞവർഷം വാങ്ങിയ 180 സാങ്കേതികവിദ്യകളിൽ 30 എണ്ണം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഇതിനു പുറമേയുള്ള 30 സാങ്കേതികവിദ്യകളുടെ പരിശീലനമാണ് ഇപ്പോൾ പൂർത്തിയായത്.
പരമ്പരാഗത ഭക്ഷ്യസംസ്കരണ രീതി, ഉത്പന്നങ്ങളുടെ കുറഞ്ഞ വിപണിമൂല്യം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെയും സർട്ടിഫിക്കേഷനുകളുടെയും അഭാവം തുടങ്ങി കുടുംബശ്രീ സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരമാണു പദ്ധതി.
ഉത്പന്നങ്ങളിലെ വൈവിധ്യം
ആരോഗ്യകരമായ ഭക്ഷണവിഭാഗത്തിൽ പ്രമേഹരോഗികൾക്കുപയോഗിക്കാവുന്ന കെയ്ക്ക് മിക്സ്, ഗ്ലൈസിമിക് ഇൻഡക്സ് (പഞ്ചസാര ആഗിരണം) കുറഞ്ഞ ഭക്ഷണം, കൂടുതൽ മാംസ്യമടങ്ങിയ ലഘുഭക്ഷണം, പഞ്ചാരയില്ലാത്ത വിഭവങ്ങൾ എന്നിവയാണ് ഉൾപ്പെടുക.
കാർഷിക മൂല്യവർധിത വിഭാഗത്തിൽ തേൻ ചേർത്തുള്ള ഉത്പന്നങ്ങളും നാളികേരം, മുരിങ്ങ, ചെറുധാന്യങ്ങൾ, വിവിധതരം കിഴങ്ങുകൾ എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങളും ഉൾപ്പെടും.
ബഹുധാന്യ റൊട്ടി, പഴച്ചാറുകൾ, ഉടൻ തയ്യാറാക്കാവുന്ന ഭക്ഷ്യമിശ്രിതം എന്നിവയും സോപ്പ്, ചന്ദനത്തിരി തുടങ്ങിയവയും വിപണിയിലെത്തിക്കും. ഡയബറ്റിക് മിക്സ്, വിവിധതരം പാനീയങ്ങൾ, കോഫി ക്യൂബുകൾ, വെർജിൻ കോക്കനട്ട് ഒായിൽ, ന്യൂട്രീബാർ, ബേബി പൗഡർ, കപ്പ, ഏത്തപ്പഴം എന്നിവകൊണ്ടുള്ള ഉത്പന്നങ്ങൾ ആദ്യഘട്ടത്തിൽ വിപണിയിലെത്തിച്ചിരുന്നു.
പരിശീലനം
ഓരോ സാങ്കേതികവിദ്യയും വ്യത്യസ്തമാണ്. ഓരോന്നിലും കുറഞ്ഞതു രണ്ടു പേർക്കാണു പരിശീലനം.
ഇതുവരെ 120 പേർ പരിശീലനം പൂർത്തിയാക്കി. ഉത്പന്നങ്ങൾ ഉടൻ നിർമിച്ചുതുടങ്ങും.
Content Highlights: Kudumbashree launches high-tech food production via the K-TAP project.