സോഷ്യല്‍മീഡിയ ഏറ്റെടുത്ത കൊറിയന്‍ പാനീയം; ബനാനാ കോഫി എങ്ങനെ തയ്യാറാക്കാം

സോഷ്യല്‍മീഡിയയില്‍ തരംഗമായ കൊറിയന്‍ പാനീയത്തെ കുറിച്ച് അറിഞ്ഞില്ലേ? കൊറിയന്‍ ബനാനാ കോഫി. ബനാനാ മില്‍ക്കും കോഫിയും ചേര്‍ന്നതാണ് ഈ പാനീയം. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളില്‍നിന്നും ഇന്ന് ലോകമെമ്പാടുമുള്ള കഫേ മെനുകളില്‍ ഇത് ഇടംപിടിച്ചിരിക്കുന്നു. ടിക്ടോക്കിലൂടെയാണ് കൊറിയന്‍ ബനാനാ കോഫി വൈറലായത്.
താഴെ ക്രീം പോലെയുള്ള ബനാനാ മില്‍ക്കും മുകളില്‍ കാപ്പിയുടെ പാളികളുമുള്ള രൂപമാണ് ബനാനാ കോഫിക്കുള്ളത്.
1970-കള്‍ മുതലുള്ള ഈ കൊറിയന്‍ പാനീയം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം റീലുകളിലും എത്തിയിരിക്കുകയാണ്. എളുപ്പം തയ്യാറാക്കാമെന്നതും ഭംഗിയുള്ള പ്രകൃതവും കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് കൊറിയന്‍ ബനാനാ കോഫിയെ സഹായിച്ചിട്ടുണ്ടാകാം.
എന്താണ് ബനാനാ കോഫി?
സ്മൂത്തിയും ലാറ്റെയുടെയും ഒരു സങ്കരയിനമാണ് ഈ പാനീയമെന്ന് പറയാം. പഴുത്ത പഴം (അല്ലെങ്കില്‍ പഴത്തിന്റെ രുചിയുള്ള പാല്‍), തണുപ്പിച്ച പാല്‍, ഐസ്, കടുപ്പമുള്ള കാപ്പി അല്ലെങ്കില്‍ എസ്‌പ്രെസ്സോ എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. 150 കലോറി ഊർജമാണത്രേ ബനാനാ കോഫിക്കുള്ളത്.
രണ്ടു തരമാണ് ഈ പാനീയമുള്ളത്
1. ബനാനാ മില്‍ക്ക് കോഫി
കൊറിയയുടെ പ്രശസ്തമായ ബനാനാ ഫ്‌ളേവറുള്ള പാല്‍ ഉപയോഗിച്ചാണ് ഈ തരം പാനീയം തയ്യാറാക്കുന്നത്. സാധാരണയായി ഐസിനൊപ്പം ഹേസല്‍നട്ട് കോഫിയുമായി കലര്‍ത്തിയാണ് ഇത് തയ്യാറാക്കുന്നത്.
2. ബനാനാ എസ്‌പ്രെസ്സോ സ്മൂത്തി
പഴുത്ത പഴം, പാല്‍, ഐസ്, എസ്‌പ്രെസ്സോ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന രീതിയാണിത്.
ബനാനാ കോഫിയുടെ പോഷകഗുണങ്ങള്‍ അതിന്റെ ആകര്‍ഷണീയതയ്ക്കുള്ള ഒരു കാരണമാണ്. പഴത്തില്‍ പൊട്ടാസ്യം, നാരുകള്‍, പ്രകൃതിദത്തമായ പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാപ്പിയുമായി ചേരുമ്പോള്‍, മധുരം കൂടിയ ഫ്രാപ്പേകള്‍ക്ക് ഇത് ആരോഗ്യകരമായ ഒരു ബദലായി മാറുന്നു.
എങ്ങനെയാണ് ബനാനാ കോഫി തയ്യാറാക്കുക എന്ന് നോക്കാം
ആവശ്യമായ ചേരുവകള്‍
പഴുത്ത പഴം-1
തണുത്ത പാല്‍-1 കപ്പ്
ഇന്‍സ്റ്റന്റ് കോഫി 1-2 ടേബിള്‍ സ്പൂണ്‍ അല്ലെങ്കില്‍ 1 ഷോട്ട് എക്‌സ്പ്രസ്സോ
തേന്‍ അല്ലെങ്കില്‍ പഞ്ചസാര- 1-2 ടേബിള്‍ സ്പൂണ്‍
ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്നവിധം
പഴവും പാലും ഐസും തേനും ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ശേഷം ഒരു ഗ്ലാസിലൊഴിക്കുക. ഇതിലേക്ക് തയ്യാറാക്കിവെച്ച കാപ്പി ഒഴിക്കുക. ബനാനാ കോഫി റെഡി.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Korean Banana Coffee: Viral TikTok Drink Recipe