50 രൂപയ്ക്ക് ഒരുദിവസത്തെ ഭക്ഷണം, ഇന്ദിരാ കാന്റീൻ തുടങ്ങി കൊച്ചി കോർപ്പറേഷൻ

ഇന്ദിരാകാന്റീന്‍, പ്രതീകാത്മക ചിത്രം: Canva
ഇന്ദിരാകാന്റീന്‍, പ്രതീകാത്മക ചിത്രം: Canva

കൊച്ചി: അൻപതുരൂപയ്ക്ക് ഒരുദിവസത്തെ ഭക്ഷണം നൽകുന്ന കൊച്ചി കോർപ്പറേഷന്റെ ഇന്ദിരാ കാന്റീൻ തുറന്നു. പുതിയ ഭരണസമിതി വന്നശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ പ്രധാന പദ്ധതിയായിരുന്നു ഇത്. നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫീസിൽ ആരംഭിച്ച ആദ്യ ഇന്ദിരാ കാന്റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാന്റീൻ സമയം. തിങ്കളാഴ്ച മുതലാണ് പൂർണതോതിൽ പ്രവർത്തനമാരംഭിക്കുക. പശ്ചിമകൊച്ചിയിൽ ഉടൻ ഇന്ദിരാ കാന്റീൻ തുറക്കും.

പ്രഭാത-രാത്രി ഭക്ഷണങ്ങൾക്ക് 10 രൂപ വീതവും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഈടാക്കുന്നത്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് ഇടപ്പള്ളിയിലെ ഇന്ദിരാ കാന്റീൻ യാഥാർഥ്യമാക്കിയത്. 50 രൂപയുണ്ടെങ്കിൽ ഒരാൾക്ക് ഒരുദിവസം വയറുനിറയെ ഭക്ഷണം കഴിക്കാമെന്ന് അധ്യക്ഷത വഹിച്ച മേയർ വി.കെ. മിനിമോൾ പറഞ്ഞു. കോർപ്പറേഷന്റെ അഭിമാന പദ്ധതിയായ സമൃദ്ധി ആണ് ഇന്ദിരാ കാന്റീനുകൾക്ക് ചുക്കാൻപിടിക്കുന്നത്. സമൃദ്ധിയെ ആഗോള ബ്രാൻഡാക്കി മാറ്റുമെന്നും മേയർ പറഞ്ഞു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി പൈനുതറ പദ്ധതി വിശദീകരണം നടത്തി. ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ കെ. ബാബു, ഉമാ തോമസ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഷാകൃത സുരേഷ് ബാബു, ടി.കെ. അഷ്‌റഫ്, സീനാ ഗോകുലൻ, അഡ്വ. പി.എം. നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, ഐ.ഡി.ബി.ഐ. ബാങ്ക് ജനറൽ മാനേജർ ഷിജു വർഗീസ്, കോർപ്പറേഷൻ സെക്രട്ടറി പി. എസ്. ഷിബു എന്നിവർ പ്രസംഗിച്ചു.

Content Highlights: Launch of Indira Canteen by Kochi Corporation providing full-day meals for 50 rupees., Pricing structure: Breakfast (10), Lunch (30), Dinner (10)., Operational hours from 8 AM to 8 PM., Supported by IDBI Bank CSR funds and managed under the Samriddhi project., Future expansion planned for West Kochi.