'100% ഇന്ത്യന്‍ ബ്രാന്റാണ്, ഈ പേര് ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗം'-വിശദീകരണവുമായി കറാച്ചി ബേക്കറി

ഫ്രൂട്ട് ബിസ്‌ക്കറ്റുകള്‍ക്ക് പേരുകേട്ട കറാച്ചി ബേക്കറി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ്. 1953-ല്‍ ഖാന്‍ചന്ദ് രാംനാനി സ്ഥാപിച്ച ഈ ബേക്കറി ഇപ്പോള്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലാണ്. ബ്രാന്റ് നെയിം തന്നെയാണ് അവരെ കുഴപ്പിക്കുന്നത്.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ കറാച്ചിയുടെ പേരിലുള്ള ബേക്കറിക്കെതിരെ ഹൈദരാബാദിലും വിശാഖപട്ടണത്തും പ്രതിഷേധമുയര്‍ന്നു. ഹൈദരാബാദില്‍ ഇന്ത്യന്‍ പതാകയമായെത്തിയ പ്രതിഷേധിക്കാര്‍ ബേക്കറിയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ വിശദീകരണവുമായി കറാച്ചി ബേക്കറി രംഗത്തെത്തി. തങ്ങളുടെ ആസ്ഥാനം ഹൈദരാബാദാണെന്നും നൂറ് ശതമാനം ഇന്ത്യന്‍ കമ്പനിയാണെന്നും പേര് തങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും കറാച്ചി ബേക്കറി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
'1953-ല്‍ ഇന്ത്യയിലെ ഹൈദരാബാദില്‍ സ്ഥാപിതമായ 100% ഇന്ത്യന്‍ ബ്രാന്റാണ് കറാച്ചി ബേക്കറി. ഞങ്ങളുടെ പേര് പാകിസ്താന്‍ ദേശീയതയുടെ ഭാഗമല്ല, അത് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ജനങ്ങളെ സ്‌നേഹത്തോടെ സേവിക്കുന്ന ഇന്ത്യന്‍ ബ്രാന്റായ ഞങ്ങള്‍ ആരാണെന്ന് മനസിലാക്കി ദയവായി പിന്തുണ നല്‍കുക'-കറാച്ചി ബേക്കറി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കറാച്ചി ബേക്കിറയുടെ പേര് വിഭജന കാലഘട്ടത്തിലെ പാരമ്പര്യത്തില്‍ വേരൂന്നിയതാണെന്ന് ബേക്കറിയുടെ ഇപ്പോഴത്തെ ഉടമകളായ രാജേഷും ഹരീഷ് രാംനാനിയും പി.ടി.ഐയോട് പ്രതികരിച്ചു. വിഭജന കാലത്ത് പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുത്തച്ഛന്‍ ഖാന്‍ചന്ദ് രാംനാനിയാണ് ബേക്കറിക്ക് ജന്മനാടിന്റെ പേര് നല്‍കിയത്. ഞങ്ങള്‍ ഇന്ത്യക്കാരായതില്‍ അഭിമാനിക്കുന്നവരാണ്. 1953 മുതല്‍ ഈ രാജ്യത്ത് ബേക്കിങ് നടത്തുന്നവരാണെന്നും രാജേഷും ഹരീഷും വ്യക്തമാക്കി.
Content Highlights: karachi bakery is an indian brand say promoters amid name row