കഞ്ഞിവെള്ളം കളയുകയാണോ പതിവ്?

ദിവസവും ചോറുണ്ടാക്കാത്ത മലയാളിയുടെ വീട് വിരളമാണ്. ബാക്കി വരുന്ന കഞ്ഞിവെള്ളം ചെറുചൂടുവെള്ളവും ഉപ്പും ചേർത്ത് കുടിക്കുന്നവരുണ്ട്. കളയാൻ മറന്നാൽ കട്ട കെട്ടി ഉപയോഗശൂന്യവുമാകും. എന്നാൽ പോഷകങ്ങളും അന്നജവും നിറഞ്ഞ കഞ്ഞിവെള്ളം ദൈനംദിന ഭക്ഷണത്തെ മെച്ചപ്പെടുത്താൻ ഉപയോഗിക്കാമെന്ന് പലർക്കും അറിയില്ല. കഞ്ഞിവെള്ളം പാഴാക്കാതെ പാചകത്തിൽ ഉപയോഗിക്കാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗങ്ങൾ ഇതാ.
സൂപ്പുകളിലും ദാലുകളിലും ചേർക്കാം
കഞ്ഞിവെള്ളം സൂപ്പുകൾ, രസം, ദാൽ എന്നിവയിൽ ചേർക്കാവുന്നതാണ്. പാചകം ചെയ്യുമ്പോൾ കഞ്ഞിവെള്ളം ചേർത്ത് മെല്ലെ തിളപ്പിക്കുക. ഇത് തയ്യാറാക്കുന്ന ഭക്ഷണത്തിൻ്റെ അളവ് വർധിപ്പിക്കാനും കട്ടികൂട്ടാനും മികച്ച മാർഗമാണ്.
മാവ് കുഴയ്ക്കാൻ ഉപയോഗിക്കാം
റൊട്ടി, ചപ്പാത്തി, പൂരി തുടങ്ങിയവയ്ക്കുള്ള മാവ് കുഴയ്ക്കാൻ വെള്ളത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് മാവിനെ മൃദുവാക്കുകയും പൊങ്ങിവരാൻ സഹായിക്കുകയും ചെയ്യും.
പച്ചക്കറികൾ വേവിക്കാം
കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ വേവിക്കുമ്പോൾ വെള്ളത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിക്കാം. ഇത് രുചി നിലനിർത്തുകയും ഒരു നേരിയ മധുരം നൽകുകയും സാധാരണ വെള്ളത്തിൽ നഷ്ടപ്പെടുന്ന പോഷകങ്ങൾ സംരക്ഷിക്കുകയും ചെയ്യും.
ചട്ണി അരയ്ക്കാം
ചട്ണി തയ്യാറാക്കുമ്പോൾ കഞ്ഞിവെള്ളം ഉപയോഗിച്ച് അരയ്ക്കുക. ഇത് ചട്ണിക്ക് മിനുസമാർന്ന ഘടന നൽകുകയും ചേരുവകൾ നന്നായി സംയോജിക്കാൻ സഹായിക്കുകയും ചെയ്യും. തേങ്ങ, പുതിന, അല്ലെങ്കിൽ കപ്പലണ്ടി ചട്ണിയായാലും രുചി കൂട്ടും.
മാവ് പുളിപ്പിക്കാൻ സഹായിക്കും
ദോശ, ഇഡ്ഡലി മാവ് പുളിപ്പിക്കാൻ കഞ്ഞിവെള്ളം ഉപയോഗിക്കാം. മാവിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് പുളിക്കാൻ വയ്ക്കുക. ഇത് മാവ് നന്നായി പൊങ്ങാൻ സഹായിക്കും.
ഗ്രേവികളിൽ ഉപയോഗിക്കാം
കറിയോ സബ്ജിയോ വളരെ ദ്രവരൂപത്തിലാണെങ്കിൽ, വെള്ളത്തിന് പകരം കഞ്ഞിവെള്ളം ചേർക്കുക. ഇത് ഗ്രേവിയെ കട്ടിയാക്കുകയും മസാലകൾ ഒന്നിച്ചു ചേർക്കാൻ സഹായിക്കുകയും ചെയ്യും.
ആവിയിൽ വേവിക്കാൻ
ആവിയിൽ വേവിച്ചെടുക്കുന്ന ഇഡ്ഡലി പോലുള്ള ഭക്ഷണങ്ങൾ തയ്യാറാക്കാൻ സ്റ്റീമറിന്റെ അടിയിൽ കഞ്ഞിവെള്ളം ഒഴിക്കാം. വിഭവങ്ങളെ ഈർപ്പമുള്ളതും മൃദുവുമാക്കി നിലനിർത്തുന്നു,
പുനരുപയോഗിക്കുക
കഞ്ഞിവെള്ളം തണുപ്പിച്ച ശേഷം ഒരു വൃത്തിയുള്ള പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ദിവസം മുഴുവൻ വിവിധ വിഭവങ്ങളിൽ ഇത് ചേർക്കാം. ചോറ് പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷക്കാൻ ശ്രദ്ധിക്കാം
അധികം ചേരുവകളൊന്നുമില്ലാതെ വെറും കഞ്ഞിവെള്ളം കൊണ്ട് രസമുണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
കഞ്ഞിവെള്ളം - ഒരു ലിറ്റര്‍
വെളുത്തുള്ളി - 4 എണ്ണം
ചുവന്നുള്ളി - 10 എണ്ണം
ഉണക്കമുളക് - 6-7 എണ്ണം
ഉപ്പ്, വാളന്‍പുളി, കായം -പാകത്തിന്
തയ്യാറാക്കുന്ന വിധം
കുറച്ച് വെളിച്ചെണ്ണ ഒരു ചീനച്ചട്ടിയില്‍ ചൂടാക്കി വെളുത്തുള്ളി, ചുവന്നുള്ളി, ഉണക്കമുളക് എന്നിവ വഴറ്റുക. നന്നായി വാട്ടിയശേഷം ഇവ ചെറുതായി ചതയ്ക്കുക. ഉപ്പും വാളന്‍പുളി പിഴിഞ്ഞതും ചേര്‍ത്ത് ഇളക്കുക. കഞ്ഞിവെള്ളം പാത്രത്തില്‍ എടുത്ത് തയ്യാറാക്കിയ ചേരുവകള്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. തിളച്ചശേഷം കടുക്, കറിവേപ്പില, ഒന്നോ രണ്ടോ ഉണക്കമുളക്, കായം എന്നിവ ചേര്‍ത്ത് താളിക്കുക. വെളുത്തുള്ളി ഉപയോഗിക്കാത്തവര്‍ക്ക് ഇത് ഒഴിവാക്കാം.
Content Highlights: Innovative Uses for Rice Water in Kerala Cuisine