തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാന്‍ 'ഗോഡസ് ഗ്ലോ' ജ്യൂസ്; വേണ്ടത് അഞ്ച് ചേരുവകള്‍ മാത്രം

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകാനിടയില്ല. അതിനായി വിലകൂടിയ ക്രീമുകളുടെയും മറ്റും പിന്നാലെ പോകുന്നവരുമുണ്ട്. എന്നാല്‍ നിങ്ങളുടെ അടുക്കളയിലെ വെറും അഞ്ചേ അഞ്ച് സംഗതികള്‍ ഉപയോഗിച്ച് തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാമെന്ന് പറഞ്ഞാലോ. വെല്‍നസ് എക്‌സ്‌പേര്‍ട്ടും ബ്യൂട്ടി ഓതറുമായ വസുധ റായ് ആണ് ബീറ്റ്‌റൂട്ട്, കാരറ്റ്, നെല്ലിക്ക, മഞ്ഞള്‍, ഇഞ്ചി എന്നിവ ചേര്‍ത്തുണ്ടാക്കാവുന്ന ഈ ഗോഡസ് ഗ്ലോ ജ്യൂസിന്റെ റെസിപ്പി പങ്കുവെച്ചിട്ടുള്ളത്.

വലിപ്പത്തിന് അനുസരിച്ച് രണ്ടോ മൂന്നോ ബീറ്റ്‌റൂട്ട്, അഞ്ച് നെല്ലിക്ക, വലിപ്പത്തിന് അനുസരിച്ച് 6-8 കാരറ്റ്, ഒരു ചെറിയ കഷണം മഞ്ഞളും ഇഞ്ചിയും. ഇവ വൃത്തിയാക്കി ജ്യൂസറില്‍ അടിച്ചെടുക്കുകയേ വേണ്ടൂ. മേല്‍പ്പറഞ്ഞ അളവില്‍ ഉണ്ടാക്കുന്നത് രണ്ടുപേര്‍ക്ക് കുടിക്കാനുള്ളതുണ്ടാകും. വിറ്റാമിന്‍ സി കൊണ്ടും ആന്റി ഓക്‌സിഡന്റുകള്‍കൊണ്ടും സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ഇത് ചര്‍മത്തിന്റെ സ്വാഭാവിക തിളക്കത്തെ ഒന്നുകൂടി വര്‍ധിപ്പിക്കും. മാത്രമല്ല,  ബീറ്റ്‌റൂട്ടിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍, ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

വിറ്റാമിന്‍ എയാല്‍ സമൃദ്ധമാണ് കാരറ്റ്. ഇത് ചര്‍മകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ സഹായിക്കും. മാത്രമല്ല, ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാനും കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കും. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. പ്രായംകൂടുന്നതിന്റെ ഭാഗമായുണ്ടാകുന്ന പ്രത്യക്ഷമായ മാറ്റങ്ങളെ ചെറുക്കാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ സഹായിക്കും. മുഖക്കുരു ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അകറ്റാനും ഇത് നല്ലതാണ്. ഇഞ്ചിയുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മത്തിന് പ്രായംകൂടുന്നതിനെ തടയും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ ഇത് ആരോഗ്യമുള്ള ചര്‍മത്തിനും നല്ലതാണ്.

(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: juice for radiant skin