ഓർഡർ ചെയ്തത് 4000 രൂപയുടെ ഓംലെറ്റ്, വന്നത് 10,700 രൂപയുടേത് ! ; ഷെഫിന് പിഴ ചുമത്തി തായ് സർക്കാർ

ബാങ്കോക്ക് സട്രീറ്റ് ഫുഡുകളുടെ റാണി എന്നറിയപ്പെടുന്ന 82 വയസ്സുകാരിയായ ഷെഫ് ജേ ഫേ വാർത്തകളിൽ വീണ്ടും നിറയുകയാണ്. ജേയുടെ ഞണ്ട് നിറച്ച 4,000 ബാത്ത് (ഏകദേശം 10,700 രൂപ) വിലയുള്ള VVIP സ്‌പെഷ്യൽ' ക്രാബ് ഓംലെറ്റാണ് വിവാദത്തിന് പിന്നിൽ. തായ് യൂട്യൂബർ പീച്ചി പങ്കുവെച്ച മിഷെലിന്‍ സ്റ്റാര്‍ ലഭിച്ച തെരുവോര ഭക്ഷണശാലയില്‍ നിന്നുള്ള അനുഭവമാണ് ജേ ഫേയ്ക്ക് പിഴ ചുമത്താനുള്ള കാരണം.
പീച്ചിയും സുഹൃത്ത് മാർത്തയും ജേ ഫേയുടെ ബാങ്കോക്കിലെ റസ്റ്ററൻ്റിലെ സിഗ്നേച്ചർ ഓംലെറ്റ് ഓർഡർ ചെയ്തു. എന്നാൽ ബിൽ വന്നപ്പോൾ 1,500 ബാത്ത് എന്ന മുൻ വിലയിൽ നിന്ന് 4,000 ബാത്തായി വില വർധിച്ചത് ഇരുവരെയും ഞെട്ടിച്ചു. VVIP ഉപഭോക്താക്കൾക്കായി മാറ്റിവെച്ച പ്രീമിയം ഞണ്ട് ഉപയോഗിച്ചാണ് പീച്ചിക്ക് നൽകിയ ഓംലെറ്റ് തയ്യാറാക്കിയതെന്നായിരുന്നു റസ്റ്ററന്റ് ജീവനക്കാർ പിന്നീട് വിശദീകരിച്ചത്. എന്നാൽ, ഇതിനായി മുൻകൂട്ടി അനുവാദം ചോദിച്ചിരുന്നില്ലെന്ന് പീച്ചി പറഞ്ഞു. എക്സിൽ ഈ സംഭവം പങ്കുവെച്ചതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
പരാതിയേത്തുടർന്ന് തായ് വാണിജ്യ മന്ത്രി ജതുപോൺ ബുരുസ്‌പത്, ആഭ്യന്തര വ്യാപാര വകുപ്പിനോട് (DIT) അന്വേഷണത്തിന് ഉത്തരവിട്ടു. 82-കാരിയായ ഷെഫ് 2,000 ബാത്ത് പിഴ അടച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഭവത്തിന്റെ വില അമിതമാണോയെന്ന് നിർണയിക്കാൻ അന്വേഷണം തുടരുകയാണ്. തായ് ഉപഭോക്തൃ നിയമപ്രകാരം, അമിത വില ഈടാക്കിയാൽ ഏഴ് വർഷം വരെ തടവും 140,000 ബാത്ത് ( ഏകദേശം 3,77,300 രൂപ) വരെ പിഴ അല്ലെങ്കിൽ രണ്ടും ചേർത്തും ശിക്ഷയായി ലഭിക്കാം.
ചേരുവകളുടെയും വിലനിർണയം എങ്ങനെയന്നതിലും വിശദമായ വിശദീകരണം നൽകാൻ റസ്റ്ററൻ്റിനോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജേ ഫെയുടെ സ്ഥിരം കസ്റ്റമറായ ഡോ. പട്ടരാഫ ചദിതും പീച്ചിയുടെ ഒപ്പം റസ്റ്ററൻ്റിൽ പോയിരുന്നു. ജേ ഫേ പതിവ് ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് അവർക്കായി ഇഷ്ടാനുസൃത വിഭവങ്ങൾ തയാറാക്കാറുണ്ടെന്ന് ഇവർ ഒരു മാധ്യമത്തിനോട് പറഞ്ഞു. എന്നാൽ ഇക്കാര്യം താൻ തൻ്റെ സുഹൃത്തിനോട് പറയാതിരുന്നതിനാൽ ഉണ്ടായ തെറ്റിധാരണയാണ് സംഭവമെന്നും ഇവർ പറയുന്നു.
ഷെഫ് ജേ ഫേ
മിഷെലിന്‍ സ്റ്റാര്‍ ലഭിക്കുന്ന ആദ്യ തായ് സ്ട്രീറ്റ് ഫുഡ് ഭക്ഷണശാല ഉടമയാണ് ജേ ഫേ. ഏഷ്യയിലെ മികച്ച 50 റസ്റ്ററന്റിനുള്ള അവാര്‍ഡും ഇവരുടെ ഉടമസ്ഥതയിലുള്ള റാന്‍ ജേ ഫേ ഭക്ഷണശാലയ്ക്ക് സ്വന്തമാണ്. ബാങ്കോക്ക് സട്രീറ്റ് ഫുഡുകളുടെ റാണി എന്നറിയപ്പെടുന്ന 82 വയസ്സുകാരിയായ ഷെഫ് ജേ ഫേയാണ് ഇവിടുത്തെ ഓരോ വിഭവവും തയ്യാറാക്കുന്നത്. സുപിന്യ ജുന്‍സൂട്ട എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ബാങ്കോക്കിലെ തെരുവോര ഭക്ഷണകച്ചവടത്തിലെ പ്രധാനിയാണ് ചെഫ് ജെ ഫേ.
വ്യത്യസ്തമായ വിഭവങ്ങള്‍ മികച്ച രീതിയില്‍ വിളമ്പുന്ന ലോകോത്തര റസ്റ്ററന്റുകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് മിഷെലിന്‍ സ്റ്റാര്‍. പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, രുചിക്കൂട്ടുകളുടെ ചേര്‍ച്ച, പാചകരീതി, പാചകം ചെയ്യുന്ന ഷെഫിന്റെ വ്യക്തിത്വം എന്നിവ അടിസ്ഥാനമാക്കിയാണ് മിഷെലിന്‍ സ്റ്റാര്‍ അവാര്‍ഡുകള്‍ നല്‍കുന്നത്.
Content Highlights: 82-year-old Michelin-starred chef Jay Fai faces scrutiny over a $120 crab omelet