ഇന്ത്യൻ രുചികളറിഞ്ഞ് ജപ്പാൻ മന്ത്രി; ഫിൽറ്റർ കോഫിയും ഗുലാബ് ജാമുനും ആസ്വദിക്കുന്ന വീഡിയോ വൈറൽ

#Food Desk
Toshimitsu Motegi | Photo: https://x.com/moteging
Toshimitsu Motegi | Photo: https://x.com/moteging

ഇന്ത്യൻ രുചികൾ ആവോളം അറിഞ്ഞുകൊണ്ടാണ് ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. ന്യൂഡൽഹിയിൽ നടന്ന ക്വാഡ് (Quad) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മടങ്ങുന്നതിന് മുൻപായി, അദ്ദേഹം ഇന്ത്യയുടെ തനത് രുചികൾ ആസ്വദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

ഫിൽറ്റർ കോഫിയും ഗുലാബ് ജാമുനും

എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ, ഗുലാബ് ജാമുനും പരമ്പരാഗത ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫിയും അദ്ദേഹം ആസ്വദിക്കുന്നത് കാണാം. ഇന്ത്യയിലെ കോഫി സംസ്കാരത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇന്ത്യ പൊതുവെ ചായയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ കോഫിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ മുൻനിര കോഫി ഉൽപ്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന കാര്യവും അദ്ദേഹം എടുത്തുകാട്ടി.

തന്റെ നാട്ടുകാർക്ക് ഗുലാബ് ജാമുന്റെ രുചിയും സ്വഭാവവും മനസ്സിലാക്കി കൊടുക്കാൻ അതിനെ ഒരു "ഡോനട്ടിനോടാണ്" (doughnut) അദ്ദേഹം ഉപമിച്ചത്. "ഇന്ത്യയിലെ പരിപാടികൾ കഴിഞ്ഞ് എയർപോർട്ടിലേക്ക് പോവുകയാണ്. ഈ യാത്രയിൽ ഞാൻ 'സൗത്ത് ഇന്ത്യൻ സ്റ്റൈൽ കോഫിയും' ഇന്ത്യക്കാരുടെ പ്രധാന വിഭവമായ 'ഗുലാബ് ജാമുനും' ആസ്വദിച്ചു. ഇത് വളരെ മധുരമുള്ളതായിരുന്നു, ഇനി ജപ്പാനിലേക്ക് മടങ്ങുന്നു" അദ്ദേഹം കുറിച്ചു.

മൊട്ടേഗിയുടെ വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറി. ഗൗരവക്കാരനായ മന്ത്രിയുടെ ഈ മാറ്റം കണ്ട ജപ്പാൻകാരും ഇന്ത്യക്കാരും രസകരമായ കമന്റുകളുമായി രംഗത്തെത്തി.

"ഗൗരവക്കാരനായ മന്ത്രി 'ഇത് മധുരമുള്ളതാണ്' എന്ന് പറയുന്നത് കേൾക്കുമ്പോൾ അദ്ദേഹത്തെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്" എന്ന് ഒരു ഉപയോക്താവ് കുറിച്ചു. അടുത്ത തവണ വരുമ്പോൾ കാജു കത്‌ലി, രസഗുള അല്ലെങ്കിൽ കൊൽക്കത്തയിലെ റോഷോഗൊല്ല എന്നിവ തീർച്ചയായും പരീക്ഷിക്കണമെന്ന് ഇന്ത്യക്കാർ അദ്ദേഹത്തോടു സ്നേഹത്തോടെ നിർദ്ദേശിച്ചു.

വിദേശ പ്രതിനിധികൾ ഇന്ത്യയിലെത്തി ഇവിടുത്തെ തനത് ഭക്ഷണങ്ങൾ ആസ്വദിക്കുന്നത് ഇതാദ്യമല്ല. 2026-ലെ നിർമിത ബുദ്ധി (AI) ഉച്ചകോടിക്കായി എത്തിയ യുകെ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സമാനമായ രീതിയിൽ ഇന്ത്യൻ ഭക്ഷണങ്ങൾ ആസ്വദിച്ചിരുന്നു. 'സ്പൈസ് ഇറ്റ് അപ്പ് വിത്ത് സാം' എന്നറിയപ്പെടുന്ന കണ്ടെന്റ് ക്രിയേറ്ററായ സമീർ ബാവയ്‌ക്കൊപ്പം പോടികൾ, മിനി ഇഡ്‌ലി, വട, ഫിൽറ്റർ കോഫി എന്നിവ അദ്ദേഹം ആസ്വദിക്കുന്ന വീഡിയോയും മുൻപ് ശ്രദ്ധ നേടിയിരുന്നു.

Content Highlights: A heartwarming video of Japanese Foreign Minister Toshimitsu Motegi enjoying traditional South Indian filter coffee and Gulab Jamun in New Delhi after the Quad meeting has gone viral across social media platforms.