ഹൈദരാബാദി ബിരിയാണിയും വടാപാവും കഴിക്കുന്ന ജപ്പാന്‍ അംബാസഡര്‍; ഒരു വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 14 സംസ്ഥാനങ്ങള്‍

തനത് ഇന്ത്യന്‍ വിഭവങ്ങള്‍ പരീക്ഷിക്കുന്ന ജാപ്പനീസ് അംബാസഡറാണ് ഓനോ കെയ്ചി. മുംബൈയിലെ വടാ പാവും ഹൈദരാബാദിലെ ബിരിയാണിയും തുടങ്ങി ഇന്ത്യന്‍ വിഭവങ്ങള്‍ രുചിക്കുന്ന തന്റെ ചിത്രങ്ങള്‍ അദ്ദേഹംതന്നെ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടാറുണ്ട്.
ഇന്ത്യയിലെ ജപ്പാന്‍ അംബാസഡറായ ഓനോ കെയ്ചിക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുമ്പോള്‍ തനതായ പ്രാദേശിക വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ഏറെ ഇഷ്ടമാണ്. തെലങ്കാന സന്ദര്‍ശനത്തിനിടെ എടുത്ത ഒരു ചിത്രം അടുത്തിടെ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
പുതിന-യോഗട്ട് ചട്ണിയോടൊപ്പം മസാലകള്‍ നിറഞ്ഞ ഒരു പ്ലേറ്റ് ഹൈദരാബാദി ബിരിയാണി മുന്നില്‍ വെച്ച് ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്ന ഓനോ കെയ്ചിയെ ആ ഫോട്ടോയില്‍ കാണാം.
'തെലങ്കാന സന്ദര്‍ശന വേളയില്‍ ഹൈദരാബാദി ബിരിയാണി ആസ്വദിച്ചു. അതിലെ സമ്പന്നമായ മസാലകളും രുചികളും എന്നെ അത്ഭുതപ്പെടുത്തി- അസാധ്യ രുചി!' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒട്ടേറെപ്പേര്‍ ഓനോ കെയ്ചിയുടെ പോസ്റ്റിന് കമന്റുകളുമായെത്തി. 'നിങ്ങളാണ് എന്റെ പ്രിയപ്പെട്ട അംബാസഡര്‍,' എന്നും 'ഞങ്ങള്‍ ജപ്പാന്‍ സന്ദര്‍ശിക്കുകയും നിങ്ങളുടെ വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്,' എന്നുമെല്ലാം പറഞ്ഞുകൊണ്ട് ചിലര്‍ പ്രതികരിച്ചു. മറ്റൊരാളാകട്ടെ അദ്ദേഹത്തെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. അരക്ക് താഴ്‌വര, വൈസാഖ് ബീച്ച്, കോനസീമ, ഗോദാവരി നദി എന്നിവ കാണാനും തങ്ങളുടെ ഭക്ഷണം രുചിക്കാനും ഓനോ കെയ്ചിയോട് അഭ്യര്‍ഥിച്ചു.
ഇതിനു മുന്‍പ്, ഓനോ കെയ്ചി മുംബൈ സന്ദര്‍ശിച്ചിരുന്നു. അവിടെ അദ്ദേഹം പ്രശസ്തമായ ആരാം വടാ പാവ് കടയില്‍ നിന്ന് വട പാവ് കഴിക്കുകയും ചെയ്തു. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (CSMT) എന്ന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളിലൊന്നിന് മുന്നില്‍ നിന്ന് ഓനോ കെയ്ചി ഈ പലഹാരം ആസ്വദിക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു.
ഖാണ്ഡ്വി, ധോക്ല, പത്ര, ദഹി പൂരി, ഹാന്‍ഡ്വോ തുടങ്ങിയ പരമ്പരാഗത ഗുജറാത്തി വിഭവങ്ങളും ബീഹാറിലെ പ്രശസ്തമായ ലിട്ടി ചോഖയും ചെന്നൈയിലെ ഭക്ഷണവുമെല്ലാം ഓനോ കെയ്ചിയുടെ ഇന്ത്യയിലെ ഭക്ഷണ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
മൂന്നാഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഒരു വര്‍ഷം ചെലവഴിച്ചതിനെക്കുറിച്ച് അദ്ദേഹം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സൗഹൃദത്തിന്റെയും കണ്ടെത്തലിന്റെയും ഒരു യാത്ര എന്നാണ് തന്റെ ഇന്ത്യയിലെ ജീവിതത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
'14 സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു, പ്രാദേശിക വിഭവങ്ങള്‍ ആസ്വദിക്കുകയും ഒരുപാട് നല്ല ആളുകളെ കണ്ടുമുട്ടുകയും ചെയ്തു. ഇനിയും ഒരുപാട് യാത്രകള്‍ക്കായി കാത്തിരിക്കുന്നു!, ഇന്ത്യയിലെ തന്റെ നല്ല നിമിഷങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം' അന്ന് അദ്ദേഹം കുറിച്ചു.
നേരത്തെ, ഇന്ത്യയിലെ ജപ്പാന്‍ സ്ഥാനപതി ഓനോ കെയ്ചി, ജപ്പാന്‍-ആന്ധ്രാപ്രദേശ് ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയിരുന്നു.
Content Highlights: Japan`s Ambassador Ono Keiichi explores India`s diverse culinary landscape, savoring Hyderabadi Biryani and Mumbai Vada Pav.