കൂടുതൽ പ്രോട്ടീൻ മുട്ടയിലോ, സോയയിലോ? ചൂടേറിയ ചർച്ചയ്ക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്

#Lifestyle desk
പ്രതീകാത്മക ചിത്രം|Photo: canva.com
പ്രതീകാത്മക ചിത്രം|Photo: canva.com

കൊൽക്കത്ത കോർപ്പറേഷൻ പരിധിയിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് ഇസ്‌കോൺ മുൻ വൈസ് പ്രസിഡന്റും വക്താവുമായ രാധാരാമൻ ദാസ് പങ്കുവെച്ച ഒരു എക്‌സ് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

100 ഗ്രാം മുട്ടയിൽ 13 ഗ്രാം പ്രോട്ടീൻ ഉള്ളപ്പോൾ 100 ഗ്രാം സോയാ ചങ്ക്‌സിൽ 52-54 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നും സസ്യാഹാരം കഴിക്കുന്നവർക്ക് കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, ഈ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു. സോയാ ചങ്ക്‌സ് അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുട്ടയുടെ പോഷകഗുണങ്ങൾ താരതമ്യപ്പെടുത്താനാകില്ലെന്നുമായിരുന്നു മറുവാദം.

വിവാദത്തെ തുടർന്ന് രാധാരാമൻ ദാസിനെ ഇസ്‌കോൺ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. എന്നാൽ ശരിക്കും മുട്ടയിലാണോ സോയയിലാണോ കൂടുതൽ പ്രോട്ടീൻ അടങ്ങിരിക്കുന്നതെന്ന് നോക്കാം. 

ഉദാഹരണത്തിന്, ഒരു മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഒരു നേരം കഴിക്കുന്ന മീനിൽ 20-25 ഗ്രാം വരെയും ഒരു ബൗൾ വേവിച്ച പരിപ്പിൽ ഏകദേശം 7-9 ഗ്രാം വരെയും പ്രോട്ടീൻ ലഭിക്കും. ടോഫു, സോയാ ചങ്ക്‌സ് തുടങ്ങിയ സോയ ഉൽപ്പന്നങ്ങൾ സസ്യാഹാരങ്ങളിലെ ഏറ്റവും മികച്ച പ്രോട്ടീൻ സ്രോതസ്സുകളിൽ പെട്ടവയാണ്. ആഹാരം പച്ചയാണോ, വേവിച്ചതാണോ, അതോ പ്രോസസ്സ് ചെയ്തതാണോ എന്നതിനെ ആശ്രയിച്ച് പ്രോട്ടീന്റെ അളവിൽ മാറ്റങ്ങൾ വരാം

  • സസ്യാഹാരവും പ്രോട്ടീനും: സോയ ഉൽപ്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവയിലൂടെ സസ്യാഹാരികൾക്ക് ആവശ്യമായ പ്രോട്ടീൻ കൃത്യമായി ലഭിക്കും.
  • യഥാർത്ഥ അളവ് പ്രധാനം: 100 ഗ്രാം അടിസ്ഥാനമാക്കിയാണ് ശാസ്ത്രീയ താരതമ്യങ്ങൾ നടത്തുന്നതെങ്കിലും, പ്രായോഗികമായി ആളുകൾ കഴിക്കുന്ന അളവിലാണ് കാര്യം. ഒരു മുട്ടയിൽ 6-7 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുമ്പോൾ, ഒരു ബൗൾ വേവിച്ച പരിപ്പിൽ 7-9 ഗ്രാം പ്രോട്ടീൻ ലഭിക്കും.

  • പ്രതിദിന ആവശ്യകത: ICMR-NIN(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ) മാനദണ്ഡങ്ങൾ പ്രകാരം ആരോഗ്യവാമുള്ള ഒരു വ്യക്തിക്ക് ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 മുതൽ ഒരു ഗ്രാം വരെ പ്രോട്ടീൻ ദിവസവും ആവശ്യമാണ് (ഉദാഹരണത്തിന് 60 കിലോ ഭാരമുള്ള ഒരാൾക്ക് 48-60 ഗ്രാം പ്രോട്ടീൻ).

പ്രോട്ടീൻ അമിതമാകുന്നതിനേക്കാൾ, സമീകൃതാഹാരത്തിലൂടെ ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം വിവിധ സ്രോതസ്സുകളിൽ നിന്ന് ഇത് നേടിയെടുക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ മീൻ മികച്ച പ്രോട്ടീൻ സ്രോതസാണ്.

പാലും മുട്ടയും

പാല്, തൈര്, മുട്ട എന്നിവയെല്ലാം പ്രോട്ടീൻ സമ്പന്നമായ ആഹാരമാണ്. അയൺ, വിറ്റാമിൻ ബി-12, ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയെല്ലാം ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 

ധാന്യങ്ങൾ

സസ്യാഹാരപ്രിയർക്കും കഴിക്കാവുന്ന ആഹാരമാണ് ധാന്യങ്ങൾ. പ്രോട്ടീന് പുറമെ സിങ്ക്, ഫൈബർ, അയൺ, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവയെല്ലാം ധാന്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

സോയ

പ്രോട്ടീന്റെ മികച്ചൊരു സ്രോതസ്സാണ് സോയ. ഒപ്പം അയൺ, സിങ്ക്, ഫോളേറ്റ് എന്നിവയെല്ലാം സോയയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. സോയാബീനും അതിൽ നിന്നുള്ള ഉത്പന്നങ്ങളുമെല്ലാം പ്രോട്ടീന്റെ കലവറയാണ്. സോയ പാൽ, ടോഫു തുടങ്ങിയവ ദിവസവും ആഹാരക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കലോറി തീരെ കുറഞ്ഞ സോയ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സോയ മികച്ച സ്രോതസ്സാണ്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടേണ്ടതാണ്)

Content Highlights: Following a viral controversy comparing the protein content of eggs and soy chunks in school midday meals, ISKCON has sent its spokesperson Radharamn Das on compulsory leave.