'കൊറിയയില്‍ സസ്യാഹാരം കിട്ടാന്‍ പ്രയാസം'; അനുഭവം പറഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ഥിനി, വീഡിയോ

ഖുഷി | Photo: Instagram/khushiiiii_sy16
ഖുഷി | Photo: Instagram/khushiiiii_sy16

ദക്ഷിണ കൊറിയയില്‍ സസ്യാഹാരം ദുര്‍ലഭമാണെന്ന് വിശദീകരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നു. ഖുഷി എന്ന പെണ്‍കുട്ടിയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചത്. കഴിക്കാന്‍ വെജിറ്റേറിയന്‍ ഭക്ഷണം കിട്ടാത്തതിനെ കുറിച്ച് കൊറിയന്‍ ഭാഷയില്‍ തന്റെ സുഹൃത്തിനോട് വിശദീകരിക്കുന്നത് വീഡിയോയില്‍ കാണാം.

കൊറിയയിലെ സാധാരണ ഭക്ഷണങ്ങളായ പന്നിയിറച്ചിയും ബീഫും എന്തുകൊണ്ട് തനിക്ക് കഴിക്കാന്‍ കഴിയില്ലെന്ന് ഖുഷി വിശദമാക്കുന്നു. കൊറിയന്‍ വിഭവങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, കൊറിയയില്‍ ലഭ്യമായ തനതായ ഭക്ഷണങ്ങളില്‍ സസ്യാഹാര വിഭവങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന സൂചന വീഡിയോ നല്‍കുന്നുണ്ട്. 

'ഞാന്‍ ഇന്ത്യക്കാരിയായതുകൊണ്ട്, എന്റെ മതവിശ്വാസം കാരണം എനിക്ക് പന്നിയിറച്ചിയും ബീഫും കഴിക്കാന്‍ കഴിയില്ല. ചിക്കന്‍ കഴിക്കുന്നതില്‍ കുഴപ്പമില്ല, പക്ഷേ കുട്ടിക്കാലം മുതല്‍ അമ്മ എന്നെ അത് കഴിപ്പിച്ചു ശീലിപ്പിച്ചിട്ടില്ല, അതിനാല്‍ എനിക്കിപ്പോള്‍ അതും കഴിക്കാന്‍ സാധിക്കില്ല. പക്ഷെ ഞാന്‍ മുട്ട കഴിക്കുമായിരുന്നു, അതിനാല്‍ എനിക്കിവിടെ മുട്ട കഴിക്കാം', ഖുഷി പറയുന്നു. 

കൊറിയയില്‍ താന്‍ പച്ചക്കറികള്‍ മാത്രമാണ് കഴിക്കുന്നതെന്നും, ഇത് പലര്‍ക്കും ഞെട്ടലുണ്ടാക്കുന്നുവെന്നും ഖുഷി പറയുന്നുണ്ട്. 'പച്ചക്കറികള്‍ മാത്രം കഴിച്ച് ഞാന്‍ ഇവിടെ ജീവിക്കുന്നു എന്ന് പറയുമ്പോള്‍ ഇവിടുത്തെ ആളുകള്‍ക്ക് ഞെട്ടലാണ്. കൊറിയയില്‍ അധികം സസ്യാഹാര വിഭവങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ എനിക്കിത് വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ കഫേകളില്‍ പോകാറുണ്ട്, പക്ഷെ എനിക്ക് കോഫിയും ഇഷ്ടമല്ലാത്തതുകൊണ്ട് അതും കുടിക്കാന്‍ കഴിയില്ല. കൊറിയയിലെ ബേക്കറികള്‍ എനിക്ക് ഇഷ്ടമാണ്. ഇവിടുത്തെ ബ്രഡ്ഡുകള്‍ രുചികരമാണ്. പക്ഷെ അതിന് മധുരം കൂടുതലാണ്', ഖുഷി പറയുന്നു.

'കൊറിയയില്‍ ഒരു സസ്യാഹാരിയായിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒരു കൊറിയക്കാരനോട് പറയുന്നു' എന്ന് വീഡിയോയില്‍ കുറിച്ചിട്ടുണ്ട്. 'എനിക്ക് വെണ്ടയ്ക്ക കഴിക്കാന്‍ കൊതിയാകുന്നു' എന്ന് അടിക്കുറിപ്പ് നല്‍കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഒട്ടേറെപ്പേര്‍ വീഡിയോക്ക് കമന്റുകളുമായെത്തി. ഖുഷിയുടെ കൊറിയന്‍ ഉച്ചാരണത്തെ പ്രശംസിച്ചും ഭക്ഷണകാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 

Content Highlights: An Indian student`s video about the scarcity of vegetarian food in South Korea goes viral