വ്യാപാരക്കരാര്‍: ചോക്ലേറ്റും ബിസ്‌ക്കറ്റും മുതല്‍ വിസ്‌കിക്കുവരെ വിലകുറയും, എന്നാല്‍ എത്രവരെ

മൂന്ന് വര്‍ഷമായി ചര്‍ച്ചനടന്ന വ്യാപാരക്കരാറിലാണ് ഈ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും ഒപ്പിട്ടത്. യു.കെയുമായി സ്വതന്ത്രവ്യാപാരക്കരാറില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ട് രാജ്യങ്ങളിലേയും വ്യാപാരം പ്രതിവര്‍ഷം 34 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി തീരുവ ഗണ്യമായി കുറയുന്നതിന്റെ ആനുകൂല്യം ലഭിക്കുന്ന ഉത്പന്നങ്ങളില്‍ ചോക്ലേറ്റ്, ബിസ്‌കറ്റ്, സാല്‍മണ്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യവും ഉള്‍പ്പെടും.
വ്യാപാരക്കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനിലെ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് വിസ്‌കിയും മറ്റ് ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് എളുപ്പമാകും. വിസ്‌കി, ജിന്‍ എന്നിവയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. പത്ത് വര്‍ഷത്തിന് ശേഷം തീരുവ 40 ശതമാനമാവും. ഇറക്കുമതി തീരുവയിലുണ്ടാവുന്ന മാറ്റം ഇന്ത്യന്‍ വിപണിയില്‍ ബ്രിട്ടന് മറ്റ് അന്താരാഷ്ട്ര എതിരാളികളേക്കാള്‍ മുന്‍തൂക്കം നല്‍കും.
ഇന്ത്യന്‍ ആല്‍ക്കഹോളിക് ബെവറേജസ് മേഖലയിലെ ചരിത്ര നിമിഷമായി വ്യാപാരക്കരാര്‍ മാറിയെന്നാണ് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അഭിപ്രായം. മുന്തിയ ഇനം അന്താരാഷ്ട്ര മദ്യം ഉപഭോക്താക്കള്‍ക്ക് കൂടുതലായി ലഭിക്കാന്‍ സഹായിക്കും. ഇത് 'പ്രീമിയവല്‍ക്കരണം' എന്ന പ്രവണത വേഗത്തിലാക്കും. സംസ്ഥാനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുകയും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്യും.
കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെങ്കിലും വിലക്കുറവിന്റെ കാര്യത്തില്‍ കാര്യമായ നേട്ടം ഉണ്ടാവില്ല എന്ന് വ്യവസായ വിദഗ്ദ്ധര്‍ക്ക് അഭിപ്രായമുണ്ട്. നികുതി കുറയുന്നതിന് ആനുപാതികമായി ഉപഭോക്താക്കള്‍ക്ക് അതിനനുസരിച്ചുള്ള വിലക്കുറവ് വിക്‌സിക്ക് ലഭിക്കുമോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.. മദ്യത്തിന്റെ പ്രധാന നികുതികള്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. എല്ലാ കസ്റ്റംസ് തീരുവകളും ഒഴിവാക്കിയാലും സ്‌കോച്ച് വിസ്‌കിയുടെ വിലയില്‍ കുപ്പിക്ക് നൂറ് മുതല്‍ മുന്നൂറ് രൂപ വരെയുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ബ്രിട്ടന്റെ ശീതള പാനീയങ്ങള്‍, ചോക്ലേറ്റ്, കോസ്‌മെറ്റിക്‌സ്, ബിസ്‌കറ്റ്, സാല്‍മണ്‍ എന്നിവയുടെ ശരാശരി തീരുവ പതിനഞ്ചില്‍ നിന്ന് മൂന്ന് ശതമാനമായി കുറയും. ഇലക്രിക് വാഹനങ്ങളുടെ തീരുവയിലും കാര്യമായ മാറ്റങ്ങളുണ്ട്.
Content Highlights: India & UK sign historic trade deal, slashing tariffs on whisky, chocolate, biscuits, and more.