ഇറ്റാലിയന്‍ വിഭവമുണ്ടാക്കി അശ്വിക ; 12-ാം വയസില്‍ രാജ്യാന്തര പാചകമത്സരത്തിലേക്ക്

കൊരട്ടി: അമ്മയുടെ പാചക നൈപുണ്യവും അച്ഛന്‍ പകര്‍ന്ന പാചക പാഠങ്ങളും സ്വയം പരിശ്രമവും ചേര്‍ത്തുവെച്ചപ്പോള്‍ ആറാംക്ലാസുകാരിക്ക് മുന്‍പില്‍ തുറന്നത് രാജ്യാന്തര പാചകമത്സരത്തിലേക്കുള്ള വാതില്‍. മുരിങ്ങൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ പബ്ലിക് സ്‌കൂളിലെ വി.എ. അശ്വികയാണ് നേട്ടത്തിനുടമ. സംസ്ഥാനതലത്തില്‍നടന്ന ഇന്ത്യ സ്‌കില്‍സ് കേരള കുക്കിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് 12 വയസ്സുകാരി രാജ്യാന്തര മത്സരത്തിന് അര്‍ഹത നേടിയത്.
സംസ്ഥാനതല മത്സരത്തില്‍ അശ്വിക ഒരുക്കിയ ഇറ്റാലിയന്‍ വിഭവമാണ് ഒന്നാം സ്ഥാനം നേടിയത്. കുട്ടിക്കാലം മുതലേ പാചകത്തോട് താത്പര്യമുള്ള അശ്വികയുടെ വീഡിയോകള്‍ക്കായുള്ള പരീക്ഷണങ്ങളും മത്സരത്തില്‍ മുന്നിലെത്താന്‍ വഴിയൊരുക്കി. ലോകനിലവാരത്തില്‍ 21 വയസ്സിന് താഴെയുള്ളവരുടെ പാചകകലയിലേതുള്‍പ്പെടെ വൈവിധ്യം അളക്കുന്ന മത്സരം മണിപ്പാലിലാണ് നടക്കുന്നത്. രണ്ടുവര്‍ഷമായി വീട്ടിലെ അടുക്കളയില്‍ വിവിധയിനം രൂചിക്കൂട്ടുകളൊരുക്കി മത്സരത്തിനുള്ള ഒരുക്കത്തിലായിരുന്നു ഈ കൊച്ചുമിടുക്കി.
വൈദേശിക രുചിക്കൂട്ടുകളെ പോലെ നാടന്‍ വിഭവങ്ങളൊരുക്കിയും അശ്വിക ശ്രദ്ധനേടിയിട്ടുണ്ട്. മണിപ്പാലിലെ മത്സരത്തിന് പോകാനുള്ള യാത്രാച്ചെലവുകളെല്ലാം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. മാള ഐ.ടി.ഐ.യിലെ ഫുഡ് ടെക്‌നോളജി വിഭാഗം സീനിയര്‍ ഇന്‍സ്ട്രക്ടറായ കൊരട്ടി സ്വദേശി അജിത്ത്ലാലിന്റെയും ആതിരയുടെയും മകളാണ് അശ്വിക.
Content Highlights: india skills kerala state level cooking competition winner ashvika