മാമ്പഴപ്രിയരാണോ ? കൃത്രിമമായി പാകമാക്കിയ മാമ്പഴം തിരിച്ചറിയാം

മാമ്പഴത്തിന്റെ സീസണ്‍ ആയതോടെ എവിടെ നോക്കിയാലും മാമ്പഴമാണ്. കടകളിലും വഴിയോരങ്ങളിലുമെല്ലാം മാമ്പഴത്തിന്റെ വലിയ ശേഖരമാണുള്ളത്.
എന്നാല്‍ മാമ്പഴം വാങ്ങുന്നതിന് മുന്‍പ് ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കൃത്രിമമായി പഴുപ്പിച്ച മാമ്പഴം ഇന്ന് വ്യാപകമായി വില്‍ക്കുന്നുണ്ട്.
കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴങ്ങള്‍ കൃത്രിമമായി പാകപ്പെടുത്തുന്നതിനെതിരെ ഭക്ഷ്യ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നതില്‍ നിന്ന് 'ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
തലകറക്കം, ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദി, ചര്‍മത്തിലെ അള്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. കൃത്രിമമായി പഴുത്ത മാമ്പഴം എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
കൃത്രിമമായി പാകമാക്കിയ മാങ്ങയ്ക്ക് ഒരു നിറമുണ്ട്. സ്വാഭാവികമായും പഴുത്ത മാമ്പഴങ്ങളേക്കാള്‍ കൂടുതല്‍ മഞ്ഞയോ ഓറഞ്ചോ ആയിരിക്കുമിത്. രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നത് കാരണം മാമ്പഴത്തിന്റെ തൊലിയ്ക്ക് കൂടുതല്‍ ഭംഗിയുള്ളതായി തോന്നിക്കും.
സ്വാഭാവികമായി പഴുത്തു പാകമായ മാമ്പഴത്തിന് മധുരവും മണമുണ്ടാകും. അതേസമയം കൃത്രിമമായി പാകപ്പെടുത്തിയ മാമ്പഴത്തിന് രാസവസ്തുക്കളുടേതോ വ്യത്യസ്തമായതോ ആയ ഗന്ധമോ ആയിരിക്കും. മാമ്പഴത്തിന് പ്രത്യേക തരത്തിലുള്ള മണമുണ്ടെങ്കില്‍ അത് കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം.
കൃത്രിമമായി പാകമായ മാമ്പഴം സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാള്‍ മൃദുവായിരിക്കും. കാരണം പാകമാക്കുന്ന പ്രക്രിയയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മാമ്പഴത്തിന്റെ തൊലിയെ മൃദുവാക്കും.
കൃത്രിമമായി പഴുത്ത മാമ്പഴത്തിന് രാസവസ്തുക്കളുടെ ഉപയോഗം മൂലം ചതഞ്ഞ പാടുകള്‍ പോലുള്ള ബാഹ്യമായ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയേറും. മാമ്പഴത്തിന് രുചി കുറയുകയോ വ്യത്യസ്തമായ രുചിയോ ഉണ്ടെങ്കിലോ അത് കൃത്രിമമായി പാകപ്പെടുത്തിയതാകും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ട് മാമ്പഴം വാങ്ങാം.
Content Highlights: This is how you can identify artificially ripened mangoes