തണുപ്പ് കാലമാണെന്ന് കരുതി കൂടുതല്‍ ഹോട്ട് ചോക്ലേറ്റ് കുടിക്കേണ്ട; ഗുണങ്ങളും ദോഷങ്ങളും അറിയാം

ശൈത്യകാലത്ത് കഴിക്കാന്‍ ചൂടുള്ള ഭക്ഷണങ്ങളാണ് മിക്കവരും തിരഞ്ഞെടുക്കാറ്. ചായ, കാപ്പി, തുടങ്ങി കുടിക്കാന്‍ ചൂടുള്ള പാനീയങ്ങള്‍ തിരഞ്ഞെടുക്കുന്നവരും വിരളമല്ല. ഈ സമയത്ത് സ്ഥിരമായി ഹോട്ട് ചോക്ലേറ്റ് കഴിക്കുന്നവരാണോ നിങ്ങള്‍? ഇതിനെ ആരോഗ്യപരമായി ദോഷമില്ലാത്ത പാനീയമായി കണക്കാക്കുന്നവര്‍ ഒട്ടും കുറവല്ല.
ഹോട്ട് ചോക്ലേറ്റില്‍ ഉയര്‍ന്ന കലോറിയുള്ള പല ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് തീര്‍ത്തും ആരോഗ്യകരമായ പാനീയമല്ല എന്നതാണ് വസ്തുത.
പോഷകഗുണങ്ങളുള്ള കൊക്കോയില്‍നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. വിശപ്പും ഇഷ്ടവും ഉള്ളതുകൊണ്ടു മാത്രമല്ല മാനസികമായ ആശ്വാസത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും തണുപ്പുകാലത്ത് ധാരാളമായി ആളുകള്‍ ഹോട്ട് ചോക്ലേറ്റ് കുടിക്കാറുണ്ട്. ഉയര്‍ന്ന കലോറി അടങ്ങിയ ഈ പാനീയം ഊര്‍ജം നല്‍കുകയും എന്‍ഡോര്‍ഫിനുകളുടെയും സെറോടോണിന്റെയും ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഹോട്ട് ചോക്ലേറ്റില്‍ കാപ്പി പോലുള്ള പല ചേരുവകളും അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന കലോറി അടങ്ങിയതും അത്ര ആരോഗ്യകരമല്ലാത്തതുമായ ഒരു പാനീയമാക്കി അതിനെ മാറ്റുന്നു. ശുദ്ധമായ കാപ്പിപ്പൊടിയും കുറഞ്ഞ അളവില്‍ പഞ്ചസാര ചേര്‍ത്തും ഹോട്ട് ചോക്ലേറ്റിനെ ആരോഗ്യപരമായ രീതിയില്‍ ഭക്ഷ്യയോഗ്യമാക്കാം. ഡാര്‍ക്ക് ചോക്ലേറ്റും ഉപയോഗിക്കാം. ഹോട്ട് ചോക്ലറ്റിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ആന്റിഓക്‌സിഡന്റുകള്‍
ഹോട്ട് ചോക്ലേറ്റിലെ കൊക്കോയില്‍ ഫ്‌ളാവനോയിഡുകള്‍ പോലുള്ള ഉയര്‍ന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും ഇന്‍ഫ്‌ളമേഷനും കുറയ്ക്കാന്‍ സഹായിക്കുന്നു.
ഹൃദയാരോഗ്യം
ഫ്‌ളാവനോയിഡുകള്‍ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം കുറയ്ക്കാനും നൈട്രിക് ഓക്‌സൈഡിന്റെ അളവ് വര്‍ധിപ്പിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയുടെ അപകടസാധ്യത കുറച്ചേക്കാം.
മാനസികാവസ്ഥയും സമ്മര്‍ദവും
ഫെനൈലെത്തൈലമൈന്‍, തിയോബ്രോമൈന്‍, ട്രിപ്‌റ്റോഫാന്‍ പോലുള്ള സംയുക്തങ്ങള്‍ എന്‍ഡോര്‍ഫിന്‍ റിലീസ് ചെയ്യാന്‍ കാരണമാകുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. വൈകാരികമായി സമ്മര്‍ദം നേരിടുന്ന സമയങ്ങളില്‍ പലരും കഴിക്കാന്‍ ഹോട്ട് ചോക്ലേറ്റ് തിരഞ്ഞെടുക്കാറുണ്ട്.
പോഷകങ്ങള്‍
ഹോട്ട് ചോക്ലേറ്റില്‍ മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം നാഡികളുടെ പ്രവര്‍ത്തനത്തിനും, ഇരുമ്പ് ഓക്‌സിജന്‍ വഹിക്കുന്നതിനും, സിങ്ക് പ്രതിരോധശേഷിക്കും സഹായിക്കുന്നു. പാല്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നതെങ്കില്‍, എല്ലുകള്‍ക്ക് പ്രോട്ടീനും വിറ്റാമിന്‍ ഡിയും ലഭിക്കും. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയസംബന്ധമായ ആരോഗ്യത്തിനും നല്ലതാണ്.
ഹോട്ട് ചോക്ലറ്റിന്റെ പാര്‍ശ്വഫലങ്ങള്‍
അമിതമായ പഞ്ചസാര, കഫീന്‍, കൊഴുപ്പ്, അഡിറ്റീവുകള്‍ എന്നിവ കാരണം ഹോട്ട് ചോക്ലറ്റിന് ചില പാര്‍ശ്വഫലങ്ങളും ഉണ്ട്. അതിനാല്‍, പ്രതിദിനം പരമാവധി ഒരു കപ്പ് മാത്രം അല്ലെങ്കില്‍ മിതമായ അളവില്‍ കുടിക്കുക. ഇത് അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഉയര്‍ന്ന കലോറിയും പഞ്ചസാരയും
ഹോട്ട് ചോക്ലേറ്റിന്റെ പ്രീമെയ്ഡ് മിക്‌സുകളില്‍ ഉള്ള അമിതമായ പഞ്ചസാരയും കലോറിയും ശരീരഭാരം വര്‍ധിക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും. വീട്ടില്‍ തയ്യാറാക്കുന്ന ഹോട്ട് ചോക്ലേറ്റുകളിലും പഞ്ചസാര ചേര്‍ക്കാറുണ്ട്.
ശരീരഭാരം കൂട്ടുന്നു
കൊഴുപ്പുള്ള പാല്‍, ക്രീം, പഞ്ചസാര എന്നിവയെല്ലാം ഉപയോഗിച്ച് തയ്യാറാക്കുന്ന ഹോട്ട് ചോക്ലേറ്റ് ഒരു കപ്പ് എടുത്താല്‍ അത് 200-500 കലോറിയില്‍ കൂടുതലുണ്ടാകും. അളവ് അറിഞ്ഞ് കുടിച്ചില്ലെങ്കില്‍ ഇത് ശരീരഭാരം കൂട്ടിയേക്കാം.
കഫീന്‍
കൊക്കോയിലെ തിയോബ്രോമൈന്‍, കഫീന്‍ (ഒരു കപ്പില്‍ ഏകദേശം 5-25mg) എന്നിവ സെന്‍സിറ്റീവ് ആയ ആളുകളില്‍ പരിഭ്രമം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവ ഉണ്ടാക്കിയേക്കാം.
ദഹന പ്രശ്‌നങ്ങള്‍
ഹോട്ട് ചോക്ലേറ്റിലെ അമിതമായ കൊഴുപ്പും പാലുത്പന്നങ്ങളും വയറുവേദന, ഓക്കാനം, ഗ്യാസ്, മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാക്കിയേക്കാം. ചിലരില്‍ അവ അസിഡിറ്റിക്ക് കാരണമായേക്കാം.
അലര്‍ജിയും നാഡീ സംബന്ധമായ പ്രശ്‌നങ്ങളും
ടൈറാമിന്‍, ഹിസ്റ്റാമിന്‍ തുടങ്ങിയ കൊക്കോയിലെ സംയുക്തങ്ങള്‍ സെന്‍സിറ്റീവ് ആയ വ്യക്തികളില്‍ മൈഗ്രേന്‍, ചര്‍മത്തിലെ ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവ ഉണ്ടാക്കിയേക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover if hot chocolate is a healthy winter drink. Explore its benefits like antioxidants and mood boost, plus potential side effects of sugar, caffeine, and calories.